ഏറ്റുമാനൂരിലെ മാലിന്യ പ്ളാന്‍റുകള്‍ പൂട്ടിയതിന് നഗരസഭ കൗണ്‍സിലിന്‍െറ അംഗീകാരം

ഏറ്റുമാനൂര്‍: ഏറ്റുമാനൂരിലെ മാലിന്യ സംസ്കരണ പ്ളാന്‍റുകള്‍ അടച്ചു പൂട്ടിയ നടപടിക്ക് നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്‍കി. മത്സ്യമാര്‍ക്കറ്റിലെ മാലിന്യം സംസ്കരിക്കാന്‍ ലക്ഷ്യമിട്ട് 2015 ഒക്ടോബറില്‍ 28 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ബയോ ഗ്യാസ് പ്ളാന്‍റിന്‍െറ പ്രവര്‍ത്തനമാണ് മൂന്നാഴ്ച മുമ്പ് നിര്‍ത്തിവെച്ചത്. നഗരസഭ ആസ്ഥാനത്തിനും മാര്‍ക്കറ്റിനും സമീപം സ്ഥിതി ചെയ്യുന്ന ചപ്പുചവറുകള്‍ കത്തിച്ചുകളയുന്ന പ്ളാന്‍റ് ഒരാഴ്ച മുമ്പും അടച്ചുപൂട്ടി. ചൊവ്വാഴ്ച ചേര്‍ന്ന കൗണ്‍സിലില്‍ ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ഇത് സംബന്ധിച്ച് അവതരിപ്പിച്ച റിപ്പോര്‍ട്ട് യോഗം പാസാക്കുകയായിരുന്നു. ജൈവമാലിന്യ സംസ്കരണ പ്ളാന്‍റ് പ്രവര്‍ത്തിപ്പിക്കാന്‍ നിര്‍ദിഷ്ട ഏജന്‍സിയില്‍നിന്നുള്ള രണ്ട് ജീവനക്കാര്‍ക്ക് നഗരസഭയായിരുന്നു വേതനം നല്‍കിയിരുന്നത്. ഇവരെ പിരിച്ചുവിട്ട നടപടി ശരിവെക്കുകയും ഇവര്‍ക്കുള്ള വേതനം നഗരസഭ കൊടുക്കേണ്ടെന്ന് തീരുമാനിക്കുകയും ചെയ്തു. വ്യാപാരികളുടെ പരാതിയെ തുടര്‍ന്നാണ് ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി പ്ളാന്‍റ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച ചര്‍ച്ചക്ക് ഡിസംബര്‍ നാലിന് വ്യാപാരികളുടെ യോഗം വിളിച്ചിട്ടുണ്ട്. നിലവില്‍ സ്വന്തം നിലയില്‍ മാലിന്യം സംസ്കരിക്കാന്‍ നഗരസഭ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.