തീര്‍ഥാടകരെ വരവേല്‍ക്കാന്‍ ഒരുക്കങ്ങളായി

കോട്ടയം: അയ്യപ്പഭക്തരുടെ ശരണംവിളികളാല്‍ മുഖരിതമായ ദിനങ്ങളാണ് വരുന്നത്. 16ന് തുടങ്ങുന്ന ശബരിമല തീര്‍ഥാടനത്തിന് എത്തുന്ന ഭക്തരെ സഹായിക്കാന്‍ ജില്ലയിലെ വിവിധ സംഘടനകളുടെയും വകുപ്പുകളുടെയും ഒരുക്കങ്ങളായി. അപകടത്തില്‍പ്പെട്ടും അസുഖം ബാധിച്ചും കോട്ടയം മെഡിക്കല്‍ കോളജിലത്തെുന്ന തീര്‍ഥാടകരെ സഹായിക്കാന്‍ സേവനക്യാമ്പ് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തിന് സമീപം ആരംഭിക്കും. പൊലീസ്-റവന്യൂ വകുപ്പുകള്‍ക്കൊപ്പം യാത്ര സുഗമമാക്കാന്‍ കെ.എസ്.ആര്‍.ടി.സിയുമുണ്ട്. ആരോഗ്യവിഭാഗം ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലുകളിലെ അമിതവില, വിലവിവരപട്ടിക എന്നിവ ആഴ്ചയില്‍ മൂന്നുദിവസം പരിശോധിക്കും. ഹോട്ടലുകളിലും പ്രധാന വഴികളിലെ ദിശാബോര്‍ഡിലും ഇംഗ്ളിഷ്, തമിഴ്, തെലുങ്ക് കന്നട ഹിന്ദി ഭാഷകളില്‍ കൂടി അറിയിപ്പ് രേഖപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, നോട്ട് കൈമാറ്റവുമായി ബന്ധപ്പെട്ട പ്രതിസന്ധി തീര്‍ഥാടനകാലത്ത് ഉണ്ടാകുന്നത് വഴിപാട് നടത്തുന്നവര്‍ക്കും അയ്യപ്പന്മാര്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ കച്ചവടം പ്രതീക്ഷിക്കുന്ന വ്യാപാരികളെയും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ശബരിമല റൂട്ടിലെ ബാങ്കുകളില്‍ പണംമാറാന്‍ തീര്‍ഥാടകര്‍ക്കായി പ്രത്യേക കൗണ്ടറുകള്‍ തുടങ്ങുമെന്നാണ് അറിയുന്നത്. എന്നാല്‍, പണം മാറ്റിയെടുക്കാന്‍ സഹകരണ ബാങ്കുകളെ കൂടി അനുവദിക്കണമെന്ന ആവശ്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇടത്താവളമായ എരുമേലിയില്‍ തീര്‍ഥാടകരുടെ തിരക്ക് അനുഭവപ്പെടുന്ന ആറിടങ്ങളില്‍ കുടിവെള്ളം എത്തിക്കും. കൂടാതെ നിലവിലെ പൈപ്പുകളിലും തടസ്സരഹിതമായ കുടിവെള്ള വിതരണം ഉണ്ടായിരിക്കും. എരുമേലിയിലും കാളകെട്ടിയിലും ഫയര്‍ഫോഴ്സ് സജ്ജമായിരിക്കും. എരുമേലിയില്‍ ആറ് വാഹനങ്ങളും 23 ജീവനക്കാരും കാളകെട്ടിയില്‍ മൂന്ന് വാഹനങ്ങളും പത്ത് ജീവനക്കാരുമുള്ള സംഘമാണ് ഫയര്‍ഫോഴ്സില്‍ ഉണ്ടാവുക. ഏറ്റുമാനൂര്‍, കോട്ടയം, എരുമേലി എന്നിവിടങ്ങളില്‍ ടാക്സി കൂലികള്‍ നിശ്ചയിച്ചു. എരുമേലിയില്‍ ഉണ്ടാകുന്ന ടണ്‍ കണക്കിന് മാലിന്യം നീക്കാനും സംസ്കരിക്കാനും നടപടി ആരംഭിച്ചു. തീര്‍ഥാടകര്‍ കുളിക്കുന്ന കടവുകളില്‍ യൂനിഫോമുള്ള ലൈഫ് ഗാര്‍ഡുകളെ നിയമിക്കും. അപകട മേഖലകളില്‍ കയര്‍ കെട്ടിയും ബോര്‍ഡുകള്‍ സ്ഥാപിച്ചും മുന്നറിയിപ്പുകള്‍ നല്‍കും. കെ.എസ്.ആര്‍.ടി.സിക്ക് അനുയോജ്യമായ സ്ഥലം താല്‍ക്കാലികമായി നല്‍കും. പേട്ടതുള്ളല്‍ പാതയിലെ പൊടിശല്യം അകറ്റാന്‍ വാഹനങ്ങളില്‍ വെള്ളം സ്പ്രേ ചെയ്യും. ഫോഗിങ്ങും ക്ളോറിനേഷനും ഉണ്ടാകും. ആശുപത്രികളില്‍ ആവശ്യമായ സ്റ്റാഫുകളെ നിയമിച്ചു. ഓക്സിജന്‍ പാര്‍ലറുകളും ഐ.സി യൂനിറ്റിന്‍െറ സൗകര്യവും ലഭ്യമാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.