രാസവസ്തുക്കള്‍ ചേര്‍ത്ത തേയില വില്‍പന വ്യാപകം

ഈരാറ്റുപേട്ട: ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന വ്യാജ തേയിലയുടെ വില്‍പന ജില്ലയില്‍ വ്യാപകം. ഹൈറേഞ്ചില്‍നിന്നാണ് ഇത്തരം തേയില എത്തുന്നത്. നേരത്തേ, സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് വ്യാജതേയില ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തിരുന്നു. ഇതോടെ വില്‍പന നിലച്ചെങ്കിലും ഇടവേളക്കുശേഷം സജീവമാകുകയാണ്. ചായക്കടകളില്‍ ഉപയോഗിച്ച് പുറന്തള്ളുന്ന തേയില ശേഖരിച്ച് നിറംചേര്‍ത്താണ് വീണ്ടും വിപണിയില്‍ എത്തിക്കുന്നത്. ഇവ കൂടുതലായി വിറ്റഴിക്കുന്നതാകട്ടെ ചായക്കടകളിലും. കുറച്ച് പൊടിയിട്ടാല്‍ തന്നെ നല്ലനിറം ലഭിക്കും. ഇതിനു പുറമെ സ്ഥിരമായി വാങ്ങുന്നവര്‍ക്ക് ആകര്‍ഷക കമീഷനും. ഇതിനാല്‍ പല ചായക്കടകളിലും വന്‍തോതിലാണ് ഇവയുടെ വില്‍പന. പോളിത്തീന്‍ പേപ്പറില്‍ പൊതിഞ്ഞ് പ്രത്യേകിച്ച് പേരോ ഉല്‍പാദന കേന്ദ്രമോ രേഖപ്പെടുത്താതെ വിറ്റഴിക്കുന്ന ചായപ്പൊടിയാണിത്. ഗുണനിലവാരമില്ലാത്ത തേയിലപ്പൊടിയില്‍ ടെറാസിന്‍, കാര്‍മോസിന്‍, ബ്രില്യന്‍റ് ബ്ളൂ, ഇന്‍ഡിഗോ കാരാമല്‍, സണ്‍സെറ്റ് യെലോ, കാര്‍മോസിന്‍ തുടങ്ങിയ നിറങ്ങള്‍ ചേര്‍ത്താണ് വില്‍പന. തേയില ഫാക്ടറികളില്‍നിന്ന് തരംതിരിച്ചു കളയുന്ന തേയില കുറഞ്ഞ വില നല്‍കി വാങ്ങും. ഇതില്‍ ചായക്കടകളില്‍ ഉപയോഗിച്ചു കളയുന്ന തേയിലച്ചണ്ടി ചേര്‍ത്ത് ഉണക്കിയെടുക്കും. തുടര്‍ന്ന് രാസവസ്തുക്കള്‍ ചേര്‍ത്തു നിര്‍മിക്കുന്ന ചോക്ളേറ്റ് ബ്രൗണ്‍ എന്ന കൃത്രിമനിറത്തിന്‍െറ ലായനിയില്‍ തേയിലപ്പൊടി മുക്കും. ഒപ്പം മണവും രുചിയും വരാന്‍ കാരമല്‍ എന്ന രാസവസ്തുവും ചേര്‍ക്കും. ഈ മിശ്രിതം ഉണങ്ങിയെടുക്കുമ്പോള്‍ കിട്ടുന്ന തേയിലയില്‍നിന്ന് സാധാരണയിലും പലയളവ് ഗ്ളാസ് ചായ ഉണ്ടാക്കാം. തിളപ്പിച്ച വെള്ളത്തില്‍ മാത്രം നിറം കലരുന്ന ഒന്നാണ് തേയിലപ്പൊടി. എന്നാല്‍, പച്ചവെള്ളത്തില്‍പോലും നിറം കലര്‍ന്നാല്‍ ആ തേയിലപ്പൊടി മായം ചേര്‍ന്നതെന്ന് ഉറപ്പിക്കാമെന്ന് ഭക്ഷ്യവകുപ്പ് അധികൃതര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.