ഏറ്റുമാനൂരില്‍ കെ.എസ്.ടി.പിയുടെ തലതിരിഞ്ഞ ‘വികസനം’

ഏറ്റുമാനൂര്‍: എം.സി റോഡ് നവീകരണത്തിന്‍െറ ഭാഗമായി ഏറ്റുമാനൂരില്‍ കെ.എസ്.ടി.പിയുടെ തലതിരിഞ്ഞ നിര്‍മാണ ജോലി. റോഡ് വീതികൂട്ടുന്നതിനായി ഏറ്റെടുത്ത സ്ഥലങ്ങളും കെട്ടിടങ്ങളും നവീകരണത്തിനുശേഷം പൊളിച്ചുമാറ്റുന്നു. സാമ്പത്തിക നഷ്ടത്തിനുപുറമെ, ഇത് വന്‍ ഗതാഗത കുരുക്കിനും ഇടയാക്കുന്നു. ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജങ്ഷനില്‍ സ്ഥിതിചെയ്യുന്ന പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഓഫിസിന്‍െറ മുറ്റവും വന്‍ കരിങ്കല്‍ ഭിത്തിയുമാണ് പൊളിച്ചുമാറ്റുന്നത്. ഇതിന്‍െറ ജോലി വ്യാഴാഴ്ച രാവിലെ പൊളിക്കാന്‍ തുടങ്ങി. എക്സ്കവേറ്റര്‍ ഉപയോഗിച്ച് പൊളിച്ച കല്ലും മണ്ണും അതീവ ഗതാഗതക്കുരുക്കുള്ള ജങ്ഷനിലെ നിരത്തില്‍ കൂട്ടിയിട്ടത് കൂനിന്മേല്‍ കുരു പോലെയായി. ഈ ഭാഗത്ത് എം.സി റോഡ് നവീകരിച്ചപ്പോള്‍ മൂന്നിലധികം തവണ പൊക്കുകയും താഴ്ത്തുകയും ചെയ്തതാണ്. റോഡ് ലെവല്‍ ചെയ്യാതെ ടാറിങ് നടത്തിയതിനെതിരെ പല ഭാഗത്തുനിന്ന് പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇവിടെയും പടിഞ്ഞാറെനട ബസ് സ്റ്റോപ്പിലും സര്‍ക്കാറിന്‍െറ പണം ധൂര്‍ത്തടിക്കുന്ന രീതിയില്‍ പണി നടത്തിയത്. ഇത് ഏറെ വിവാദമായിരുന്നു. അന്ന് പൊളിച്ചുമാറ്റാന്‍ മടിച്ച പൊലീസ് സ്റ്റേഷന്‍െറ മതിലാണ് ടാറിങ്ങിന് ശേഷം ഇപ്പോള്‍ പൊളിച്ചത്. ഇതിനിടെ ടൗണിന്‍െറ വിവിധ ഭാഗങ്ങളില്‍ അശാസ്ത്രീയമായി പണിത കലുങ്കുകളും പൊളിച്ചുപണിയുകയാണ്. ഓട നിര്‍മാണവും പലയിടത്തും പാതിവഴിയില്‍ നില്‍ക്കുകയാണ്. ഓടനിര്‍മാണത്തിലെ അപാകത എം.സി റോഡിന്‍െറ വീതിയില്‍ ഏറ്റക്കുറച്ചിലുണ്ടാകാന്‍ കാരണമായിട്ടുണ്ട്. സ്വകാര്യ വ്യക്തികളെ സഹായിക്കുന്നതിന് റോഡിലേക്കിറക്കി ഓട പണിതിരിക്കുന്നത് പലയിടത്തും കാണാം. വെള്ളം ഒഴുകിപ്പോകുന്നതിന് ആവശ്യമായ ചരുവില്ലാതെ പണിതിരിക്കുന്ന ഓടകളില്‍ മലിനജലം കെട്ടിക്കിടന്ന് കൊതുകുവളരുന്നതിനും സാംക്രമിക രോഗങ്ങള്‍ പടരുന്നതിനും കാരണമാവുകയാണ്. ഇതിനിടെയാണ് ഒരിക്കല്‍ പണി പൂര്‍ത്തിയാക്കിയ കലുങ്കുകള്‍ റോഡ് ടാറിങ്ങിനുശേഷം വീണ്ടും പൊളിച്ചുനിര്‍മിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.