തുളസീദാസന്‍പിള്ള വധക്കേസ്: മുഴുവന്‍ പ്രതികളെയും വെറുതെവിട്ടു

കോട്ടയം: തുളസീദാസന്‍പിള്ള വധക്കേസില്‍ മുഴുവന്‍ പ്രതികളെയും കോടതി വെറുതെവിട്ടു. കേസ് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് കോട്ടയം അഡീഷനല്‍ ജില്ലാ ജഡ്ജി പി. രാഗിണിയുടെ വിധി. കൊല്ലപ്പെട്ട തുളസീദാസന്‍പിള്ളയുടെ ഭാര്യ ചങ്ങനാശ്ശേരി തൃക്കൊടിത്താനം ചാഞ്ഞോടി ഭാഗത്ത് ലീലാഭവന്‍ വീട്ടില്‍ ലീലാമണി ഉള്‍പ്പെടെ എട്ടുപേരായിരുന്നു പ്രതികള്‍. ലീലാമണിക്കുപുറമേ ചങ്ങനാശ്ശേരി ഫാത്തിമാപുരം കുന്നക്കാട് ളാക്കുളത്ത് വീട്ടില്‍ മൊബൈല്‍ ഷാജി എന്ന ഷാജുദ്ദീന്‍, ഇടുക്കി പീരുമേട് കരടിക്കുഴി പുത്തന്‍വീട്ടില്‍ ഷമീര്‍, പീരുമേട് കരടിക്കുഴി ആന്താംപറമ്പില്‍ നാസര്‍, ചങ്ങനാശേരി മന്ദിരം വെള്ളൂക്കുന്ന് തെക്കനാല്‍ നിരപ്പേല്‍ പ്രസാദ്, ചങ്ങനാശ്ശേരി ഫാത്തിമാപുരം കുന്നക്കാട് ളാക്കുളത്ത് നജീബ്, ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി അമ്പിത്താഴേ പി. സത്യ, ചങ്ങനാശ്ശേരി പുതുപ്പറമ്പില്‍ സിനോജ് എന്നിവരെയാണ് വെറുതെവിട്ടത്. ബിസിനസുകാരനായ തുളസീദാസന്‍പിള്ളയെ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് കൊലപ്പെടുത്തി കോടിക്കണക്കിന് രൂപയുടെ സ്വത്തുവകകള്‍ ഭാര്യ കൈവശപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കൊലപ്പെടുത്താന്‍ ചങ്ങനാശേരി സ്വദേശി മൊബൈല്‍ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് ലീലാമണി ക്വട്ടേഷന്‍ നല്‍കിയെന്നായിരുന്നു ആരോപണം. തുളസീദാസന്‍പിള്ളയെ കൊലപ്പെടുത്താന്‍ പലതവണ ശ്രമിച്ച് പരാജയപ്പെട്ട ക്വട്ടേഷന്‍ സംഘം, 2006 ഫെബ്രുവരി നാലിന് രാത്രി 8.30ഓടെ ചങ്ങനാശ്ശേരി-മല്ലപ്പള്ളി റോഡിലൂടെ വീട്ടിലേക്ക് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന തുളസീദാസന്‍ പിള്ളയെ ടാറ്റാ സുമോ ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു കേസ്. ആദ്യം അപകടമരണമായി രജിസ്റ്റര്‍ചെയ്ത കേസ് പിന്നീട് കൊലപാതകമാണെന്ന് കണ്ടത്തെുകയായിരുന്നു. കൃത്യത്തില്‍ പങ്കാളികളായ കറുകച്ചാല്‍, നെടുംകുന്നം ചഴനയില്‍ ബൈജുവിനേയും ചങ്ങനാശ്ശേരി മാടപ്പള്ളി പുതുപ്പറമ്പില്‍ അംജാസിനെയും മാപ്പുസാക്ഷികളാക്കി കാഞ്ഞിരപ്പള്ളി മജിസ്ട്രേറ്റായിരുന്ന പി.എന്‍. സീത മുമ്പാകെ ഹാജരാക്കി ക്രിമിനല്‍ നടപടി നിയമം 164ാം വകുപ്പ് പ്രകാരം മൊഴി കൊടുപ്പിച്ചിരുന്നു. എന്നാല്‍, ഇതിന്‍െറ യാഥാര്‍ഥ്യം കോടതിയില്‍ ബോധ്യപ്പെടുത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. നേരത്തേ സൈനഡ് കുത്തിവെച്ച് കൊലപ്പെടുത്താന്‍ പ്രതികള്‍ ശ്രമിച്ചിരുന്നതായി പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും സാധൂകരിക്കാന്‍ സാധിച്ചില്ല. അവിഹിത ബന്ധങ്ങളെ എതിര്‍ത്തതിലുള്ള വിരോധമാണ് ലീലാമണിയെ കൃത്യത്തിന് പ്രേരിപ്പിച്ചെന്ന വാദവും തെളിവുകളുടെ അഭാവത്തില്‍ കോടതി തള്ളി. പ്രതികള്‍ക്കുവേണ്ടി അഭിഭാഷകരായ ബോബന്‍ ടി.തെക്കേല്‍, സി.എസ്. അജയന്‍, റോയിസ് ചിറയില്‍, ഗോപാലകൃഷ്ണകുറുപ്പ്, സോജന്‍ പവിയാനോസ് എന്നിവര്‍ കോടതിയില്‍ ഹാജരായി. പ്രോസിക്യൂഷനെതിരെ മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യുമെന്ന് ബോബന്‍ ടി.തെക്കേല്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.