കോട്ടയം: മഴക്കാലത്ത് പ്രകൃതി ദുരന്തമോ അനിഷ്ട സംഭവങ്ങളോ മൂലം വീടുകള്‍ക്ക് കേടുപാടോ മറ്റ് നഷ്ടങ്ങളോ സംഭവിക്കുന്ന വ്യക്തികള്‍ക്ക് 48 മണിക്കൂറിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വനം മന്ത്രി കെ. രാജു കലക്ടര്‍ ഭണ്ഡാരി സ്വാഗതിന് നിര്‍ദേശം നല്‍കി. ഇത്തരം സംഭവങ്ങള്‍ നടന്ന് 24 മണിക്കൂറിനുള്ളില്‍ വില്ളേജ് ഓഫിസറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ റിപ്പോര്‍ട്ട് നല്‍കണം. കാലവര്‍ഷ മുന്നൊരുക്കം സംബന്ധിച്ച കലക്ടറേറ്റില്‍ നടന്ന ജില്ലാതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിനും അടുത്ത ദിവസങ്ങളിലും റോഡുകളിലും സ്കൂളുകള്‍, ആശുപത്രികള്‍, ഇതര സ്ഥാപനങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളിലും തീവ്രപരിസര ശുചീകരണം നടത്തണം. മെഡിക്കല്‍ കോളജ്, ജനറല്‍ ആശുപത്രി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ പകര്‍ച്ചവ്യാധി മൂലം രോഗികള്‍ അധികമായത്തൊന്‍ സാധ്യതയുള്ളതിനാല്‍ സുസജ്ജമായ അടിസ്ഥാന സൗകര്യവും മരുന്നുകളും ഉറപ്പുവരുത്തണം. ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും സേവനം ഇവിടങ്ങളില്‍ ഉറപ്പുവരുത്തണം. പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട് ആശുപത്രികളിലെ മുന്നൊരുക്കങ്ങള്‍ക്ക് കലക്ടര്‍, മെഡിക്കല്‍ കോളജ് സൂപ്രണ്ട്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ എന്നിവര്‍ നേതൃത്വം നല്‍കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വാര്‍ഡുതല ശുചീകരണവും മറ്റ് ആരോഗ്യപ്രവര്‍ത്തനങ്ങളും നടത്തണം. ഇതിന് വാര്‍ഡിന് 25,000 രൂപ വീതം നല്‍കും -മന്ത്രി പറഞ്ഞു. വാര്‍ഡുതല പ്രവര്‍ത്തനങ്ങള്‍ക്ക് ആക്ഷന്‍ പ്ളാന്‍ തയാറാക്കുന്നതിനും ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരണം. സ്കൂളുകളിലും സ്ഥാപനങ്ങളിലും അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മഴക്കാലത്ത് ഒടിഞ്ഞുവീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇവ സംബന്ധിച്ച വിവരം നല്‍കാന്‍ സ്വകാര്യ സ്ഥാപനങ്ങളുടേത് ഉള്‍പ്പെടെയുള്ള സ്ഥാപന മേധാവികള്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കണം. പി.ഡബ്ള്യു.ഡി റോഡരികിലുള്ള അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും മുറിച്ചു മാറ്റുന്നതിന് ആര്‍.ഡി.ഒമാര്‍ നടപടി സ്വീകരിക്കണം. കൊതുക് നിവാരണത്തിന് ആവശ്യമായ ഇടങ്ങളില്‍ ഫോഗിങ്ങിന് മരുന്നും ഉപകരണങ്ങളും തയാറാക്കണം. മെഡിക്കല്‍ കോളജിലെ മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ച് മന്ത്രി ആരാഞ്ഞു. ഇന്‍സിനറേറ്റര്‍ സ്ഥാപിക്കുന്നതിന് നടപടി പൂര്‍ത്തിയായിട്ടുണ്ടെന്നും 50 ലക്ഷം രൂപ ഇതിനോടകം അടച്ചു കഴിഞ്ഞതായും മെഡിക്കല്‍ കോളജ് സൂപ്രണ്ട് ടിജി തോമസ് ജേക്കബ് അറിയിച്ചു. മെഡിക്കല്‍ കോളജിലെ മാലിന്യ സംസ്കരണത്തിന് എം.എല്‍.എ ഫണ്ടില്‍നിന്ന് തുക അനുവദിക്കുമെന്ന് സുരേഷ്കുറുപ്പ് എം.എല്‍.എയുടെ പ്രതിനിധി അറിയിച്ചു. റോഡ് പണി നടക്കുന്ന സ്ഥലങ്ങളില്‍ വൈദ്യുതി കമ്പികള്‍ താഴ്ന്നുകിടക്കുന്നിടത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കിടത്തിച്ചികിത്സക്ക് ആവശ്യത്തിന് പാരാമെഡിക്കല്‍ ജീവനക്കാരെ ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. മണ്ണിടിച്ചിലിലും പ്രകൃതിക്ഷോഭത്തിലും അപകടത്തില്‍പെട്ടവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത പി.സി. ജോര്‍ജ് എം.എല്‍.എ ആവശ്യപ്പെട്ടു. റോഡിലെ സൈന്‍ ബോര്‍ഡുകള്‍ മാഞ്ഞുപോയിട്ടുള്ളതും മരങ്ങളാല്‍ മറയ്ക്കപ്പെട്ടിട്ടുള്ളതും മഴക്കാലത്ത് അപകടങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥര്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഡോ.എന്‍. ജയരാജ് എം.എല്‍.എ നിര്‍ദേശിച്ചു. ജില്ലയില്‍ കൂടുതല്‍ എസ്.സി കോളനികളുള്ള കുറിച്ചി പഞ്ചായത്തിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ രാത്രിയും ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണെന്ന് സി.എഫ്. തോമസ് എം.എല്‍.എ അഭിപ്രായപ്പെട്ടു. പ്രധാന റോഡുകളില്‍ നിര്‍മാണപ്രവര്‍ത്തനം നടക്കുന്നതിനാല്‍ ഇടറോഡുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് കൊതുകുകള്‍ പെരുകാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി കമ്പികളില്‍ ചാഞ്ഞുകിടക്കുന്ന മരക്കൊമ്പുകളും വെള്ളത്തില്‍ ചാഞ്ഞുകിടക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും അപകടം സൃഷ്ടിക്കാവുന്ന സാഹചര്യമുണ്ടെന്ന് സി.കെ. ആശ എം.എല്‍.എ അഭിപ്രായപ്പെട്ടു. പുനരധിവാസ കേന്ദ്രങ്ങള്‍ സമയബന്ധിതമായി പ്രവര്‍ത്തിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജില്ലാ പൊലീസ് മേധാവി സതീഷ് ബിനോ, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജയിംസ് പ്ളാക്കിത്തൊട്ടില്‍, എ.ഡി.എം പി. അജന്ത കുമാരി, ആര്‍.ഡി.ഒമാരായ സി.കെ. പ്രകാശ്, ജി. രമാദേവി തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.