കോട്ടയം: നഗരത്തിലെ കുന്നത്തുകളത്തില്‍ ജ്വല്ലറിയില്‍നിന്ന് ഏഴര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിക്ക് വീണ്ടും തടവ്. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കേസിലാണ് എറണാകുളം ഇടപ്പള്ളി കുരിശുങ്കല്‍ മനോജ് സേവ്യറിനെ (41) ആറു മാസം തടവിന് ശിക്ഷിച്ച് കോട്ടയം ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് ഒന്ന് സി.ആര്‍. ബിജുകുമാര്‍ ഉത്തരവിട്ടത്. ഇതിനൊപ്പം 5,000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ളെങ്കില്‍ അഞ്ചു മാസം കൂടി തടവ് അനുഭവിക്കണം. മനോജിന് മൊബൈല്‍ എത്തിച്ചുകൊടുത്ത സഹായി ഉടുമ്പന്‍ചോല പുറ്റടി പ്ളൂക്കൂട്ടത്തില്‍ റോയിയെ മൂന്നു മാസം തടവും വിധിച്ചു. 5000 രൂപ പിഴയുമടക്കണം. 2011 ഒക്ടോബര്‍ 21ന് മനോജ് സേവ്യര്‍ കോട്ടയം സ്പെഷല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുമ്പോള്‍ മറ്റൊരു കേസില്‍ ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കുന്നതിന് കൊണ്ടുപോയി. തിരികെ ജയിലില്‍ എത്തിച്ചപ്പോള്‍ നടത്തിയ ദേഹപരിശോധനയില്‍ ഷൂസിനടിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനും സൂക്ഷിച്ചതിനും കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. മനോജിന് ഉപയോഗിക്കുന്നതിനായി പ്രത്യേകം കണക്ഷനെടുത്ത് രണ്ടാം പ്രതി റോയി ഏറ്റുമാനൂരിലത്തെിച്ചപ്പോള്‍ കൈമാറുകയായിരുന്നു. 2011 ജൂണ്‍ ഏഴിനാണ് കുന്നത്തുകളത്തില്‍ ജ്വല്ലറിയില്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ഒന്നരക്കോടിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട മനോജ് ഇപ്പോള്‍ അപ്പീല്‍ ജാമ്യത്തിലാണ്. ഈ കേസില്‍ ഏഴു വര്‍ഷത്തെ തടവാണ് ശിക്ഷയാണ് മനോജിന് ലഭിച്ചത്. പ്രോസിക്യൂഷനുവേണ്ടി അസി. പബ്ളിക് പ്രോസിക്യൂട്ടര്‍ ജെ. പത്മകുമാര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.