പൂവരണി പീഡനക്കേസ് വിസ്താരം പൂര്‍ത്തിയായി; വിധി ഇന്ന്

കോട്ടയം: പൂവരണി സ്വദേശി എട്ടാം ക്ളാസുകാരിയെ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ വിസ്താരം പൂര്‍ത്തിയായി. അഡീഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഒന്ന് ജഡ്ജി കെ. ബാബു വ്യാഴാഴ്ച വിധി പറയും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുവായ സ്ത്രീ പലസ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കാന്‍ അവസരമൊരുക്കിയെന്നാണ് കേസ്. ലൈംഗിക പീഡനങ്ങളെ തുടര്‍ന്ന് എയ്ഡ്സ് രോഗബാധിതയായ പെണ്‍കുട്ടി തേനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ച് മരിച്ചു. 2007 ആഗസ്റ്റ് മുതല്‍ 2008 മേയ് വരെ പീഡനം നടന്നതായാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. അയര്‍ക്കുന്നം സ്വദേശി ലിസി, തീക്കോയി സ്വദേശി ജോമിനി, പൂഞ്ഞാര്‍ സ്വദേശി ജ്യോതിഷ്, പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി തങ്കമണി, കൊല്ലം തൃക്കരുവ സ്വദേശി സതീഷ്കുമാര്‍, തൃശൂര്‍ പറക്കാട്ട് സ്വദേശി രാഖി, പായിപ്പാട് സ്വദേശികളായ ഷാന്‍ കെ. ദേവസ്യ, ജോബി ജോസഫ്, തിരുവനന്തപുരം വീരണകാവ് സ്വദേശി ദയാനന്ദന്‍, നെയ്യാറ്റിന്‍കര സ്വദേശി ഉല്ലാസ്, കോട്ടയം രാമപുരം സ്വദേശി ബിനോ അഗസ്റ്റിന്‍, കോട്ടയം വെള്ളിലാപ്പള്ളി സ്വദേശി ജോഷി എന്നീ 12 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. വിസ്താരം നടക്കുന്നതിനിടെ പത്താംപ്രതി ജീവനൊടുക്കി. 2014 ഏപ്രില്‍ 29ന് തുടങ്ങിയ വിചാരണ രണ്ടുവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. രാത്രി എട്ടുവരെ കോടതി നടപടി നടത്തിയാണ് ജഡ്ജി കെ. ബാബു പ്രതികളുടെ ചോദ്യംചെയ്യല്‍ അവസാനിപ്പിച്ചത് എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. ചങ്ങനാശേരി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സി.ഐ ആയിരുന്ന ബിജോയി ആണ് കേസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. സാക്ഷികളുടെ എണ്ണം കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ കേസാണിത്. പ്രോസിക്യൂഷന്‍ ഭാഗത്തിനിന്ന് 183പേരുടെ സാക്ഷിപ്പട്ടികയാണ് ഹാജരാക്കിയത്. 127 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകല്‍, മാനഭംഗം, വില്‍പന നടത്തല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. കന്യാകുമാരി, എറണാകുളം, കുമരകം, തിരുവല്ല, രാമപുരം, തിരുവനന്തപുരം, തുടങ്ങിയ സ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ എന്‍. ഗോപാലകൃഷ്ണനും പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ സുരേഷ് ബാബു തോമസ്, ബോബന്‍ ടി. തെക്കേല്‍, സി.എസ്. അജയന്‍, റോയി ജോസ്, രാജു എബ്രഹാം എന്നിവരും കോടതിയില്‍ ഹാജരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.