മെഡിക്കല്‍ കോളജിലെ മാലിന്യ നിര്‍മാര്‍ജനം: ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ കലക്ടറുടെ നിര്‍ദേശം

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മാലിന്യം സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും നിര്‍മാര്‍ജനം ചെയ്യുന്നതിനും കലക്ടര്‍ ഇടപെട്ട് ഏര്‍പ്പെടുത്തിയ സംവിധാനങ്ങളുമായി സഹകരിക്കാതിരുന്ന ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ നിര്‍ദേശം. ആശുപത്രി കോമ്പൗണ്ടിലും ആശുപത്രിക്കകത്തും വിവിധതരം മാലിന്യം അശ്രദ്ധമായി നിക്ഷേപിച്ചിരിക്കുന്നതായി കണ്ടത്തെിയ കലക്ടര്‍ സ്വാഗത് ഭണ്ഡാരിയാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ടിജി തോമസ് ജേക്കബിന് നിര്‍ദേശം നല്‍കിയത്. മാലിന്യം കുന്നുകൂടുന്നതായുള്ള പരാതിയെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ക്കു മുമ്പ് കലക്ടര്‍ മെഡിക്കല്‍ കോളജിലത്തെി ആശുപത്രി അധികൃതരെയും ജീവനക്കാരെയും കണ്ട് സംസാരിക്കുകയും മാലിന്യം തരംതിരിച്ച് നിക്ഷേപിക്കണമെന്നും നിര്‍മാര്‍ജനം ചെയ്യണമെന്നും നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച ബോധവത്കരണം രോഗിക്കള്‍ക്കും മറ്റും നല്‍കുന്നതിന് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയെ പ്ളാസ്റ്റിക് രഹിത കാമ്പസായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, തിങ്കളാഴ്ച മെഡിക്കല്‍ കോളജിലത്തെിയ നടത്തിയ പരിശോധനയില്‍ ഇവയൊന്നും കാര്യക്ഷമമായി നടക്കുന്നില്ല എന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ക്കെതിരെ നടപടി എടുക്കുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എല്ലാത്തരം മാലിന്യവും സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ളവര്‍ തുടര്‍ന്നും അലംഭാവം കാണിച്ചാല്‍ തുടര്‍നടപടിക്കായി ആരോഗ്യ വകുപ്പ് സെക്രട്ടറിയെ സമീപിക്കുമെന്ന് കലക്ടര്‍ പറഞ്ഞു. കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന് മുമ്പ് മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന് കൂടുതല്‍ കര്‍ശനമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന് മെഡിക്കല്‍ കോളജ് വികസന അതോറിറ്റി യോഗം ജൂണ്‍ ഏഴിന് കലക്ടറേറ്റില്‍ ചേരും. ജില്ലാ ആരോഗ്യ ഓഫിസര്‍ കെ.വൈ. ജോണ്‍സണ്‍, ആരോഗ്യവകുപ്പ് ടെക്നിക്കല്‍ അസിസ്റ്റന്‍റ് ഈ.കെ. ഗോപാലന്‍ എന്നിവരും മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.