മണിയാശാന്‍ ഇനി എം.എം. മണി എം.എല്‍.എ

തൊടുപുഴ: തീയില്‍ കുരുത്താല്‍ വെയിലത്ത് വാടില്ളെന്ന പഴമൊഴി മണിയാശാന്‍െറ കാര്യത്തില്‍ അതിശയോക്തിയാകില്ല. പാര്‍ലമെന്‍ററി രംഗത്ത് അവതരിപ്പിക്കാന്‍ പറ്റിയയാളല്ല എം.എം. മണിയെന്ന പാര്‍ട്ടിക്കുള്ളിലെ തന്നെ അഭിപ്രായമാണ് ഉടുമ്പന്‍ചോലയില്‍ അദ്ദേഹം തിരുത്തിക്കുറിച്ചത്. ശക്തമായ വെല്ലുവിളികളെ മറികടന്ന് കടുത്ത മത്സരത്തിനൊടുവിലാണ് 1109 വോട്ടുകള്‍ക്ക് അദ്ദേഹം നിയമസഭയില്‍ എത്തുന്നത്. പൊതുവേദിയില്‍ പരസ്യമായി അപമാനിച്ചതുകൂടാതെ വെള്ളാപ്പള്ളി നടേശന്‍ മണിയെ തോല്‍പിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്‍െറ സേവനം സംഘടനാതലത്തിലാണ് ആവശ്യമെന്ന് അറിഞ്ഞിട്ടും മുമ്പ് രണ്ടുതവണ പാര്‍ട്ടി മത്സരിക്കാന്‍ അവസരം നല്‍കിയിരുന്നു. 1995ല്‍ ജില്ലാ പഞ്ചായത്ത് അടിമാലി ഡിവിഷനില്‍ കോണ്‍ഗ്രസിലെ കെ.എസ്. മുഹമ്മദിനോട് ആദ്യ പരാജയം. അടുത്തവര്‍ഷം ഉടുമ്പന്‍ചോലയില്‍ കോണ്‍ഗ്രസിലെ ഇ.എം. ആഗസ്തിയോട് 4667വോട്ടിന് പരാജയപ്പെട്ടു. പാര്‍ലമെന്‍ററി വ്യാമോഹം എന്നൊന്ന് തൊട്ടുതീണ്ടിയിട്ടില്ളെങ്കിലും മണിയുടെ പ്രായവും പക്വതയും മുന്‍നിര്‍ത്തി ഒരിക്കല്‍കൂടി അവസരം നല്‍കി. എം.എം. മണിയെ പോലെ ദീര്‍ഘകാലം പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായിരുന്ന മറ്റൊരാള്‍ സി.പി.എമ്മിലില്ല- ഒമ്പതുതവണ. വിവാദമായ വണ്‍, ടു, ത്രീ... പ്രസംഗത്തിലൂടെ ക്രിമിനല്‍ കേസില്‍പെട്ട എം.എം. മണിക്ക് ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവന്നു. പകരം ആ പദവിയിലത്തെിയത് മൂന്നുവട്ടമായി ഉടുമ്പന്‍ചോലയെ പ്രതിനിധീകരിക്കുന്ന കെ.കെ. ജയചന്ദ്രനും. ഒടുവില്‍ ജയചന്ദ്രന് പിന്‍ഗാമിയായി എം.എം. മണി നിയമസഭയിലേക്കും എത്തുന്നു. എല്‍.എഡി.എഫ് മന്ത്രിസഭയില്‍ സി.പി.എം സംസ്ഥാന സമിതിയംഗമായ മണിയാശാന് ഒരു സ്ഥാനം ഒഴിച്ചിടുമെന്ന കാര്യത്തില്‍ സംശയംവേണ്ട. വിവാദ പ്രസംഗത്തിന് ശേഷം അസംബ്ളി സ്ഥാനാര്‍ഥിയാകാന്‍ ഇടയുള്ളതിനാലാകണം പ്രസംഗങ്ങളില്‍ അദ്ദേഹം നാവിന് സ്വയം നിയന്ത്രണം വരുത്തിയിരുന്നു. എന്നാല്‍, ജെ.എന്‍.യു വിഷയത്തില്‍ സമരംചെയ്ത പോളിടെക്നിക്ക് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ അദ്ദേഹം വിശ്വരൂപം പുറത്തെടുത്തു. പ്രിന്‍സിപ്പലിനെതിരെ വായില്‍ തോന്നിയതൊക്കൊ വിളിച്ചുപറഞ്ഞു. ഒടുവിലതും കേസായി. പിന്നീടാണ് പ്രിന്‍സിപ്പല്‍ വനിതയും വിധവയുമാണെന്നൊക്കെ അറിയുന്നത്. നിരുപാധികം മാപ്പുപറഞ്ഞ മണിയാശാന്‍ വീണ്ടും പൊലീസിനെതിരെ പൂര്‍വാധികം ശക്തിയില്‍ ഉറഞ്ഞുതുള്ളി. കൂടെപ്പിറപ്പായ എം.എം. ഗോവിന്ദന്‍ പൊലീസ് മര്‍ദനത്തെ തുടര്‍ന്ന് മരിച്ചത് മണിക്ക് മറക്കാനാകില്ല. 1944ല്‍ മാധവന്‍-ജാനകി ദമ്പതികളുടെ മൂത്തമകനായി ജനിച്ച മണിക്ക് വീട്ടിലെ ദാരിദ്ര്യം മൂലം അഞ്ചാംക്ളാസ് കഴിഞ്ഞപ്പോള്‍ തുടര്‍ന്ന് പഠിക്കാനായില്ല. തോട്ടം തൊഴിലാളിയായിമാറി അദ്ദേഹം നന്നേ ചെറുപ്പത്തില്‍ തന്നെ കര്‍ഷക സമരങ്ങളില്‍ സജീവ സാന്നിധ്യമായി. പിന്നീട് അവര്‍ക്കിടയില്‍നിന്ന് നേതാവായി മാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.