കോട്ടയം: കാലവര്‍ഷ പ്രതീതി നിറഞ്ഞുനില്‍ക്കുന്നതിനിടെയായിരുന്നു ജില്ല ഇത്തവണ വോട്ടുകുത്തിയത്. ചൂടിലേക്ക് ഉണരുകയെന്ന പതിവുതെറ്റിച്ച് തിങ്കളാഴ്ച രാവിലെ ചാറ്റല്‍മഴയത്തെി. ഇത് ആദ്യനിമിഷങ്ങളില്‍ നേരിയ ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും ഒരുമണിക്കൂര്‍ പിന്നിട്ടതോടെ വോട്ടിങ് സജീവമായി. ആകാശം ഇരുണ്ടുനിന്നതിനാല്‍ ഉച്ചസമയത്തും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. പ്രചാരണത്തിന്‍െറ ആവേശം ചോരാതെ വോട്ടര്‍മാര്‍ എത്തിയതോടെ ജില്ലയുടെ നഗര-ഗ്രാമീണ മേഖലകളില്‍ ഒരുപോലെ വോട്ടിങ് ശതമാനത്തില്‍ വര്‍ധനയുണ്ടായി. ചെറിയ മഴയെ അവഗണിച്ച് ഭൂരിഭാഗം വോട്ടര്‍മാരും രാവിലെ 6.45 മുതല്‍ വോട്ടര്‍മാര്‍ ക്യൂവില്‍ സ്ഥാനംപിടിച്ചു. ആദ്യ രണ്ടുമണിക്കൂറില്‍ 7.8 ശതമാനം വോട്ടുകള്‍ പെട്ടിയില്‍വീണു. തുടക്കത്തില്‍ ചങ്ങനാശേരിയിലും പാലായിലുമായിരുന്നു കനത്ത പോളിങ്. ആദ്യ മൂന്നുമണിക്കൂറില്‍ ജില്ലയില്‍ 14.6 ശതമാനം വോട്ടുകളാണ് രേഖപ്പെടുത്തിയത്. കാര്‍മേഘം ഉരുണ്ടുകൂടിയ അന്തരീക്ഷത്തില്‍ പുരുഷ-സ്ത്രീ വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് ഒഴുകിയത്തെിയതോടെ പോളിങ് ശതമാനം 32ലേക്ക് കുതിച്ചുയര്‍ന്നു. രാവിലെ മുതല്‍ ഏറെ തിരക്ക് അനുഭവപ്പെട്ട ഏറ്റുമാനൂര്‍ മണ്ഡലത്തിലെ അതിരമ്പുഴ സെന്‍റ് മേരീസ് യു.പി സ്കൂളിലെ 26, 27 നമ്പറുകളിലെ ബൂത്തുകളില്‍ രാവിലെ 10.15ന് പത്തിലേറെ പേര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ക്യൂവില്‍ നിലയുറപ്പിച്ചവരില്‍ ഏറെയും പ്രായമായവരായിരുന്നു. വോട്ടര്‍മാരുടെ രക്തസമ്മര്‍ദം, പ്രമേഹം അടക്കമുള്ളവ പരിശോധിച്ച് ആവശ്യമായ ചികിത്സയൊരുക്കാന്‍ അതിരമ്പുഴ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ സംഘത്തിന്‍െറ പ്രത്യേകകൗണ്ടറും ബൂത്തിനോടുചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. പ്രായഭേദമന്യേ സൗജന്യപരിശോധന നിരവധി വോട്ടര്‍മാര്‍ ഉപയോഗപ്പെടുത്തി. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഷൈലയും അങ്കണവാടി ജീവനക്കാരി ഹുസൈബയും നേതൃത്വം നല്‍കി. ദാഹിച്ചിട്ട് വയ്യ, കുടിക്കാന്‍ അല്‍പം വെള്ളം കിട്ടിയിരുന്നെങ്കില്‍, ക്യൂനിന്ന് മടുത്തു, കസേര കിട്ടിയിരുന്നെങ്കില്‍ തുടങ്ങിയ പതിവ് പരിഭവങ്ങളൊന്നും ഇത്തവണ ഉണ്ടായിരുന്നില്ല. വ്യത്യസ്ത മുഖഭാവവുമായി ജില്ലയിലെ 54 മാതൃകാ പോളിങ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനമാണ് അതിന് സഹായകമായത്. പരമ്പരാഗത രീതിയില്‍നിന്ന് മാറി അല്‍പം പുതുമയോടെ ബുത്തുകളെ മാറ്റിയെടുത്തപ്പോള്‍ വോട്ടര്‍മാരിലും സന്തോഷം പകര്‍ന്നു. മാതൃകാ പോളിങ് സ്റ്റേഷനില്‍ എത്തിയവര്‍ എല്ലാവരും മിഠായിയും വാങ്ങിയാണ് മടങ്ങിയത്. വോട്ടു ചെയ്തിറങ്ങുന്നവരെ കാത്ത് കൈയില്‍ മധുരവുമായി നില്‍ക്കുന്നവരെ കണ്ടപ്പോള്‍ പ്രായമായ വോട്ടര്‍മാര്‍ക്ക് അദ്ഭുതമായി. മാറ്റം കണ്ടതിന്‍െറ സന്തോഷം പലരുടെയും മുഖത്ത് പ്രകടമായി. പോളിങ് സ്റ്റേഷനുകളില്‍ കുടിവെള്ളം, ടോയ്ലറ്റ് സൗകര്യം, വെയില്‍ കൊള്ളാതിരിക്കാന്‍ പന്തല്‍, ഇരിക്കാന്‍ കസേര എന്നിവയുണ്ടായിരുന്നു. വീല്‍ചെയര്‍ സൗകര്യം ഏര്‍പ്പെടുത്തിയത് പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രയോജനമായി. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതെ മൗലികാവകാശം വിനിയോഗിക്കാന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ സംവിധാനത്തിന് നൂറില്‍നൂറ് മാര്‍ക്കാണ് വോട്ടര്‍മാര്‍ നല്‍കിയത്. കടുത്തുരുത്തി മണ്ഡലത്തിലെ കിടങ്ങൂര്‍ സെന്‍റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ 151, 152 ബൂത്തുകളില്‍ രാവിലെ വോട്ടര്‍മാരുടെ നീണ്ട ക്യൂ ദൃശ്യമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ആവേശം നിലനിര്‍ത്തിയാണ് പാലാ മണ്ഡലത്തിലെ പുലിയന്നൂര്‍ ആശ്രമം ഗവ.എല്‍.പി സ്കൂളില്‍ തിരക്ക് അനുഭവപ്പെട്ടത്. അതിരാവിലെ മുതല്‍ വോട്ടര്‍മാര്‍ ഒഴുകിയത്തെിയതോടെ സ്കൂളിലെ 102,103 ബൂത്തുകളില്‍ ഉച്ചയോടെ 50 ശതമാനം വോട്ടുകളും പെട്ടിയില്‍ വീണു. പാലാ അല്‍ഫോന്‍സ കോളജിലെ മാതൃകാ പോളിങ് സ്റ്റേഷനില്‍ വിശ്രമകേന്ദ്രം, ഹെല്‍പ്ഡെസ്ക്, വീല്‍ചെയര്‍, റാമ്പ്, മിഠായിവിതരണം എന്നിവയുണ്ടായിരുന്നു. പാലാ സെന്‍റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷനിലെ 123ാം വനിതാബൂത്തിലും തിരക്ക് ഏറെയായിരുന്നു. പൂഞ്ഞാര്‍ മണ്ഡലത്തിലെ പോരാട്ടവീര്യം വോട്ടര്‍മാര്‍ ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു. ഈരാറ്റുപേട്ട ഗവ. മുസ്ലിം എല്‍.പി സ്കൂളിലെ ആറ്, ഏഴ്, എട്ട് ബൂത്തുകളില്‍ സ്ത്രീകളടക്കം വോട്ടര്‍മാരുടെ നീണ്ട ക്യൂവായിരുന്നു. തിടനാട് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലും സമാനസ്ഥിതിയായിരുന്നു. സര്‍വസന്നാഹവുമായി കേന്ദ്രസേനയും പൊലീസും നിലയുറപ്പിച്ചിരുന്നു. പൂഞ്ഞാര്‍ തെക്കേക്കര, ഈരാറ്റുപേട്ട നഗരസഭ എന്നിവിടങ്ങളിലായിരുന്നു വലിയ തിരക്ക് അനുഭവപ്പെട്ടത്. മുണ്ടക്കയം മേഖലയില്‍ രാവിലെ ഒമ്പതുവരെ കനത്ത മഴയായിരുന്നെങ്കിലും മഴ മാറിയതോടെ പോളിങ് കനത്തു. ഉച്ചക്ക് മുണ്ടക്കയം സെന്‍റ് ജോസഫ് എല്‍.പി സ്കൂള്‍, സെന്‍റ് ജോസഫ് ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ സ്ത്രീകളുടെ അടക്കം വലിയ തിരക്കായിരുന്നു. ഈരാറ്റുപേട്ട ഗവ.എല്‍.പി സ്കൂള്‍, വി.എം.എ. കരീം മെമ്മോറിയല്‍ എച്ച്.എസ്, ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മുസ്ലിം ഗേള്‍ഡ് സ്കൂള്‍ എന്നിവിടങ്ങളിലും നീണ്ടനിര ദൃശ്യമായി. അവസാനനിമിഷം ഈരാറ്റുപേട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സംഘര്‍ഷവും അരങ്ങേറി. ഇവിടെ നിശ്ചിത സമയം കഴിഞ്ഞപ്പോള്‍ നൂറിലധികംപേര്‍ വോട്ടുചെയ്യാന്‍ നിരയിലുണ്ടായിരുന്നു. ഇവര്‍ക്കും അവസരം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.