കോട്ടയം: പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിയതോടെ വിജയപ്രതീക്ഷയില്‍ ജില്ലയിലെ മുന്നണികള്‍. കഴിഞ്ഞ തവണത്തേക്കാള്‍ പ്രകടനം മെച്ചപ്പെടുത്തുമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എയും പറയുന്നു. കഴിഞ്ഞതവണ ആകെയുള്ള ഒമ്പത് സീറ്റില്‍ ഏഴിടത്ത് യു.ഡി.എഫും രണ്ടിടത്ത് എല്‍.ഡി.എഫുമാണ് വിജയിച്ചത്. യു.ഡി.എഫ് സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുമോ? അതോ കൂടുതല്‍ സീറ്റുകള്‍ നേടുമോ? എല്‍.ഡി.എഫ് സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമോ? എന്‍.ഡി.എ സഖ്യം പിടിക്കുന്ന വോട്ടുകള്‍ ആരെ ബാധിക്കും പൂഞ്ഞാറില്‍ ആരു ജയിക്കും തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന ചര്‍ച്ച. ഉമ്മന്‍ ചാണ്ടി മത്സരിക്കുന്ന പുതുപ്പള്ളി, കെ.എം. മാണി മത്സരിക്കുന്ന പാലാ, ചതുഷ്കോണ മത്സരം നടക്കുന്ന പൂഞ്ഞാര്‍ എന്നിവ ജില്ലക്കപ്പുറത്തുള്ളവരും ഉറ്റുനോക്കുന്ന മണ്ഡലങ്ങളാണ്. ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാണ് നടന്നത്. പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, പാലാ, ചങ്ങനാശേരി എന്നിവിങ്ങളില്‍ തീപാറും പോരാട്ടമാണ്. ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍, ചങ്ങനാശേരി, വൈക്കം മണ്ഡലങ്ങളില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ പിടിക്കുന്ന വോട്ട് ആരെ ബാധിക്കുമെന്നും ജില്ല ഉറ്റുനോക്കുന്നു. കോട്ടയത്ത് പ്രചാരണത്തിന്‍െറ ആദ്യഘട്ടങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഏറെ മുന്നിലായിരുന്നെങ്കിലും അവസാനമായപ്പോഴേക്കും റെജി സഖറിയക്ക് ഒപ്പം പിടിക്കാനായെന്ന ആത്മവിശ്വാസത്തിലാണ് എല്‍.ഡി.എഫ് ക്യാമ്പ്. എന്‍.ഡി.എ സ്ഥാനാര്‍ഥി എം.എസ്. കരുണാകരനും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു. കടുത്ത പോരാട്ടം നടക്കുന്ന ഏറ്റുമാനൂരില്‍ പ്രചാരണത്തില്‍ ഏറെക്കുറെ ഒപ്പമൊപ്പമായിരുന്നു മൂന്നു മുന്നണികളും. ഇടതുസ്ഥാനാര്‍ഥി സുരേഷ് കുറുപ്പും വലത് സ്ഥാനാര്‍ഥി തോമസ് ചാഴികാടനും ബി.ഡി.ജെ.എസ് സാരഥി എ.ജി. തങ്കപ്പനും പ്രതീക്ഷയില്‍ തന്നെയാണ്. എ.ജി. തങ്കപ്പന്‍ നേടുന്ന വോട്ടുകള്‍ നിര്‍ണായകമാകുമെന്നതിനാല്‍ പ്രവചനങ്ങള്‍ അസാധ്യം. കടുത്തുരുത്തിയില്‍ പ്രചാരണത്തില്‍ ആദ്യാവസാനം യു.ഡി.എഫ് സ്ഥാനാര്‍ഥി മോന്‍സ് ജോസഫ് മുന്നിലായിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സ്കറിയ തോമസ് ഒട്ടുംവിട്ടുകൊടുക്കാതെ രംഗത്തുണ്ടായിരുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി സ്റ്റീഫന്‍ ചാഴികാടനും കടുത്ത പ്രചാരണമാണ് നടത്തിയത്. വൈക്കത്ത് മൂന്നുമുന്നണികളും കടുത്ത പ്രചാരണമാണ് നടത്തിയത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി സി.കെ. ആശ ഒരേതാളത്തില്‍ അവസാനംവരെയുണ്ടായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി എ. സനീഷ് കുമാറും എന്‍.ഡി.എ സ്ഥാനാര്‍ഥി എന്‍.കെ. നീലകണ്ഠനും പ്രചാരണം ഒട്ടും മോശമാക്കിയിട്ടില്ല. ബി.ഡി.ജെ.എസ് വോട്ടുകള്‍ തലവേദയാകുമോയെന്ന ആശങ്ക ഇടതുമുന്നണിക്കുണ്ട്. മുമ്പെങ്ങുമില്ലാത്ത വാശിയിലായിരുന്നു പാലായിലെ പ്രചാരണം. മൂന്നു മുന്നണികളും നാടിളക്കിയുള്ള പ്രചാരണത്തിലായി. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എം. മാണി ഭൂരിഭാഗം സമയവും മണ്ഡലത്തില്‍ തന്നെ ചെലവഴിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി.കാപ്പനായി പ്രവര്‍ത്തകര്‍ ആഞ്ഞുപിടിക്കുകയാണ്. ശക്തിതെളിയിക്കുമെന്ന വാശിയിലാണ് ബി.ജെ.പി സ്ഥാനാര്‍ഥി എന്‍. ഹരി. പൂഞ്ഞാറില്‍ തുടക്കം മുതല്‍ മുന്നിലായിരുന്ന പി.സി. ജോര്‍ജിന് പരസ്യപ്രചാരണം സമാപിക്കുംവരെ മേധാവിത്തം നിലനിര്‍ത്താനായി. അവസാനം യു.ഡി.എഫ് സ്ഥാനാര്‍ഥി ജോര്‍ജുകുട്ടി ആഗസ്തിയും ഒപ്പത്തിനൊപം പിടിച്ചു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.സി. ജോസഫും എന്‍.ഡി.എ സ്ഥാനാര്‍ഥി എം.ആര്‍. ഉല്ലാസും പ്രതീക്ഷയില്‍ തന്നെയാണ്. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി പി.എ. അബ്ദുല്‍ ഹക്കീമും സജീവമായുണ്ട്. ഇവിടെ അടിയൊഴുക്കുകള്‍ നിര്‍ണായം. കാഞ്ഞിരപ്പള്ളിയില്‍ പ്രചാരണത്തില്‍ എല്ലാവരും ഒപ്പത്തിനൊപ്പമായിരുന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. എന്‍. ജയരാജ് തുടര്‍ച്ച പ്രതീക്ഷിക്കുമ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.ബി. ബിനു അട്ടിമറി പ്രതീക്ഷിക്കുന്നു. എന്‍.ഡി.എ സ്ഥാനാര്‍ഥി വി.എന്‍. മനോജും സജീവമായിരുന്നു. എന്‍.ഡി.എ വോട്ടുകള്‍ വിജയി നിശ്ചയിക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയ്ക് സി. തോമസ് ശക്തമായ പ്രചാരണമാണ് നടത്തിയത്. എന്നാല്‍, രണ്ടുദിവസം മാത്രം മണ്ഡലത്തിലത്തെിയ യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. എന്‍.ഡി.എ സ്ഥാനാര്‍ഥി ജോര്‍ജ് സെബാസ്റ്റ്യന്‍ പ്രചാരണത്തില്‍ പിന്നിലായില്ല. ില്ലയില്‍ കടുത്ത മത്സരം നടക്കുന്ന മറ്റൊരുമണ്ഡലമാണ് ചങ്ങനാശേരി. യു.ഡി.എഫും എല്‍.ഡി.എഫും തമ്മില്‍ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥി സി.എഫ്. തോമസും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. കെ.സി. ജോസഫും ശുഭപ്രതീക്ഷയില്‍. എന്‍.ഡി.എ സ്ഥാനാര്‍ഥി ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ പിടിക്കുന്ന വോട്ടുകള്‍ നിര്‍ണായകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.