തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയില്‍

കോട്ടയം: വോട്ടെടുപ്പിന് ഒരുദിനം മാത്രം അവശേഷിക്കേ കൊടുംചൂടിനെയും കടത്തിവെട്ടിയ തെരഞ്ഞെടുപ്പ് ചൂട് ഉച്ചസ്ഥായിയിലായി. ഇനിയുള്ള ഒരുനാള്‍ നിശ്ശബ്ദ പ്രചാരണം മാത്രമാണ് നടക്കുക. തെരഞ്ഞെടുപ്പ് കമീഷന്‍ ചുമതലപ്പെടുത്തിയ ബി.എല്‍.ഒമാര്‍ വോട്ടര്‍മാര്‍ക്ക് സ്ളിപ് വീടുകളിലത്തെി നല്‍കിയിട്ടുണ്ട്. എങ്കിലും സ്ഥാനാര്‍ഥികളുടെ വക സ്ളിപ്പുകളും പ്രവര്‍ത്തകര്‍ വീടുകളില്‍ നല്‍കുന്നുണ്ട്. അവസാന സന്ദര്‍ശനത്തിനുള്ള അവസരമായി ഇന്നത്തെ ദിവസം ഉപയോഗപ്പെടുത്തും. തിങ്കളാഴ്ച രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകീട്ട് ആറുവരെ തുടരും. ഇപ്രാവശ്യം രണ്ടുമാസത്തോളം പ്രചാരണത്തിന് അവസരം ഉണ്ടായത് പോളിങ് ശതമാനം ഉയരാന്‍ കാരണമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, അടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്ത് വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്നുള്ള കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം സ്ഥാനാര്‍ഥികള്‍ക്ക് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 73.79 ശതമാനം പോളിങാണ് നടന്നത്. തൊട്ടടുത്ത ജില്ലകളായ ഇടുക്കിയില്‍ 71.13ഉം പത്തനംതിട്ടയില്‍ 68.22ഉം ശതമാനം മാത്രമായിരുന്നു പോളിങ്. ജില്ലയിലെ ഒമ്പതു മണ്ഡലങ്ങളില്‍ വൈക്കം സംവരണ മണ്ഡലത്തിലും ഏറ്റുമാനൂരിലും എല്‍.ഡി.എഫും ഏഴു മണ്ഡലത്തില്‍ യു.ഡി.എഫുമാണ് വിജയിച്ചത്. മണ്ഡലം തിരിച്ചുള്ള കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനവും ഭൂരിപക്ഷവും ഇങ്ങനെ: കോട്ടയം -77.54 (ഭൂരിപക്ഷം -711), ഏറ്റുമാനൂര്‍ -78.51 (ഭൂരിപക്ഷം -1801), കടുത്തുരുത്തി -71.17 (ഭൂരിപക്ഷം -23057), വൈക്കം -79.15 (ഭൂരിപക്ഷം -10568), പുതുപ്പള്ളി -74.46 (ഭൂരിപക്ഷം -33255), പാലാ -73.68 (ഭൂരിപക്ഷം -5259), പൂഞ്ഞാര്‍ -70.16 (ഭൂരിപക്ഷം -15704), കാഞ്ഞിരപ്പള്ളി -70.01 (ഭൂരിപക്ഷം -12206), ചങ്ങനാശേരി -72.56 (ഭൂരിപക്ഷം -2554).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.