ക്രമീകരണം പൂര്‍ത്തിയായി; ജില്ല നാളെ ബൂത്തിലേക്ക്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം ജില്ലയില്‍ പൂര്‍ത്തിയായതായി കലക്ടര്‍ ഭണ്ഡാരി സ്വാഗത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ ഇത്തവണ ആകെ 15,54,714 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 7,59,680 പേര്‍ പുരുഷന്മാരും 7,95,034 പേര്‍ സ്ത്രീകളുമാണ്. ജില്ലയിലെ വോട്ടര്‍ പട്ടികയില്‍ 3300 സര്‍വിസ് വോട്ടര്‍മാരുണ്ട്. കേരളത്തിനു വെളിയില്‍ മിലിട്ടറി, പാരാമിലിട്ടറി സര്‍വിസില്‍ ജോലി ചെയ്യുന്നവരെയാണ് സര്‍വിസ് വോട്ടര്‍മാരായി കണക്കാക്കിയിട്ടുള്ളത്. 2128 പേര്‍ പുരുഷന്മാരും 1172 പേര്‍ സ്ത്രീകളുമാണ്. ജില്ലയില്‍ ആകെ 1411 പോളിങ് ബൂത്തുകളുണ്ട്. വനിത ഉദ്യോഗസ്ഥരുടെ മാത്രം നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന 20 പോളിങ് സ്റ്റേഷനുകളും 54 മോഡല്‍ പോളിങ് സ്റ്റേഷനുകളും ഇതില്‍ ഉള്‍പ്പെടും. 14 ക്രിട്ടിക്കല്‍ പോളിങ് സ്റ്റേഷനുകളും 46 സെന്‍സിറ്റീവ് പോളിങ് സ്റ്റേഷനുകളുമാണുള്ളത്. ഇതില്‍ 39 പോളിങ് സ്റ്റേഷനുകളിലെ വോട്ടെടുപ്പ് തത്സമയം തെരഞ്ഞെടുപ്പ് കമീഷന്‍െറ വെബ്സൈറ്റില്‍ കാണാനാകും. ഇതിനായി വെബ് കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ഐ.ടി മിഷനും അക്ഷയ ജില്ലാ കേന്ദ്രത്തിനും ബി.എസ്.എന്‍.എല്ലിനുമാണ് വെബ്കാസ്റ്റിങ് ചുമതല. പൂഞ്ഞാര്‍ മണ്ഡലത്തിലാണ് സെന്‍സിറ്റീവ് പോളിങ് ബൂത്തുകളില്‍ ഏറെയും. ഇവിടെ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സുതാര്യവും നീതിപൂര്‍വവുമായി നടത്താന്‍ തെരഞ്ഞെടുപ്പ് കമീഷന്‍െറ മുഴുവന്‍ നിര്‍ദേശവും ഭംഗിയായി ജില്ലാ ഭരണകൂടം നിര്‍വഹിച്ചിട്ടുണ്ട്. ഒമ്പതു നിയോജക മണ്ഡലങ്ങളിലായി 32 ചിഹ്നങ്ങളില്‍ 82 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഇതില്‍ 31 സ്വതന്ത്രരും ഉള്‍പ്പെടുന്നു. ജില്ലയെ നൂറുശതമാനം പോളിങ്ങിലത്തെിക്കാന്‍ സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പെട്ടവര്‍ക്കും സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന് ആവശ്യമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. പോളിങ് ബൂത്തുകളില്‍ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തി. റാമ്പ് നിര്‍മാണം തീര്‍ത്തും അസാധ്യമായ അഞ്ച് പോളിങ് ബൂത്തുകള്‍ ഒഴിച്ചുള്ള എല്ലാ ബൂത്തുകളിലും സ്ഥിര സ്വഭാവമുള്ള റാമ്പ് ഉറപ്പാക്കിയിട്ടുണ്ട്. വേനല്‍ച്ചൂട് പരിഗണിച്ച് എല്ലാ ബൂത്തുകളിലും സണ്‍ഷേഡുകള്‍ സ്ഥാപിച്ചു. കുടിവെള്ളം, ടോയ്ലറ്റ്, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യവും ഉറപ്പാക്കി. സമ്മതിദായകരുടെ ഫോട്ടോ പതിച്ച വോട്ടേഴ്സ് സ്ളിപ്പുകളുടെ വിതരണവും പൂര്‍ത്തിയായി. സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് വോട്ടുചെയ്യാന്‍ വേതനത്തോടു കൂടി അവധി അനുവദിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ളിഷ്മെന്‍റ് ആക്ടിന്‍െറ പരിധിയില്‍ വരുന്ന സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമായിരിക്കും കലക്ടര്‍ അറിയിച്ചു. ജില്ലയിലെ 1411 പോളിങ് ബൂത്തുകളിലായി രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിങ്. രാവിലെ ആറിന് തെരഞ്ഞെടുപ്പ് ഏജന്‍റുമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മോക് പോള്‍ ആരംഭിക്കും. വോട്ടുയന്ത്രങ്ങളുടെ സെറ്റിങ് 1000 തവണ മോക്പോള്‍ ചെയ്ത് വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. വോട്ടുയന്ത്രം ഉള്‍പ്പെടെ പോളിങ് സാമഗ്രികളുടെ വിതരണം 15ന് രാവിലെ 10 മുതല്‍ ആരംഭിക്കും. വോട്ടെടുപ്പ് സമാപിക്കുന്നതിന് മുമ്പുള്ള 48 മണിക്കൂറില്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുന്നതോ ബാധിക്കുന്നതോ ആയ പ്രചാരണം നടത്തരുതെന്ന് 1951ലെ ജനപ്രാതിനിധ്യ നിയമം 126ാം വകുപ്പ് പ്രകാരം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് ശനിയാഴ്ച വൈകുന്നേരം ആറിന് പരസ്യപ്രചാരണം അവസാനിച്ചു. രാഷ്ട്രീയ സ്വഭാവമുള്ള ബള്‍ക് എസ്.എം.എസുകളും റേഡിയോ സന്ദേശങ്ങളും മറ്റ് മാധ്യമ പ്രചാരണങ്ങളും നിരോധിച്ചതായും കലക്ടര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.