രണ്ടുകിലോ കഞ്ചാവുമായി മൂന്നംഗ സംഘം അറസ്റ്റില്‍

അടിമാലി: കാറില്‍ കഞ്ചാവുമായി വന്ന യുവാക്കളെ പൊലീസ് പിടികൂടി. രാജാക്കാട് കരുവാച്ചട്ട് സുജിത് (37), അടിമാലി വട്ടക്കുടി റഹീം (36), പള്ളിപറമ്പില്‍ ഷാജി (കണ്ണന്‍ -37) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയില്‍നിന്ന് രണ്ടുകിലോ കഞ്ചാവും കടത്താന്‍ ഉപയോഗിച്ച കാറും പിടികൂടി. തമിഴ്നാട്ടിലെ കമ്പത്തുനിന്ന് വാങ്ങിയ കഞ്ചാവ് രാജാക്കാട്ട് എത്തിച്ചശേഷം എറണാകുളത്തേക്ക് വില്‍പനക്ക് കൊണ്ടുപോകുംവഴി അടിമാലി ടൗണില്‍ ശനിയാഴ്ച രാവിലെ 11ഓടെയാണ് പൊലീസ് പിടിയിലായത്. സുജിത്തിന്‍െറ നേതൃത്വത്തിലായിരുന്നു കഞ്ചാവ് കടത്ത്. രണ്ടുമാസം മുമ്പ് മട്ടാഞ്ചേരി പൊലീസ് സുജിത്തിനെ കഞ്ചാവുമായി പിടിച്ചിരുന്നു. റിമാന്‍ഡിലായ ഇയാള്‍ ഒരാഴ്ച മുമ്പാണ് ജാമ്യത്തിലിറങ്ങിയത്. നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ സുജിത് പന്നിയാറികുട്ടിയില്‍ വ്യാപാരിയെ വെട്ടിയ കേസില്‍ പ്രതിയാണ്. 2011ല്‍ കോഴിക്കോട് മുക്കം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 23 കിലോ കഞ്ചാവുമായി ഷാജി അറസ്റ്റിലായിരുന്നു. കോടതി ഇയാളെ പത്തുവര്‍ഷം തടവിനും ഒരുലക്ഷം പിഴ ഒടുക്കാനും വിധിച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. 2001ല്‍ മറയൂരില്‍നിന്ന് ചന്ദനം കടത്തിയ കേസില്‍ പ്രതിയാണ് റഹീം. രഹസ്യവിവരത്തെ തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ അടിമാലി ഗവ. ഹൈസ്കൂളിന് സമീപത്ത് പൊലീസ് സംഘം കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. കാര്‍ പിന്തുടര്‍ന്ന് കല്ലാര്‍കുട്ടി റോഡില്‍ ധന്യ ടൂറിസ്റ്റ് ഹോമിന് മുന്‍വശത്തുവെച്ച് പിടികൂടുകയായിരുന്നു. പൊലീസിനെ കബളിപ്പിച്ച് കഞ്ചാവുമായി റഹീം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അടിമാലി സി.ഐ ജെ. കുര്യാക്കോസ്, എ.എസ്.ഐമാരായ സി.വി. ഉലഹന്നാന്‍, ജോണ്‍സന്‍ സാമുവല്‍, സി.ആര്‍. സന്തോഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ സജി എന്‍. പോള്‍, എം.എം. ഷാജു, ടോമി ജോസഫ്, കെ.പി. ബെന്നി, ഇ.ബി. ഹരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.