ഇടത്-വലത് മുന്നണികളുടെ മത്സരം അക്രമത്തിനും അഴിമതിക്കും –നിര്‍മല സീതാരാമന്‍

തൊടുപുഴ: അക്രമവും അഴിമതിയും നടത്താനാണ് കേരളത്തില്‍ ഇടത്-വലത് മുന്നണികള്‍ മത്സരിക്കുന്നതെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി നിര്‍മല സീതാരാമന്‍. തൊടുപുഴയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. എസ്. പ്രവീണിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. റബര്‍ കര്‍ഷകരുടെ പ്രശ്നം കേന്ദ്രം അനുഭാവപൂര്‍വമാണ് പരിഗണിക്കുന്നത്. കര്‍ഷകരെയും തൊഴിലാളികളെയും സഹായിക്കാന്‍ ഇറക്കുമതി നയത്തില്‍ മാറ്റങ്ങള്‍ വരുത്തി. റബര്‍ കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്ന കാര്യം തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ആയതിനാലാണ് പ്രഖ്യാപനം നടത്താത്തത്. റബര്‍ ബോര്‍ഡില്‍ മുമ്പ് ഭരിച്ചിരുന്നവര്‍ സ്വന്തക്കാരെ തിരുകിവെച്ചിരിക്കുകയാണ്. കേരളത്തില്‍ ഇപ്പോള്‍ ദലിത് സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ വര്‍ധിച്ചുവരുകയാണ്. ഇത്രയും നാളായിട്ടും ആക്രമിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് കഴിയുന്നില്ല. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. യു.ഡി.എഫ് അഴിമതിയുടെ സംസ്കാരമാണ് പ്രചരിപ്പിക്കുന്നത്. എല്‍.ഡി.എഫ് അക്രമത്തിന്‍െറയും. ഇവര്‍ ഒന്നുചേര്‍ന്നാണ് ഇപ്പോള്‍ ബംഗാളില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ രണ്ടായി വോട്ട് ചോദിക്കുന്ന ഇവരുടെ കാപട്യം ജനം തിരിച്ചറിയുമെന്നും അവര്‍ പറഞ്ഞു. ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്‍റ് ടി.എസ്. രാജന്‍ അധ്യക്ഷതവഹിച്ചു. സ്ഥാനാര്‍ഥി അഡ്വ. എസ്. പ്രവീണ്‍, ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് ബിനു ജെ. കൈമള്‍, ദേശീയസമിതി അംഗം പി.പി. സാനു, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്‍റ് പി. രാജന്‍, സി.സി. കൃഷ്ണന്‍, സിനിമോന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.