റാന്നി: എ.കെ. ആന്‍റണിയും അഴിമതിയില്‍നിന്ന് മുക്തനല്ളെന്നാണ് അഗസ്റ്റവെസ്റ്റ്ലന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍നിന്ന് വ്യക്തമാകുന്നതെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹെലികോപ്ടര്‍ കരാറിലെ വ്യവസ്ഥകളില്‍ മാറ്റം വരുത്തിയത് ആരുപറഞ്ഞിട്ടാണെന്ന് അന്ന് പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്‍റണി ജനങ്ങളോട് തുറന്നുപറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റാന്നിയില്‍ എന്‍.ഡി.എ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹെലികോപ്ടര്‍ ഇറ്റലിയില്‍ നിര്‍മിക്കാനുള്ള അനുവാദം നല്‍കിയത് ആരുപറഞ്ഞതിന്‍െറ അടിസ്ഥാനത്തിലാണെന്നും ആന്‍റണി വ്യക്തമാക്കണം. മോദി സര്‍ക്കാര്‍ ഭരണത്തിനെതിരെ ഒരഴിമതിക്കഥപോലും ഉന്നയിക്കാന്‍ ഇടതു-വലതു മുന്നണികള്‍ക്ക് കഴിയില്ല. ആന്‍റണി പറയുന്നതുപോലെ ബി.ജെ.പിക്ക് രഹസ്യ അജണ്ടയില്ല. തെരഞ്ഞെടുപ്പില്‍ ഇടതു-വലതു മുന്നണികളെ അറബിക്കടലില്‍ മുക്കിക്കളയുക എന്ന പരസ്യമായ അജണ്ട മാത്രമാണുള്ളത്. എന്‍.ഡി.എ അധികാരത്തിലത്തെിയാല്‍ നാട്ടിലെ സാമുദായിക സൗഹാര്‍ദം തകരുമെന്നാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പ്രചാരണം. എന്നാല്‍, ആ പാര്‍ട്ടി ഇന്ന് ഇന്ത്യയിലൊരിടത്തും അധികാരത്തിലില്ല. ബി.ജെ.പി ഭരണത്തിലുള്ള 14 സംസ്ഥാനങ്ങളിലും സാമുദായിക സൗഹാര്‍ദത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല. കേരളത്തിലെ മുന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാറുകളൊന്നും കേരള ജനതയോടു നീതി കാട്ടിയിട്ടല്ല. അച്യുതാനന്ദന്‍െറ പേരില്‍ വോട്ട് വാങ്ങി പിണറായിയെ മുഖ്യമന്ത്രിയാക്കുകയാണ് ആ പാര്‍ട്ടിയുടെ ഇപ്പോഴത്തെ തന്ത്രം. കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാറിനെപ്പോലെ അഴിമതി നിറഞ്ഞ ഒരുസര്‍ക്കാര്‍ ഇതുവരെ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി മുതല്‍ ജനപ്രതിനിധികള്‍വരെ അഴിമതിക്കഥകളില്‍ ഉള്‍പ്പെടുന്നു. സോളാര്‍, പാമോലിന്‍, ടൈറ്റാനിയം, ബാര്‍കോഴ തുടങ്ങി അഴിമതിയുടെയും കുംഭകോണത്തിന്‍െറയും കഥകള്‍ എവിടെ നോക്കിയാലും കാണാനാകുമെന്നും അമിത് ഷാ പറഞ്ഞു. ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്‍റ് അശോകന്‍ കുളനട അധ്യക്ഷതവഹിച്ചു. റാന്നി നിയോജക മണ്ഡലം സ്ഥാനാര്‍ഥി കെ. പത്മകുമാര്‍, ആറന്മുള നിയോജക മണ്ഡലം സ്ഥാനാര്‍ഥി എം.ടി. രമേശ്, ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്‍റ് തുഷാര്‍ വെള്ളാപ്പള്ളി, ജെ.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. രാജന്‍ ബാബു, ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, സംസ്ഥാന ട്രഷറാര്‍ കെ.ആര്‍. പ്രതാപചന്ദ്രവര്‍മ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.