സ്പില്‍വേ ഷട്ടറുകളില്‍ കണ്‍ട്രോള്‍ യൂനിറ്റുകള്‍ സ്ഥാപിക്കുന്നു

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142ല്‍നിന്ന് 152 അടിയാക്കി ഉയര്‍ത്തുമെന്ന തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ പ്രഖ്യാപനത്തിന് പിന്നാലെ അണക്കെട്ടിന് സമീപത്തെ സ്പില്‍വേ ഷട്ടറുകളില്‍ കണ്‍ട്രോള്‍ യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ തമിഴ്നാട് നടപടി ആരംഭിച്ചു. അണക്കെട്ടിലെയും സ്പില്‍വേ, ബേബി ഡാം എന്നിവിടങ്ങളിലെയും അറ്റകുറ്റപ്പണിക്കെന്ന പേരില്‍ 98 ലക്ഷം രൂപയാണ് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അനുവദിച്ചത്. ഈതുക ഉപയോഗിച്ചാണ് സ്പില്‍വേയിലെ 13 ഷട്ടറുകളും ഉയര്‍ത്താനും താഴ്ത്താനും ഉപയോഗിക്കുന്ന കണ്‍ട്രോള്‍ യൂനിറ്റുകള്‍ സ്ഥാപിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്ക് ഉയര്‍ന്ന കഴിഞ്ഞ ഡിസംബര്‍ ഏഴിനും പിന്നീടും ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്താന്‍ തമിഴ്നാടിന് കഴിയാതിരുന്നത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. സ്പില്‍വേയിലെ ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനിടെ ഇരുമ്പുവടം പൊട്ടിയതും മറ്റ് സാമഗ്രികള്‍ തകരാറിലായതും ആശങ്ക സൃഷ്ടിച്ചു. ജലനിരപ്പ് 142ല്‍ നിയന്ത്രിച്ചു നിര്‍ത്തണമെന്ന കോടതിയുടെ നിര്‍ദേശം ലംഘിക്കപ്പെടാതിരിക്കാന്‍ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിട്ടത് ഏറെ ഒച്ചപ്പാടുകള്‍ക്കിടയാക്കി. കേരളത്തെ അറിയിക്കാതെയാണ് പുതിയ സംവിധാനങ്ങള്‍ സ്പില്‍വേയില്‍ ഘടിപ്പിക്കുന്നത്. സ്പില്‍വേ ഷട്ടറുകളില്‍ പുതിയ സംവിധാനങ്ങള്‍ ഘടിപ്പിച്ച് കുറ്റമറ്റതാക്കിയ ശേഷം ഉന്നതാധികാര സമിതിയെയും കോടതിയെയും സമീപിച്ച് ജലനിരപ്പ് 152ലേക്ക് ഉയര്‍ത്താനുള്ള ശ്രമം നടത്താനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.