മണിക്കെതിരെ പരാമര്‍ശം: സി.പി.എം നിലപാട് തന്ത്രപരമായി

തൊടുപുഴ: എം.എം. മണിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ സി.പി.എം സ്വീകരിച്ച തന്ത്രപരമായ നിലപാട് വെള്ളാപ്പള്ളി നടേശനെ വെട്ടിലാക്കി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും മുതിര്‍ന്ന സി.പി.എം നേതാവുമായ മണിയെ അധിക്ഷേപിക്കുന്ന പ്രസംഗം അദ്ദേഹം ജനവിധി തേടുന്ന ഉടുമ്പന്‍ചോല മണ്ഡലത്തിലാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി നടത്തിയത്. എത്ര ശ്രമിച്ചിട്ടും ഈഴവ വോട്ടുകള്‍ മണിക്കെതിരെ തിരിക്കാന്‍ കഴിയില്ളെന്ന ബോധ്യപ്പെട്ടതിനാല്‍ പ്രസംഗത്തില്‍ വെള്ളാപ്പള്ളി പ്രകോപിതനായെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. മുമ്പ് സഭ്യേതരമായ പരാമര്‍ശങ്ങള്‍ പ്രയോഗിച്ച് അബദ്ധത്തില്‍ ചെന്നുചാടിയ അനുഭവമുള്ള എം.എം. മണി തനിക്ക് മറുപടി പറയുമെന്ന വെള്ളാപ്പള്ളിയുടെ കണക്കുകൂട്ടലുകള്‍ തെറ്റുകയായിരുന്നു. അങ്ങേയറ്റത്തെ അവധാനതയോടെയാണ് മണി ഇക്കാര്യത്തില്‍ പ്രതികരിച്ചത്. തന്നെയുമല്ല സി.പി.എമ്മും ഇതുവരെ പരസ്യപ്രസ്താവന ഇറക്കിയിട്ടില്ല. എല്‍.ഡി.എഫ് ഘടകകക്ഷികളായ സി.പി.ഐയും ജനതാദള്‍ എസും പരസ്യ പ്രസ്താവനക്ക് തയാറായി. ബി.ഡി.ജെ.എസ് രൂപവത്കരണത്തിനുശേഷം എന്‍.ഡി.എ ഘടകകക്ഷിയായതോടെ വെള്ളാപ്പള്ളി നടേശന്‍ കടുത്ത സി.പി.എം വിരുദ്ധ നിലപാടാണ് സ്വീകരിച്ചുപോന്നത്. വി.എസ്. അച്യുതാനന്ദനെതിരെ പരസ്യമായ വിമര്‍ശവുമായി കിട്ടാവുന്ന സാഹചര്യമെല്ലാം പ്രയോജനപ്പെടുത്തുകയാണ് വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാറും. ഇടുക്കി ജില്ലയിലെ അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിടത്തും ബി.ഡി.ജെ.എസുകാരാണ് എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിക്ക് വിദൂര സാധ്യത പോലുമില്ലാത്ത ഉടുമ്പന്‍ചോലയില്‍ എം.എം. മണിയെ എന്തു വിലകൊടുത്തും തോല്‍പിക്കണമെന്ന നിലപാടായിരുന്നു വെള്ളാപ്പള്ളി സ്വീകരിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ മണിക്ക് പിന്തുണ നല്‍കുന്ന വാര്‍ത്തകളാണ് വരുന്നത്. ഫേസ്ബുക്കില്‍ പലരും പോസ്റ്റുകള്‍ക്ക് പുറമെ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് സ്വന്തം ചിത്രത്തിന് പകരം മണിയുടെ ചിത്രം കൊടുക്കാനും തുടങ്ങി. ഞായറാഴ്ച വൈകീട്ടുണ്ടായ പ്രസംഗത്തിനെതിരെ ശ്രോതാക്കളില്‍നിന്ന് എതിര്‍പ്പുണ്ടായി. തിങ്കളാഴ്ച തന്നെ ഇടതുകേന്ദ്രങ്ങള്‍ വെള്ളാപ്പള്ളിക്കെതിരെയുള്ള നിലപാട് കടുപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.