ജനവാസകേന്ദ്രത്തില്‍ പുലിയിറങ്ങി; ആടിനെ കടിച്ചുകൊന്നു

അടിമാലി: വേനല്‍ കടുത്തതോടെ തീറ്റതേടി ജനവാസകേന്ദ്രത്തിലിറങ്ങിയ പുലി ആടിനെ കടിച്ചുകൊന്നു. അടിമാലി ഇരുന്നൂറേക്കര്‍ വടക്കെ ആയിരമേക്കറിലാണ് പുലി ഇറങ്ങിയത്. വ്യാഴാഴ്ച രാവിലെ എട്ടരയോടേയാണ് സംഭവം. രാവിലെ വീട്ടമ്മയുടെ നിലവിളി കേട്ടത്തെിയ നാട്ടുകാരാണ് പുലി ആടിനെ കടിച്ചുകൊണ്ടോടുന്നത് കണ്ടത്. ഇരുന്നൂറേക്കര്‍ മയിലാടുംകുന്ന് സ്വദേശിനിയും വിധവയുമായ രണ്ടുമാക്കല്‍ എല്‍സിയുടെ നാലുമാസം ഗര്‍ഭിണിയായ ജമുനാപ്യാരി ഇനത്തില്‍പെട്ട ആടിനെയാണ് പുലി പിടികൂടിയത്. പുലിക്ക് പിന്നാലെ നാട്ടുകാര്‍ ഓടിയെങ്കിലും പുലി മുറിവേറ്റ് ഗുരുതരാവസ്ഥയിലായ ആടിനെ ഉപേക്ഷിച്ച് സമീപത്തെ കൃഷിയിടത്തിലേക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന്, പരിഭ്രാന്തിയിലായ പ്രദേശവാസികള്‍ അടിമാലി പൊലീസിലും കൂമ്പന്‍പാറ റെയ്ഞ്ച് ഓഫിസിലും വിവരമറിയിച്ചു. ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസര്‍ അബ്ബാസിന്‍െറ നേതൃത്വത്തിലുള്ള വനപാലക സംഘം സ്ഥലത്തത്തെി. നാട്ടുകാരുടെയും ഓട്ടോ ഡ്രൈവര്‍മാരുടെയും വനപാലകരുടെയും നേതൃത്വത്തില്‍ പുലിക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടത്തൊനായില്ല. പിന്നീട് പുലിയെ കണ്ട പ്രദേശവാസികളായ ജോബി, രഞ്ജിത വിനീഷ് എന്നിവരില്‍നിന്ന് വനപാലകസംഘം വിവരങ്ങള്‍ ശേഖരിച്ചു. ആറടിയോളം നീളം വരുന്ന കറുത്ത നിറത്തിലുള്ള പുലിയാണെന്നാണ് വിവരം. ആടിന്‍െറ കഴുത്തില്‍ പുലിയുടേതെന്ന് കരുതുന്ന വലിയ പല്ലുകള്‍ കൊണ്ടുള്ള രണ്ടു മുറിവുകളും പരിശോധനയില്‍ കണ്ടത്തെി. ആടിന്‍െറ ഹൃദയവും കരളും നഷ്ടപ്പെട്ടിട്ടുണ്ട്. എല്‍സിയുടെ ഏഴ് ആടുകളില്‍ ഒന്നാണ് നഷ്ടപ്പെട്ടത്. 22,000 രൂപ വില കണക്കാക്കുന്നു. സംഭവത്തെക്കുറിച്ച് വനപാലകര്‍ മൂന്നാര്‍ ഡി.എഫ്.ഒക്ക് റിപ്പോര്‍ട്ട് നല്‍കും. ഡി.എഫ്.ഒയുടെ നിര്‍ദേശാനുസരണം പ്രദേശത്ത് കൂട് സ്ഥാപിച്ച് പുലിയെ പിടികൂടുമെന്നും എല്‍സിക്ക് വനംവകുപ്പ് നഷ്ടപരിഹാരം നല്‍കുമെന്നും വനപാലകര്‍ അറിയിച്ചു. പുലി ഇറങ്ങിയെന്ന വാര്‍ത്ത പരന്നതോടെ നൂറുക്കണക്കിന് ആളുകള്‍ തടിച്ചുകൂടി. പുലിയെ കിട്ടാതെ വന്നതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.