വിവി പാറ്റും വനിതകള്‍ നിയന്ത്രിക്കുന്ന പോളിങ് ബൂത്തുകളും പ്രത്യേകത –കലക്ടര്‍

കോട്ടയം: വോട്ട് ചെയ്ത വിവരങ്ങള്‍ ഏഴ് സെക്കന്‍ഡ് നേരത്തേക്ക് സമ്മതിദായകന് സ്ക്രീനില്‍ കാണാന്‍ കഴിയുന്ന വിവി പാറ്റ് സംവിധാനവും പൂര്‍ണമായും വനിതകള്‍ നിയന്ത്രിക്കുന്ന 50ഓളം പോളിങ് സ്റ്റേഷനുകളും ജില്ലയിലെ തെരഞ്ഞെടുപ്പിന്‍െറ പ്രത്യേകതകളായിരിക്കുമെന്ന് കലക്ടര്‍ യു.വി. ജോസ് കലക്ടറേറ്റില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള വുമണ്‍ മാന്‍ഡ് പോളിങ് സ്റ്റേഷനുകള്‍ ഒരു മണ്ഡലത്തില്‍ അഞ്ചെണ്ണത്തില്‍ കുറയാതെ പ്രവര്‍ത്തിക്കും. വിവി പാറ്റ് ജില്ലയില്‍ കോട്ടയം മണ്ഡലത്തിലാണ് നടപ്പാക്കുന്നത്. കൂടാതെ വീല്‍ചെയര്‍ ഉള്‍പ്പെടെ ഉയര്‍ന്ന നിലവാരത്തില്‍ സൗകര്യങ്ങളുള്ള 54 മാതൃകാ പോളിങ് സ്റ്റേഷനുകളും ജില്ലയില്‍ ക്രമീകരിക്കും. റാമ്പുകള്‍ ആവശ്യമുള്ള 497 പോളിങ് സ്റ്റേഷനുകള്‍ കണ്ടത്തെിയിട്ടുണ്ട്. ഇവയുടെ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കും. സ്ഥിരസ്വഭാവമുള്ള റാമ്പുകളായിരിക്കും നിര്‍മിക്കുക. ജില്ലയില്‍ 99 സെന്‍സിറ്റീവ് പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇവിടെ ലൈവ് വെബ് കാസ്റ്റിങ്ങിന് സൗകര്യമൊരുക്കും. ക്രിട്ടിക്കല്‍ പോളിങ് സ്റ്റേഷനുകളും വള്‍നറബ്ള്‍ പോളിങ് സ്റ്റേഷനുകളും ജില്ലയില്‍ ഇല്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉറപ്പുവരുത്താന്‍ 31ഫ്ളയിങ് സ്ക്വാഡുകളും 10 ഡിഫേസ്മെന്‍റ് സ്ക്വാഡുകളും ആരംഭിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തന ഏകോപനങ്ങള്‍ക്ക് വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ നോഡല്‍ ഓഫിസര്‍മാരായി ചുമതലയേറ്റു. മാധ്യമങ്ങളിലെ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് സെല്ലും തുടങ്ങി. തെരഞ്ഞെടുപ്പ് പരസ്യങ്ങളുടെ പ്രസിദ്ധീകരണത്തിനും സംപ്രേഷണത്തിനും പ്രദര്‍ശനത്തിനും മുന്‍കൂട്ടി കമ്മിറ്റിയുടെ അനുമതി സ്ഥാനാര്‍ഥികളോ പ്രതിനിധികളോ വാങ്ങിയിരിക്കണം. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പെയ്ഡ് വാര്‍ത്തകള്‍ നിരീക്ഷിക്കാനും സംവിധാനമുണ്ട്. തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന് ജില്ലയില്‍ നടപ്പാക്കിയ സ്വീപ്പിന്‍െറ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്. വോട്ടിങ് ശതമാനം കുറവുള്ള ക്ളസ്റ്ററുകള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ ബോധവത്കരണം നടത്താനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. അസി. കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, എ.ഡി.എം അജന്താകുമാരി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ മാഗി സീമന്തി, അനില്‍ ഉമ്മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.