മീനച്ചിലാറിന്‍െറ തീരം കൈയേറിയതിനെതിരെ പ്രക്ഷോഭം ശക്തമാകുന്നു

ഏറ്റുമാനൂര്‍: മീനച്ചിലാറിന്‍െറ തീരം കൈയേറിയതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ കാട്ടുന്ന അനാസ്ഥക്കെതിരെ ബഹുജനപ്രക്ഷോഭം ശക്തമാകുന്നു. പേരൂരില്‍ പൂവത്തുംമൂട് പാലം മുതല്‍ കിണറ്റിന്‍മൂട് തൂക്കുപാലംവരെയുള്ള പ്രദേശത്ത് 35 ഏക്കറോളം ആറ്റുതീരമാണ് സ്വകാര്യവ്യക്തികള്‍ കൈയേറിയിരിക്കുന്നത്. ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ച് നിയമ നടപടിയുമായി മുന്നോട്ടു പോയതിനെ തുടര്‍ന്ന് കൈയേറ്റ ഭൂമി അളന്ന് തിരിക്കാന്‍ ഒരിക്കല്‍ നടപടിയായെങ്കിലും ഡെപ്യൂട്ടി തഹസില്‍ദാറുടെ ഒത്താശയോടെ മാറ്റിവെച്ചുവെന്നാണ് ആരോപണം. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്‍റ് കലക്ടര്‍ക്കും മറ്റും നല്‍കിയ പരാതിയെ തുടര്‍ന്ന് 25ന് ഭൂമി അളന്നുതിരിക്കാന്‍ വീണ്ടും ഉത്തരവായി. ഏറ്റുമാനൂര്‍ നഗരസഭയിലെ 18ാം വാര്‍ഡില്‍പെട്ട 120 കോടിയോളം വിലമതിക്കുന്ന ഭൂമിയാണ് ആറ്റുപുറമ്പോക്കിലെ ഇല്ലിക്കാടുകളും മരങ്ങളും വെട്ടിനശിപ്പിച്ച് കൈയേറിയത്. പേരൂര്‍ വില്ളേജില്‍പെടുന്ന ഈ ഭൂമി പതിനഞ്ചോളം പേരുടെ അധീനതയിലാണിപ്പോള്‍. കിണറ്റിന്‍മൂട് കടവില്‍ പഞ്ചായത്തുവകയായി ഉണ്ടായിരുന്ന കുളിക്കടവും കുളിപ്പുരയും എട്ടുവര്‍ഷം മുമ്പ് ഇടിച്ചു നിരത്തി. ഇപ്പോള്‍ ഒരു വീടിന്‍െറ ചുറ്റുമതിലിനുള്ളിലാണ് ഈ സ്ഥലം. ഏറ്റുമാനൂര്‍-മണര്‍കാട് ബൈപാസിനോട് ചേര്‍ന്ന കൈയേറ്റ ഭൂമിയിലേക്ക് മറ്റാര്‍ക്കും പ്രവേശിക്കാനാകാത്ത വിധം തടസ്സം സൃഷ്ടിച്ചിരിക്കുകയാണ്. ഈ വാര്‍ഡിലെ കൗണ്‍സിലര്‍ ഉള്‍പ്പെടെ നഗരസഭാ, റവന്യൂ അധികൃതര്‍ കൈയേറ്റക്കാര്‍ക്ക് അനുകൂല നടപടിയാണ് എടുക്കുന്നതെന്നാണ് ആക്ഷേപം. ഇതിനിടെ മരങ്ങള്‍ വെട്ടിമാറ്റിയത് ഡി.എഫ്.ഒയത്തെി പരിശോധിച്ച് ബോധ്യപ്പെടുകയും ചെയ്തിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ വില്ളേജ് ഓഫിസിലും നഗരസഭയിലും വിവരാവകാശ നിയമമനുസരിച്ച് ഭൂമിയെ സംബന്ധിച്ച വിവരങ്ങള്‍ തിരക്കിയെങ്കിലും തൃപ്തികരമായ മറുപടിയല്ല ലഭിച്ചത്. പക്ഷേ, വില്ളേജില്‍നിന്ന് തഹസില്‍ദാര്‍ക്ക് നല്‍കിയ ഒരു രേഖയില്‍ മേല്‍പറഞ്ഞ സ്ഥലത്ത് കപ്പ, വാഴ എന്നിവ കൃഷി ചെയ്യുന്നതായി കണ്ടുവെന്നു പറയുന്നുണ്ട്. പ്രസിഡന്‍റ് മോന്‍സി പെരുമാലിന്‍െറ നേതൃത്വത്തില്‍ നടത്തിയ സമരപരിപാടികള്‍ക്കൊടുവില്‍ അന്ന് കലക്ടറായിരുന്ന യു.വി. ജോസിന്‍െറ നിര്‍ദേശപ്രകാരം കഴിഞ്ഞ 28ന് കൈയേറ്റ ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ എത്തുന്നതായി അഡീഷനല്‍ തഹസില്‍ദാര്‍ നോട്ടീസ് അയച്ചിരുന്നു. കൈയേറ്റക്കാരെന്ന് ആരോപിക്കപ്പെടുന്ന 15 പേര്‍ക്കും സമീപവാസികള്‍ക്കും പുറമെ ഏറ്റുമാനൂര്‍ നഗരസഭാ സെക്രട്ടറിക്കും ഏപ്രില്‍ അഞ്ചിന് നോട്ടീസ് നല്‍കിയിരുന്നു. ‘ആറ്റുപുറമ്പോക്ക് അതിര്‍ത്തി നിര്‍ണയിക്കുന്നതിന് താങ്കള്‍ നേരിട്ടോ ചുമതലപ്പെടുത്തിയ പ്രതിനിധി മുഖേനയോ സ്ഥലത്ത് ഹാജരുണ്ടാകണം’ എന്നായിരുന്നു നോട്ടീസ്. ഇതിനു പിന്നാലെയാണ് സ്ഥലം കൈവശം വെച്ചിരിക്കുന്ന ഒമ്പതുപേര്‍ ഓരോ ചെറിയ കാരണങ്ങളാല്‍ താലൂക്ക് സര്‍വേയറുമായി സഹകരിക്കാന്‍ നിവര്‍ത്തിയില്ളെന്നും അളവ് തീയതി തങ്ങളുടെ സൗകര്യപ്രകാരം മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് അഡീഷനല്‍ തഹസില്‍ദാര്‍ക്ക് കത്ത് നല്‍കുന്നത്. ഈ അപേക്ഷകളുടെ അടിസ്ഥാനത്തില്‍ അളവ് മാറ്റിവെച്ച അഡീഷനല്‍ തഹസില്‍ദാര്‍ കൈയേറ്റക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്ന് ആരോപിച്ച് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വീണ്ടും കലക്ടറെ സമീപിച്ചു. വിവരാവകാശനിയമം വഴി ലഭിച്ച രേഖകളും ഇവര്‍ ഹാജരാക്കി. ഇതേതുടര്‍ന്നാണ് ജൂണ്‍ 25ന് ഭൂമി അളന്ന് തിരിക്കാന്‍ വീണ്ടും ഉത്തരവായത്. കൈയേറ്റക്കാരെന്ന് പറയുന്ന 15 പേരുള്‍പ്പെടെ ആറ്റുപുറമ്പോക്കിനോട് ചേര്‍ന്ന് സ്ഥലമുള്ള 41 പേര്‍ക്കാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും സ്വാധീനത്തിന്‍െറ പേരില്‍ ഇനിയും അളവ് മാറ്റിവെക്കുമോ എന്നും നാട്ടുകാര്‍ക്ക് സംശയമുണ്ട്. ഇതിനിടെ പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്തത്തെി. 24ന് വൈകീട്ട് പൂവത്തുമൂട് കടവില്‍നിന്ന് കിണറ്റിന്‍മൂട്കടവിലേക്ക് പ്രകടനം നടത്തി പുറമ്പോക്ക് ഭൂമിയില്‍ കൊടിനാട്ടാനാണ് ബി.ജെ.പി തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.