പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത ഹോട്ടലുകള്‍ പൂട്ടിയില്ല: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൗണ്‍സില്‍ യോഗത്തില്‍ വിമര്‍ശം

കോട്ടയം: പഴകിയ ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്ത ഹോട്ടലുകള്‍ അടച്ചിടാന്‍ നിര്‍ദേശിക്കാത്ത ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കോട്ടയം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷവിമര്‍ശം. സാധാരണക്കാര്‍ക്കും വന്‍കിടക്കാര്‍ക്കും രണ്ടുനീതിയെന്ന ഉദ്യോഗസ്ഥരുടെ നയം അനുവദിക്കാനാവില്ളെന്ന് ഭരണ-പ്രതിപക്ഷ ഭേദമന്യേ കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ ആരോഗ്യവിഭാഗം അധികൃതര്‍ നടത്തിയ റെയ്ഡാണ് ചൂടുള്ള ചര്‍ച്ചക്ക് വഴിവെച്ചത്. സാധാരണക്കാരന്‍ മാലിന്യം റോഡരികില്‍ വലിച്ചെറിഞ്ഞാല്‍ വന്‍തുക പിഴ ഈടാക്കുന്നവര്‍ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തിട്ട് എന്തു നടപടി സ്വീകരിച്ചെന്ന് ഇവര്‍ ചോദിച്ചു. വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി അവ അടച്ചിടാന്‍ നിര്‍ദേശം നല്‍കാത്തവര്‍ സാധാരണക്കാരോട് കാണിക്കുന്നതു നീതികേടാണെന്ന് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. പഴകിയ ഭക്ഷണം പിടിച്ചെടുത്ത ഹോട്ടലുകള്‍ ഇപ്പോഴും തുറന്നുപ്രവര്‍ത്തിക്കുകയാണ്. ചില ഉദ്യോഗസ്ഥരുടെ ഇത്തരം പ്രവര്‍ത്തികളാണ് പൊതുസമൂഹത്തില്‍ തങ്ങളുടെ മുഖം വികൃതമാക്കുന്നതെന്നും കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള അങ്കണവാടിയില്‍ ചട്ടം മറികടന്ന് ആയയെ നിയമിച്ചെന്നാരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍ വി.വി. ഷൈല രംഗത്തത്തെി. നഗരസഭ 46ാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിയില്‍ ആയയുടെ ഒഴിവ് വന്നതിനെ തുടര്‍ന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. രണ്ടുപേര്‍ അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍, ഒന്നിലേറെ അപേക്ഷ വന്നിട്ടും അഭിമുഖം പോലും നടത്താന്‍ തയാറാവാതെ ചിലരുടെ താല്‍പര്യം മാത്രം മാനിച്ച് നിയമനം നടത്തുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.ആയയുടെ ഒഴിവ് വന്നതിനെ തുടര്‍ന്ന് വാര്‍ഡില്‍നിന്ന് ഒരാളുടെ അപേക്ഷ താന്‍ തന്നെയാണ് അധ്യക്ഷയെ ഏല്‍പിച്ചത്. നിയമിച്ചെന്ന് പറയുന്ന ആളിന്‍െറ അപേക്ഷ നഗരസഭയില്‍ ലഭിച്ചത് ഏപ്രില്‍ 25നാണ്. എന്നാല്‍, ഇവരെ നിയമിക്കാമെന്ന് കാട്ടി അധ്യക്ഷ ശിപാര്‍ശ ഒപ്പിട്ടിരിക്കുന്നത് മാര്‍ച്ച് 28നും. ഈ വൈരുധ്യം തന്നെ നിയമനത്തിലെ അപാകത വെളിപ്പെടുത്തുന്നതാണെന്നും നിയമനം റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, തന്‍െറ പക്കല്‍ ഒരു അപേക്ഷ മാത്രമേ ലഭിച്ചുള്ളൂവെന്നായിരുന്നു ചെയര്‍പേഴ്സണ്‍ പി.ആര്‍. സോനയുടെ മറുപടി. ഇതോടെ കൗണ്‍സില്‍ യോഗങ്ങളില്‍ അധ്യക്ഷപദവി അലങ്കരിക്കുന്നുവെന്നല്ലാതെ പല വിഷയങ്ങളെക്കുറിച്ചും ചെയര്‍പേഴ്സനറിയില്ളെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. നഗരസഭയെ ബാധിക്കുന്ന വിഷയങ്ങളില്‍ തീരുമാനമെടുക്കാനോ പ്രതികരിക്കാനോ തയാറാകുന്നില്ല. അംഗങ്ങള്‍ പറയുന്നത് കേള്‍ക്കാനും മറുപടി നല്‍കാനും അധ്യക്ഷ തയാറാവണമെന്നും പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.