പാലാ: രാമപുരം നാലമ്പല ദര്‍ശനം ആരംഭിക്കാന്‍ ഇനി ഒരുമാസം മാത്രം അവശേഷിക്കുമ്പോഴും തകര്‍ന്ന അമനകര-ഇരപ്പുംകര റോഡ് നന്നാക്കാന്‍ നടപടിയില്ല. ക്ഷേത്രങ്ങളിലേക്കുള്ള എല്ലാറോഡുകളും ടാറിങ്ങും അനുബന്ധപണിയും പൂര്‍ത്തീകരിച്ചെങ്കിലും ഈ റോഡിന്‍െറ അറ്റകുറ്റപ്പണി മാത്രം പൂര്‍ത്തിയാകാത്തത് തീര്‍ഥാടകര്‍ക്ക് ദുരിതമാകും. അമനകര ഭരതസ്വാമിക്ഷേത്രത്തില്‍നിന്ന് മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രത്തിലേക്കുള്ള രണ്ടര കി.മീ. റോഡില്‍ ഒന്നര കി.മീ. ദൂരത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍, അമനകര മുതല്‍ ഇരപ്പുംകരവരെയുള്ള ഒരു കി.മീ. ദൂരം തകര്‍ന്നുതന്നെ കിടക്കുകയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രോഗ്രാം ഇംപ്ളിമെന്‍േറഷന്‍ യൂനിറ്റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സ്റ്റോപ് മെമ്മോ കൊടുത്തതോടെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിലച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഈ ഒരു കി.മി. ദൂരം അഞ്ചു വര്‍ഷം മുമ്പ് പി.എം.ജി.എസ്.വൈ പ്രകാരം ടാറിങ് പൂര്‍ത്തീകരിച്ചതാണ്. അഞ്ചു വര്‍ഷത്തെ ഗാരന്‍റി വര്‍ക്കായിരുന്നു ഇത്. ഈ കരാറിന്‍െറ കാലാവധി 2016 ജൂലൈ വരെ ഉണ്ട്. അതുവരെ ഈറോഡില്‍ ഒരുജോലികളും ചെയ്യാന്‍ അനുവദിക്കരുതെന്ന് കാണിച്ച് വഴിത്തല സ്വദേശിയായ അന്നത്തെ കോണ്‍ട്രാക്ടര്‍ പരാതി കൊടുത്തതില്‍ പ്രകാരമാണ് സ്റ്റോപ് മെമ്മോ ലഭിച്ചിരിക്കുന്നത്. അഞ്ചു വര്‍ഷം മുമ്പ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതിനുശേഷം കോണ്‍ട്രാക്ടര്‍ ഈവഴിയിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. പി.എം.ജി.എസ്.വൈ പദ്ധതിക്ക് ഓരോവര്‍ഷവും മെയ്ന്‍റനന്‍സ് കോസ്റ്റ് ലഭിക്കുന്നത് ഇയാള്‍ കൈപ്പറ്റുന്നുണ്ടെന്നും ഉദ്യോഗസ്ഥരും ഇതിന്‍െറ ഓഹരിയായി ലക്ഷങ്ങള്‍ കൈപ്പറ്റുന്നുണ്ടെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. നാലമ്പലങ്ങളിലേക്ക് എത്തുന്ന രാമപുരം പഞ്ചായത്തിലെ 14 റോഡുകള്‍ 67 കോടി മുടക്കി ആധുനികരീതിയില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഈ ഒരു കി.മീ. ദൂരം തകര്‍ന്നുകിടക്കുന്നതിനാല്‍ ബാക്കി മുഴുവന്‍ റോഡുകളും ആധുനീകരിച്ചതിന്‍െറ പ്രയോജനം ലഭിക്കുകയില്ല എന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. ഇനി ഒരു മാസം മാത്രമാണ് പഴയ കോണ്‍ട്രാക്ടറുടെ എഗ്രിമെന്‍റ് കാലാവധി നാലമ്പല തീര്‍ഥാടനം ആരംഭിക്കാനും ഇനി ഒരുമാസം മാത്രമാണ് അവശേഷിക്കുന്നത്. കോണ്‍ട്രാക്ടറുടെയും ഉദ്യോഗസ്ഥരുടെയും അനാവശ്യമായ വാശിമൂലം തീര്‍ഥാടകര്‍ വലയും. നാലമ്പല തീര്‍ഥാടനത്തെ തകര്‍ക്കാനുള്ള ചിലശക്തികളുടെ നീക്കങ്ങളും ഇതിനു പിന്നിലുണ്ടെന്ന് നാലമ്പല ദര്‍ശന കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. നിരവധി തവണ ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയെങ്കിലും ആവശ്യത്തിന് ഫണ്ട് അനുവദിച്ചിട്ടും മുടന്തല്‍ ന്യായങ്ങള്‍ പറഞ്ഞ് പുതിയതായി കരാര്‍ എടുത്ത കമ്പനിയെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും തീര്‍ഥാടന കാലത്തിനു മുമ്പ് റോഡ് ഗതാഗതയോഗ്യമാക്കിയില്ളെങ്കില്‍ ജില്ലാ പഞ്ചായത്ത് ഓഫിസിന്‍െറ മുന്നില്‍ നാലമ്പല ഭക്തര്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും നാലമ്പല ദര്‍ശന കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.