ചേര്‍പ്പുങ്കല്‍–ഭരണങ്ങാനം റിങ് റോഡിന് സ്ഥലമേറ്റെടുക്കല്‍ നിലച്ചു

പാലാ: പൂഞ്ഞാര്‍-ഏറ്റുമാനൂര്‍ റോഡിന് സമാന്തരമായി നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന ചേര്‍പ്പുങ്കല്‍ -ഭരണങ്ങാനം റിങ് റോഡിന് സ്ഥലമേറ്റെടുക്കല്‍ നടപടി നിലച്ചു. നാലു ഘട്ടങ്ങളായി നിര്‍മിക്കാന്‍ ലക്ഷ്യമിടുന്ന റോഡിന് സ്ഥലമേറ്റെടുക്കാനുള്ള നിയമനടപടി പൂര്‍ത്തിയായിരുന്നു. തുകനല്‍കി ഏറ്റടുക്കല്‍ മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍, തുടര്‍നടപടി നിശ്ചലാവസ്ഥയിലാണ്്. പൊതുമരാമത്ത് വകുപ്പ് പലഭാഗങ്ങളിലും സ്ഥലം അളന്നുതിരിച്ച് കല്ലിട്ടെങ്കിലും ഭൂവുടമകളുമായി ഫലപ്രദ ചര്‍ച്ചകള്‍ പോലും നടന്നില്ല. 2004ലാണ് 12 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റിങ് റോഡ് വിഭാവനം ചെയ്തത്. 16 മീറ്റര്‍ വീതിയിലാണ് നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നത്്. നിലവില്‍ എട്ട് മീറ്റര്‍ വീതിയിലാണ് റോഡുള്ളത്. ഇത് വീതികൂട്ടിയാണ് പണിയുക. ഇടമറ്റം ഉള്‍പ്പെടെ പ്രദേശങ്ങളില്‍ സ്ഥലം വിട്ടുനല്‍കാന്‍ ഉടമകള്‍ മുന്‍കൈയെടുത്തിരുന്നു. ഒട്ടേറെ അവികിസിത മേഖലകളുടെ വികസനത്തിന്് റോഡ് പ്രയോജനപ്രദമാണ്. റോഡ് നിര്‍മാണത്തോടൊപ്പം ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്‍െറ പണിയും തുടങ്ങേണ്ടതുണ്ട്. മുത്തോലി, മീനച്ചില്‍, ഭരണങ്ങാനം പഞ്ചായത്തുകള്‍ വഴിയും പാലാ നഗരസഭയിലെ തെക്കേക്കര വഴിയുമാണ് നിര്‍ദിഷ്ട റോഡ് പോകുന്നത്. ചേര്‍പ്പുങ്കല്‍-തെക്കുംമുറി-മുത്തോലി കടവ്, മുത്തോലി കടവ്-വെള്ളിയേപ്പള്ളി-കടപ്പാട്ടൂര്‍, കടപ്പാട്ടൂര്‍-മുരിക്കുംപുഴ, മുരിക്കുംപുഴ-പാറപ്പള്ളി-കിഴപറയാര്‍-ഇടമറ്റം-വിലങ്ങുപാറ പാലം എന്നിങ്ങനെ റോഡുകളെ ബന്ധിപ്പിച്ച് ഭരണങ്ങാനത്തത്തെുന്നതാണ് റിങ് റോഡ്. വീടുകളും കടകളും പരമാവധി കുറവുള്ള സ്ഥലത്തുകൂടിയാണ് അലൈന്‍മെന്‍റ് നിശ്ചയിച്ചത്. ചേര്‍പ്പുങ്കല്‍, ഭരണങ്ങാനം പള്ളികളെ ബന്ധിപ്പിച്ച് കടപ്പാട്ടൂര്‍ ക്ഷേത്രം, പാലാ കത്തീഡ്രല്‍, ഇടമറ്റം പുത്തന്‍ ശബരിമല, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലൂടെയാണ് റോഡ് പോകുന്നത്. റിങ് റോഡ് നിര്‍മിച്ചാല്‍ കിടങ്ങൂര്‍, കൊഴുവനാല്‍, ചേര്‍പ്പുങ്കല്‍, മുത്തോലി, മേവട, പന്തത്തല, വെള്ളിയേപ്പള്ളി, മീനച്ചില്‍, പാലാക്കാട്, കണ്ണാടിയുറുമ്പ്, പൂവരണി, പൈക, പാറപ്പള്ളി, കിഴപറയാര്‍, ഇടമറ്റം, വിളക്കുമാടം, ചാത്തന്‍കുളം, പൂവത്തോട്, തിടനാട്, അമ്പാറനിരപ്പ്, കൊണ്ടൂര്‍, ഭരണങ്ങാനം പ്രദേശങ്ങളിലെ യാത്രാസൗകര്യം വര്‍ധിക്കും. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍, പുനലൂര്‍- മൂവാറ്റുപുഴ, പാലാ- കൊടുങ്ങൂര്‍, പൈക-ഭരണങ്ങാനം, ഭരണങ്ങാനം-തിടനാട് തുടങ്ങിയ പ്രധാന റോഡുകളുടെ ബൈപാസായും പ്രയോജനപ്പെടും. പൂഞ്ഞാര്‍, ഈരാറ്റുപേട്ട മേഖലകളില്‍ നിന്നത്തെുന്നവര്‍ക്ക് ഭരണങ്ങാനത്തെയോ, പാലാ നഗരത്തിലെയോ തിരക്കില്‍പെടാതെ ചേര്‍പ്പുങ്കല്‍-ഏറ്റുമാനൂര്‍ ബൈപാസില്‍ എത്താം. അല്‍ഫോന്‍സ തീര്‍ഥാടകര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും പ്രയോജപ്പെടുന്നതാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.