ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടിയിട്ട് സ്കൂള്‍ തുറന്നാല്‍ മതിയെന്ന് ഡി.ഡി

കോട്ടയം: ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചശേഷം മാത്രം സ്കൂള്‍ തുറന്നാല്‍ മതിയെന്ന് കാട്ടി താഴത്തങ്ങാടി ഗവ. മുഹമ്മദന്‍ യു.പി സ്കൂളിന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നോട്ടീസ്. ബുധനാഴ്ച അങ്കണവാടിയായി പ്രവര്‍ത്തിച്ചിരുന്ന സ്കൂള്‍ കെട്ടിടത്തിന്‍െറ ഭാഗം തകര്‍ന്ന സാഹചര്യത്തിലാണ് നിര്‍ദേശം. സ്ഥലം സന്ദര്‍ശിച്ച ഡി.ഡി സ്കൂളിന്‍െറ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്‍െറ കാലാവധി മേയ് 31ന് അവസാനിച്ചതായി കണ്ടത്തെിയിരുന്നു. ഇതിനെതുടര്‍ന്നാണ് ഫിറ്റ്നസ് നേടിയതിനുശേഷം മാത്രം യു.പി സ്കൂളില്‍ ക്ളാസ് നടത്തിയാല്‍ മതിയെന്ന് നിര്‍ദേശിച്ചിരിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് സ്കൂളിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അങ്കണവാടി തകര്‍ന്നത്. കെട്ടിടത്തിലുണ്ടായിരുന്ന അഞ്ചുകുട്ടികള്‍ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇതോടെ ഇതിനോട് ചേര്‍ന്നുള്ള യു.പി സ്കൂള്‍ കെട്ടിടത്തിന്‍െറ ഉറപ്പ് സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിരുന്നു. ഒന്നുമുതല്‍ എഴുവരെ ക്ളാസുകളിലായി ഇവിടെ 40 കുട്ടികളാണ് പഠിക്കുന്നത്. നഗരസഭാ എന്‍ജിനീയറെ സമീപിച്ച് ഫിറ്റ്നസ് നേടാനുള്ള ശ്രമം സ്കൂള്‍ അധികൃതര്‍ തുടങ്ങിയിട്ടുണ്ട്. മേയ് 18ന് തന്നെ ഫിറ്റ്നസ് ലഭിക്കാനുള്ള അപേക്ഷ നല്‍കിയിരുന്നതായി ഹെഡ്മാസ്റ്റര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.