മഴ കനത്തതോടെ പ്രധാന റോഡുകള്‍ വെള്ളക്കെട്ടില്‍

പാലാ: നഗരസഭക്കുള്ളില്‍ ഒറ്റ മഴക്കുതന്നെ വെള്ളക്കെട്ട് രൂക്ഷം. മഴ കനത്തതോടെ നഗരത്തിലെ പ്രധാന റോഡുകള്‍ ഉള്‍പ്പെടെ വെള്ളക്കെട്ട് ഉയര്‍ന്നത് ഗതാഗതക്കുരുക്കിനും അപകടത്തിനും ഇടയാക്കുന്നതായി പരാതി ഉയരുകയാണ്. സെന്‍റ് തോമസ് സ്കൂളിന് മുന്‍വശം, ഹെഡ് പോസ്റ്റ് ഓഫിസ് ജങ്ഷന്‍, കുരിശുപള്ളി കവല, സിവില്‍ സ്റ്റേഷന്‍- പാരലല്‍ റോഡ്, കെ.എസ്.ഇ.ബിക്ക് മുന്‍വശം, കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍ എന്നിവിടങ്ങളിലെല്ലാം കനത്തവെള്ളക്കെട്ടാണ് ബുധനാഴ്ച രൂപപ്പെട്ടത്. വേനല്‍കാലത്ത് അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ഓടകള്‍ നവീകരിക്കാത്തതാണ് പലസ്ഥലത്തും വെള്ളക്കെട്ടിന് കാരണമാകുന്നത്. ഓടകളില്‍ പ്ളാസ്റ്റിക് മാലിന്യവും മറ്റും അടിഞ്ഞുകൂടി വെള്ളമൊഴുക്ക് നിലച്ച അവസ്ഥയാണ്. പ്രധാന റോഡുകളിലെ തിരക്കേറിയ ഭാഗത്തെ വെള്ളക്കെട്ട് വാഹനഗതാഗതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. മഴപെയ്താല്‍ മണിക്കൂറുകളോളം ഗതാഗതക്കുരുക്കാണ്. ഇന്നലെ ഹെഡ്പോസ്റ്റ് ഓഫിസ് ഭാഗത്ത് വെള്ളംകെട്ടിനിന്ന് ചളിരൂപപ്പെട്ട റോഡില്‍ ബ്രേക്ക് നഷ്ടപ്പെട്ട് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു. നാലുമണിയോടെയായിരുന്നു അപകടം. രണ്ട് കാറും ഒരു ഓട്ടോയുമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ ഓട്ടോ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരത്തിലെ വെള്ളക്കെട്ട് പൂര്‍ണമായും ഒഴിവാക്കുന്നതിന് വേണ്ടി കെ.എം. മാണി എം.എല്‍.എ താല്‍പര്യമെടുത്ത് സര്‍ക്കാറില്‍നിന്ന് ഒരു കോടിയോളം അനുവദിച്ച് പ്രധാന റോഡുകള്‍ക്ക് ഇരുവശവുമായി ഓടകളും മനോഹരമായ നടപ്പാതകളും നിര്‍മിച്ചു നല്‍കിയിരുന്നു. എന്നാല്‍, പിന്നീട് നഗരസഭാ അധികൃതര്‍ വേണ്ടവിധം അറ്റകുറ്റപ്പണിയോ, മാലിന്യനീക്കമോ നടത്താത്തുമൂലം ഓടകള്‍ പലതും അടഞ്ഞ അവസ്ഥയാണ്. സെന്‍റ് തോമസ് സ്കൂളിന് മുന്‍വശത്തും പോസ്റ്റ് ഓഫിസ് പരിസരത്തും കനത്തമഴയില്‍ രണ്ടടിയിലേറെ വെള്ളം ഉയരാറുണ്ട്. മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവിടെ റോഡ് പഴയ അവസ്ഥയിലത്തെുന്നത്. വെള്ളക്കെട്ടിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ ഓളംതള്ളി സമീപത്തെ കടകളിലേക്ക് വെള്ളം കയറുന്ന സ്ഥിതിയുമുണ്ട്. കാല്‍നടക്കാരുടെ വസ്ത്രങ്ങളിലും ചളിവെള്ളം തെറിച്ചുവീഴുന്നതും നിത്യസംഭവമാണ്. പാരലല്‍ റോഡില്‍ ഓടകളുടെ നിര്‍മാണം തുടങ്ങാനായിട്ടില്ല. ഇതുമൂലം പുത്തന്‍പള്ളിക്കുന്ന് മുതലുള്ള മഴവെള്ളം ഇവിടെ റോഡിലൂടെ ഒഴുകുന്ന അവസ്ഥയാണ്. സെന്‍റ് മേരീസ് സ്കൂള്‍ ഭാഗത്ത് എത്തുന്നതോടെ കുത്തിയൊലിച്ചത്തെുന്ന വെള്ളം റോഡ് നിറഞ്ഞൊഴുകുന്ന അവസ്ഥയാണ്. റോഡിലാകെ ചളിയും കല്ലും നിറഞ്ഞ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയാണ് ഓരോ മഴ കഴിയുമ്പോഴുമുള്ളത്. നിരവധി സ്കൂള്‍ കുട്ടികള്‍ കടന്നുപോകുന്ന വഴിയില്‍ കുത്തൊഴുക്ക് കാല്‍നടക്കാര്‍ക്കും ഭീഷണിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.