പൈപ്പുകള്‍ മാറ്റാന്‍ നടപടിയില്ല; റെയില്‍വേ മേല്‍പാലനിര്‍മാണം ഇഴയുന്നു

ചങ്ങനാശേരി: ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ വാഴൂര്‍ റോഡിലെ റെയില്‍വേ മേല്‍പാലത്തിന്‍െറ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്നാവശ്യം ശക്തമാകുന്നു. നിലവിലുള്ള വീതികുറഞ്ഞ മേല്‍പാലത്തിലൂടെ വിദ്യാര്‍ഥികളടക്കമുള്ളവരുടെ യാത്ര അപകട ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. അധ്യയനവര്‍ഷം ആരംഭിച്ചതോടെ വാഹനപ്പെരുപ്പവും വര്‍ധിച്ചിരിക്കുകയാണ്. രാവിലെയും വൈകീട്ടും റെയില്‍വേ ജങ്ഷനില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഒരുവര്‍ഷം മുമ്പ് ആരംഭിച്ച മേല്‍പാലത്തിന്‍െറ നിര്‍മാണം ഭൂരിഭാഗവും പൂര്‍ത്തിയായെങ്കിലും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാത്തതുമൂലം പുതിയ പാലം തുറന്നുകൊടുക്കാനുള്ള നടപടി താമസിക്കുകയാണ്. റെയില്‍വേ പാലത്തിന്‍െറ നിര്‍മാണത്തോടൊപ്പം റെയില്‍പാത വികസനവും മുടങ്ങിയനിലയിലാണ്. കഴിഞ്ഞ മാര്‍ച്ച് പത്തിനകം പഴയ പാലം പൊളിച്ചുമാറ്റാനും 31നകം പാതവികസനം പൂര്‍ത്തിയാക്കാനുമാണ് റെയില്‍വേ അധികൃതര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, പൈപ്പ് മാറ്റുന്നതിനുള്ള നടപടികളില്‍ വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്ന് കാലതാമസം ഉണ്ടായതാണ് വൈകുന്നതിനു കാരണമാകുന്നതെന്നാണ് ആരോപണം. ചങ്ങനാശേരിയിലെ പഴയ പാലം പൊളിക്കാത്തതുമൂലം ഈ ഭാഗത്ത് മണ്ണെടുത്ത് വീതികൂട്ടാന്‍ കഴിഞ്ഞിട്ടില്ല. പൈപ്പ് ലൈന്‍ മാറ്റിസ്ഥാപിക്കലിനുള്ള ടെന്‍ഡര്‍ കൊള്ളാന്‍ കരാറുകാര്‍ എത്താതിരുന്നതാണ് നടപടി തടസ്സപ്പെടാന്‍ ആദ്യ കാരണം. പിന്നീടത്തെിയ കരാറുകാരന്‍ 24 ശതമാനം അധികരിച്ച ടെന്‍ഡര്‍ ആവശ്യപ്പെട്ടതോടെ വിഷയം പ്രതിസന്ധിയിലാക്കി. തുടര്‍ന്ന് തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നിലവില്‍വന്നതോടെ വാട്ടര്‍ അതോറിറ്റിക്ക് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കാന്‍ ബുദ്ധിമുട്ട് നേരിട്ടതും പൈപ്പ് മാറ്റലിനെ ബാധിച്ചു. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം റെയില്‍വേ ഉന്നത വകുപ്പ് ഉദ്യോഗസ്ഥന്‍ വാട്ടര്‍ അതോറിറ്റി എം.ഡിയുമായി ചര്‍ച്ച നടത്തി. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പുതിയ പാലത്തില്‍ ഭൂഗര്‍ഭ കേബ്ളുകളിലൂടെ വൈദ്യുതി, ബി.എസ്.എന്‍.എല്‍ ലൈനുകള്‍ സ്ഥാപിക്കുന്ന ജോലി നടന്നുവരികയാണ്. 13 മീറ്റര്‍ വീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ പാലത്തിന്‍െറ ഇരുവശങ്ങളിലും ഫുട്പാത്തുകളും നിര്‍മിച്ചിട്ടുണ്ട്. 4.2 കോടി രൂപ മുടക്കില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഈ പാലത്തിന്‍െറ നിര്‍മാണത്തിന് തുടക്കംകുറിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.