വിദ്യാര്‍ഥികളെ കുത്തിനിറച്ച് സ്കൂള്‍ വാഹനങ്ങള്‍

കോട്ടയം: വിദ്യാര്‍ഥികളെ കുത്തിനിറച്ച് സ്കൂള്‍ വാഹനങ്ങളും സമാന്തര സര്‍വിസുകളും നിരത്തില്‍. വിദ്യാര്‍ഥികളുടെ സുരക്ഷക്കായി മോട്ടോര്‍ വാഹനവകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് മിക്ക വാഹനങ്ങളും നിരത്തിലിറങ്ങുന്നത്. ഇത് നിരീക്ഷിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ തയാറാകാത്തതാണ് കുട്ടികളെ കുത്തിനിറക്കാന്‍ പ്രേരണയാകുന്നത്. വിദ്യാര്‍ഥികളെ കുത്തിനിറച്ചു കയറ്റുക, വേഗപ്പൂട്ട് ഘടിപ്പിക്കാതിരിക്കുക, വാതിലുകളില്‍ അറ്റന്‍ഡര്‍മാരെ നിയോഗിക്കാതിരിക്കുക, 10 വര്‍ഷം ഡ്രൈവിങ് പരിചയിച്ചിട്ടില്ലാത്തവരെ ഡ്രൈവറാക്കുക തുടങ്ങിയവയാണ് ലംഘിക്കപ്പെടുന്നവയില്‍ കൂടുതലും. നിയമങ്ങള്‍ പാലിക്കാതെ സ്കൂള്‍ കോമ്പൗണ്ടിനുള്ളില്‍നിന്ന് വിദ്യാര്‍ഥികളെ കയറ്റിയാല്‍പോലും അധ്യാപകരെ ജീവനക്കാരോ ചോദ്യംചെയ്യാന്‍ തയാറാകാറില്ല. ആര്‍.ടി.ഒ അധികൃതര്‍ നടത്തിയ പരിശോധനയില്‍ എല്ലാ സ്കൂള്‍ വാഹനങ്ങളിലും വേഗപ്പൂട്ട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും സ്കൂള്‍ തുറന്ന ആദ്യദിനത്തില്‍പോലും പലവാഹനങ്ങളും ബന്ധം വേര്‍പെടുത്തിയാണ് ഓടിച്ചത്. സ്കൂള്‍ ബസിന്‍െറ വാതിലുകളില്‍ അറ്റന്‍ഡര്‍മാരെ നിയമിച്ച് വിദ്യാര്‍ഥികള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും സഹായിക്കണമെന്നാണ് മാര്‍ഗനിര്‍ദേശത്തിലുള്ളതെങ്കിലും ഇതും പാലിക്കപ്പെട്ടില്ല. ഓട്ടോകളിലെ യാത്രകളാണ് വിദ്യാര്‍ഥികള്‍ക്ക് പീഡനമാകുന്നത്. 12ലേറെ വിദ്യാര്‍ഥികളെ കയറ്റുന്ന ഓട്ടോകള്‍വരെ നഗരത്തിലുണ്ട്. എന്നാല്‍, അവക്കെതിരെ നടപടിയെടുക്കാന്‍ പൊലീസും തയാറാകുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.