ദലിത് കുടുംബത്തെ വീടുകയറി ആക്രമിച്ചു

തലയോലപ്പറമ്പ്: ദലിത് വീട്ടമ്മയെയും ഭര്‍ത്താവിനെയും മകനെയും ഒരുസംഘം സാമൂഹിക വിരുദ്ധര്‍ വീടുകയറി മര്‍ദിച്ചു. തലയോലപ്പറമ്പ് കോലത്താര്‍ കട്ടാത്തറ വീട്ടില്‍ റെജീന (39), ഭര്‍ത്താവ് പ്രദീപ് (മണിക്കുട്ടന്‍ 46), മകന്‍ കാളിദാസ് (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ റെജീന, കാളിദാസ് എന്നിവരെ വൈക്കം ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദീപിനെ പ്രാഥമിക ചികിത്സക്കുശേഷം വിട്ടയച്ചു. ഞായറാഴ്ച വൈകീട്ട് ഏഴിനായിരുന്നു ആക്രമണം നടന്നത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പ്രദീപിനെ ഒരുസംഘം ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നു. തടസ്സം പിടിക്കാനത്തെിയ റെജീനയെ ചവിട്ടിവീഴ്ത്തിയ സംഘം അവരുടെ വസ്ത്രം വലിച്ചുകീറുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്തതായി പറയുന്നു. കാളിദാസിനെ ആക്രമിച്ച് വീഴ്ത്തിയ സംഘം ബഹളംകേട്ട് നാട്ടുകാരത്തെിയപ്പോള്‍ ഓടിരക്ഷപ്പെട്ടു. ഇതിനുമുമ്പും തന്നെയും മകനെയും സാമൂഹിക വിരുദ്ധര്‍ റോഡില്‍ ആക്രമിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. സംഭവമറിഞ്ഞ് പൊലീസ് എത്തിയപ്പോള്‍ അക്രമികള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. അതേസമയം മദ്യത്തിന് അടിമകളായ ഒരുകൂട്ടം ആളുകള്‍ തമ്മിലുള്ള അടിപിടിയാണ് നടന്നതെന്ന് തലയോലപ്പറമ്പ് എസ്.ഐ രാജന്‍കുമാര്‍ അറിയിച്ചു. സംഭവത്തില്‍ കെ.പി.എം.എസ് തലയോലപ്പറമ്പ് യൂനിയന്‍ കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്‍റ് ടി.കെ. കുഞ്ഞന്‍ അധ്യക്ഷത വഹിച്ചു. കെ. കൃഷ്ണന്‍കുട്ടി, കെ.കെ. കൃഷ്ണകുമാര്‍, സി.ജി. ഷാംജി, അരുണ്‍ ഗോപി, സുനില്‍, ആര്‍. ശ്രീജിത്ത്, സിബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.