മുണ്ടക്കയം: ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ ലഭിച്ച പത്താം ക്ളാസില്‍ പക്ഷേ, കെട്ടിടമില്ലാതെ കുട്ടികള്‍ എങ്ങനെ ഇരിക്കുമെന്ന ദുരിതാവസ്ഥയിലാണ് കൊമ്പുകുത്തി സര്‍ക്കാര്‍ ഹൈസ്കൂള്‍. കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ കിഴക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന ഈ സ്കൂളിലെ വിദ്യാര്‍ഥികള്‍ ദുരവസ്ഥയിലാണ്. രണ്ടു വര്‍ഷം മുമ്പാണ് പത്താം ക്ളാസ് അനുവദിച്ചത്. എന്നാല്‍, ക്ളാസ് മുറികള്‍ ഒരുക്കാന്‍ അധികൃതര്‍ തയാറായില്ല. സ്കൂള്‍ അനുവദിച്ചപ്പോള്‍ കുട്ടികളെ ഇരുത്താന്‍ മുറിയില്ലാത്തത് പ്രതിസന്ധിയായി. സ്കൂള്‍ കെട്ടിടത്തിന് മുന്നില്‍ പ്രത്യേക ഷെഡ് നിര്‍മിച്ച് അതിലായിരുന്നു പഠനം. കെട്ടിടം നിര്‍മിക്കാന്‍ സഹായം ചെയ്ത് നല്‍കുമെന്ന് ജനപ്രതിനിധികളും രാഷ്ട്രീയക്കാരും ആണയിട്ടു പറഞ്ഞെങ്കിലും കുട്ടികള്‍ക്ക് കഴിഞ്ഞ വര്‍ഷവും കാറ്റടിച്ചാല്‍ പറന്നുയരുന്ന താല്‍ക്കാലിക ഷെഡ് തന്നെയായിരുന്നു അഭയം. പട്ടികവര്‍ഗ മേഖല കൂടിയായ ഇവിടെ വിദ്യാര്‍ഥികള്‍ ജീവന്‍ പണയപ്പെടുത്തിയാണ് ക്ളാസിലിരിക്കുന്നത്. മാനത്ത് മഴക്കാറു കൂടുമ്പോള്‍ തന്നെ അധ്യാപകരുടെ നിര്‍ദേശമത്തെും. താല്‍ക്കാലിക ക്ളാസ് മുറിയിലെ പഠനം അവസാനിപ്പിച്ച് അകത്തെ ഒമ്പതാം ക്ളാസിലെ മുറിയിലേക്ക് പഠനം മാറ്റും. പിന്നെ ഒമ്പതും പത്തുമെല്ലാം ഒരേ മുറിയില്‍. ഭയമാണെങ്കിലും ഉള്ള ക്ളാസ് മുറിയിലിരുന്നു പഠിക്കാന്‍ കുട്ടികള്‍ തയാറായെങ്കിലും മറ്റ് സൗകര്യങ്ങളൊന്നും സ്കൂളിനില്ല. ലാബ് സൗകര്യം ഇവിടെയില്ല. ഉപകരണങ്ങള്‍ പലതുമുണ്ടെങ്കിലും ഇതെല്ലാം താല്‍ക്കാലിക ഷെഡില്‍ കൊണ്ടുവന്നാണ് പഠനം നടത്തുന്നത്. നാല് അധ്യാപകരുടെ ഒഴിവുകളാണ് ഇക്കുറി. മലയാളം, കണക്ക്, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് രണ്ടുപേരെ താല്‍ക്കാലികമായി നിയമിക്കാന്‍ നിര്‍ദേശം ലഭിച്ചു. രണ്ടുപേരെ സര്‍ക്കാര്‍ നിയമിക്കുമെന്ന് പറയുന്നു. പരാധീനതകള്‍ക്കിടയിലും പഠനത്തില്‍ മികവ് പുലര്‍ത്താന്‍ കോരുത്തോട് പഞ്ചായത്തിലെ കുന്നിന്‍ മുകളില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് കഴിയുന്നു. ആദ്യ എസ്.എസ്.എല്‍.സി ബാച്ചില്‍ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. ഈ വര്‍ഷം ഒരാള്‍ മാത്രം ഒരുവിഷയത്തിന് പരാജയപ്പെട്ടപ്പോള്‍ നൂറുശതമാനമെന്ന അംഗീകാരം നഷ്ടമായി. എങ്കിലും താല്‍ക്കാലികമായി നിര്‍മിച്ച ഷെഡില്‍ ഇരുന്നു പഠിച്ചു നേടിയ വിജയം അഭിമാനത്തോടെയാണ് നാട് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.