ഈരാറ്റുപേട്ട: സി.പി.എം പ്രവര്‍ത്തകനും ഈരാറ്റുപേട്ട ഗവ. ആശുപത്രി താല്‍ക്കാലിക ജീവനക്കാരനുമായ കുന്നുംപുറത്ത് നസീറിനെ സഹപ്രവര്‍ത്തകര്‍ സംഘംചേര്‍ന്ന് മര്‍ദിച്ച സംഭവത്തിലെ പ്രതികള്‍ പൊലീസില്‍ ഹാജരായി. ദുര്‍ബലമായ കേസെടുത്ത് പ്രതികളെ ജാമ്യത്തില്‍ വിട്ടു. ഇലവുങ്കല്‍ നവാസ്, പാറയില്‍ ജബ്ബാര്‍, വലിയ വീട്ടില്‍ സുബൈര്‍, പഴയിടത്ത് ഫൈസല്‍, പുന്നക്കല്‍ അജ്മല്‍, അണ്ണാമലപ്പറമ്പില്‍ മുഹമ്മദ് ഷാഫി എന്നിവരെയാണ് പൊലീസ് ജാമ്യത്തില്‍ വിട്ടത്. മര്‍ദിക്കുന്നത് നേരില്‍ കണ്ട സാക്ഷി രംഗത്തുവന്നതോടെയാണ് 325ാം വകുപ്പു പ്രകാരം ആയുധമില്ലാതെ കൈകൊണ്ട് അടിച്ച് പരിക്കേല്‍പിക്കല്‍ എന്ന കേസില്‍ ഒതുക്കി പ്രതികളെ ജാമ്യത്തില്‍ വിട്ടത്. കേസിന്‍െറ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നസീറിന് നീതി ലഭിക്കുന്നതുവരെ നിലകൊള്ളുന്നതിനും 15 അംഗ കൗണ്‍സില്‍ രൂപവത്കരിച്ചു. സംഭവത്തില്‍ ദുര്‍ബലമായ കേസെടുത്ത് പ്രതികളെ ജാമ്യത്തില്‍ വിട്ട പൊലീസ് നടപടിയില്‍ ഈരാറ്റുപേട്ട ടി.ബിയില്‍ കൂടിയ ആക്ഷന്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. തലയോട് പൊട്ടി തലച്ചോറില്‍ രക്തസ്രാവത്തിനു കാരണമായി ഗുരുതര പരിക്കേറ്റ സംഭവത്തില്‍ ആയുധമില്ലാതെ കൈകൊണ്ട് പരിക്കേല്‍പിച്ചു എന്ന പൊലീസിന്‍െറ ഭാഷ്യം ആക്ഷന്‍ കൗണ്‍സില്‍ തള്ളി. ഭരണകൂടത്തിനും പാര്‍ട്ടിക്കുംവേണ്ടി വിടുവേല ചെയ്യുന്ന ഇത്തരം പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി.എം. അബ്ദുല്‍ ഖാദര്‍ അധ്യക്ഷതവഹിച്ചു. അഭിഭാഷകരായ വി.പി. നാസര്‍, താഹിര്‍ പൊന്തനാല്‍ എന്നിവരും ആരിഫ് മാളികേക്കല്‍, ഹുസൈന്‍ കുന്നുംപുറത്ത് എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച കൂടുന്ന യോഗത്തില്‍ ഭാവിപരിപാടികള്‍ തീരുമാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.