അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ ചിറ്റടി ടൗണില്‍ റോഡ് വികസനം

മുണ്ടക്കയം: ചിറ്റടി ടൗണില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അടിക്കടിയുണ്ടാകുന്ന അപകടങ്ങളും യാത്രക്കാര്‍ക്ക് വിനയാകുന്നു. ദേശീയപാതക്ക് വീതി കൂട്ടാനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി റോഡിന് ഇരുവശവും മെറ്റല്‍ പാകിയിരിക്കുകയാണ്. വാഹനങ്ങള്‍ക്ക് റോഡരികിനോട് ചേര്‍ന്നുവരാനാകും എന്നതാണ് സ്ഥിതി. ഇത് കാല്‍നടക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. കാല്‍നടക്കാര്‍ക്കായി പേവിങ് ടൈല്‍സ് പാകി പ്രശ്നം പരിഹരിക്കണമെന്നാണ് ആവശ്യം. ഇടക്കുന്നം ഇഞ്ചിയാനി റൂട്ടിലേക്ക് തിരിയുന്ന പ്രധാന കവലയാണ് ചിറ്റടി. വെയ്റ്റിങ് ഷെഡിന് സമീപം മാസങ്ങള്‍ക്കുമുമ്പ് മുറിച്ചിട്ട പഞ്ഞി മരം മാറ്റിയിട്ടില്ല. മുണ്ടക്കയം ഭാഗത്തേക്ക് പോകേണ്ട യാത്രക്കാര്‍ക്ക് ബസ് കാത്തിരിപ്പുകേന്ദ്രവുമില്ല. മഴപെയ്താല്‍ കടത്തിണ്ണകളാണ് അഭയം. ടൗണിനുസമീപം അപകടങ്ങളും നിത്യസംഭവമാണ്. അര കി.മീ. ചുറ്റളവില്‍ ദേശീയപാതയിലുള്ള നാല് വളവുകളിലാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്. വെള്ളിയാഴ്ച ടാക്സി സ്റ്റാന്‍ഡിന് സമീപത്തെ വളവില്‍ തെറ്റായദിശയില്‍ വന്ന ബസ് അപകടമുണ്ടാക്കി. എതിരെ വന്ന കാര്‍ വെട്ടിച്ച് സമീപത്തെ കടയുടെ മുന്നിലേക്ക് കയറ്റിയതിനാല്‍ അപകടം ഒഴിവായി. ഷാപ്പ് വളവ്, അമ്പലം വളവ്, അട്ടിവളവ് എന്നിവിടങ്ങളാണ് അപകടമുണ്ടാകുന്ന മറ്റുസ്ഥലങ്ങള്‍. അപകട സാധ്യതയേറിയ അട്ടിവളവ് വീതികൂട്ടിയെങ്കിലും അപകടങ്ങള്‍ വര്‍ധിച്ചിരുന്നു. വളവിന് വീതി കൂട്ടിയതോടെ വാഹനങ്ങള്‍ അമിതവേഗത്തിലത്തെുന്നതാണ് അപകടകാരണം. ഇവിടെ ഡിവൈഡറുകളും ക്രാഷ് ബാരിയറുകളും സ്ഥാപിക്കണമെന്ന ആവശ്യത്തിന് ഇനിയും പരിഹാരമായിട്ടില്ല. കോടിക്കണക്കിന് രൂപ ചെലവഴിച്ച് നടത്തുന്ന റോഡ് വികസനം യാത്രക്കാര്‍ക്ക് ഗുണകരമാക്കണമെന്നും അപകടസാധ്യത ഒഴിവാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.