ദേശീയപാത തകര്‍ന്നു: പൊന്‍കുന്നം-മുണ്ടക്കയം പാതയില്‍ ദുരിത യാത്ര

കാഞ്ഞിരപ്പള്ളി: ദേശീയപാത തകര്‍ന്നതോടെ യാത്ര ദുരിതത്തില്‍. പൊന്‍കുന്നം മുതല്‍ മുണ്ടക്കയം വരെ ഭാഗത്താണ് ദേശീയപാതയില്‍ വ്യാപകമായി കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്. ഇതിനുപുറമേ വളവുകളില്‍ മെറ്റിലുകള്‍ ഇളകിക്കിടക്കുന്നതും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. കാഞ്ഞിരപ്പള്ളി ടൗണില്‍ കുരിശുങ്കല്‍ ജങ്ഷന്‍, ബസ് സ്റ്റാന്‍റ് ജങ്ഷന്‍, പേട്ടക്കവല എന്നിവിടങ്ങളിലും വന്‍കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇരുചക്ര വാഹനങ്ങളാണ് ഏറെയും അപകടത്തില്‍പ്പെടുന്നത്. ദൂരെനിന്ന് റോഡിലെ കുഴി വ്യക്തമായി കാണാന്‍ കഴിയാത്തതിനാല്‍ കുഴിയുടെ മുമ്പില്‍ എത്തുമ്പോള്‍ പെട്ടെന്ന് ബ്രേക്ക് ചെയ്യുന്നതു പിന്നാലെയത്തെുന്ന വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നതിനും കാരണമാകുന്നുണ്ട്. കുഴി ഒഴിവാക്കാന്‍ വെട്ടിച്ചുമാറ്റുമ്പോള്‍ റോഡിന്‍െറ നടുവിലെ ഡിവൈഡറുകളില്‍ തട്ടി വാഹനങ്ങള്‍ വീഴുന്നതും പതിവാണ്. ഡിവൈഡറുകള്‍ പലതും വാഹനമിടിച്ച് തകര്‍ന്നനിലയിലാണ്. കാഞ്ഞിരപ്പള്ളി മുതല്‍ മുണ്ടക്കയം വരെയുള്ള ഭാഗത്തെ സ്ഥിതിയും വ്യത്യസ്തമല്ല. പലയിടത്തും കുഴികള്‍ രൂപപ്പെട്ടു. 26ാം മൈലിനും പാറത്തോട് പഞ്ചായത്ത് ഓഫിസ് പടിക്കുമിടെ ടാറിങ് പൊളിഞ്ഞു. ഈഭാഗത്താണ് ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത്. പാറത്തോട് പള്ളിപ്പടിക്ക് സമീപം കലുങ്ക് നിര്‍മാണത്തിനായി ടാറിങ് വെട്ടിപ്പൊളിച്ചെങ്കിലും ഇതിന്‍െറ നിര്‍മാണം കഴിഞ്ഞിട്ടും റീടാര്‍ ചെയ്യാതെ വന്‍ഗര്‍ത്തമായി മാറിയിട്ട് നാളുകളായി. മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ കുഴിയറിയാതെ ഇരുചക്രവാഹനങ്ങള്‍ ഇതില്‍ ചാടുന്നത് പതിവാണ്. പാതയോരങ്ങളിലെ കട്ടിങ്ങുകളും അപകടത്തിന് വഴിയൊരുക്കുകയാണ്. മഴ ശക്തമായി പെയ്യാന്‍ തുടങ്ങിയതോടെ ടാറിങ്ങിന് ഇരുവശങ്ങളിലെയും മണ്ണ് ഒലിച്ചുപോയി വന്‍ കട്ടിങ്ങുകളാണ് രൂപപ്പെട്ടിരിക്കുന്നത്. റോഡിന് ഇരുവശങ്ങളും നില്‍ക്കുന്ന പഴക്കമുള്ള വന്‍ മരങ്ങളും മഴക്കാലത്ത് അപകട ഭീഷണി ഉയര്‍ത്തുകയാണ്. മരം വീണും പല അപകടങ്ങളും ഉണ്ടായി. റോഡിലെ കുഴികള്‍ നികത്താനും അപകട ഭീഷണി ഉയര്‍ത്തിനില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാനും പൊതുമരാമത്ത് വകുപ്പ് വിളിച്ചുചേര്‍ത്ത മഴക്കാലപൂര്‍വ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ തീരുമാനിച്ചിരുന്നു. എം.എല്‍.എമാരും ഉദ്യോഗസ്ഥരും തദ്ദേശഭരണ ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തില്‍ റോഡിലെ വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കുക, ഓടകളും കലുങ്കുകളും വൃത്തിയാക്കി റോഡില്‍നിന്ന് വെള്ളം ഒഴുകിപ്പോകാനുള്ള പ്രവൃത്തി നടത്തുക തുടങ്ങിയ തീരുമാനങ്ങള്‍ എടുത്തിരുന്നുവെങ്കിലും ഒരുമാസം കഴിഞ്ഞിട്ടും ഇതുവരെ നടപ്പാക്കിയിട്ടില്ളെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.