വാഹന പരിശോധനക്ക് സ്പെഷല്‍ ഡ്രൈവ്: നിയമലംഘനത്തിന് കുടുങ്ങിയത് 899 ഇരുചക്രവാഹനങ്ങള്‍

കോട്ടയം: റോഡുകളില്‍ പൊലീസ് നിരന്നതോടെ നിയമലംഘനത്തിന് കുടുങ്ങിയത് 899 ഡ്രൈവര്‍മാര്‍. വ്യാഴാഴ്ച നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ ഇരുചക്ര വാഹനങ്ങള്‍, ബസ്, ട്രിപ്പര്‍ ലോറികള്‍ തുടങ്ങിയവ പരിശോധിച്ചു. ബസുകളുടെ പരിശോധന ചുമതല വനിത പൊലീസുകാര്‍ക്ക് മാത്രമായിരുന്നു. 899 ഇരുചക്രവാഹന ഡ്രൈവര്‍മാര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ 425 പേര്‍ക്കെതിരെ ഹെല്‍മറ്റ് ധരിക്കാത്തതിനും നാലു പേര്‍ക്കെതിരെ അമിതവേഗത്തിനും രണ്ടുപേര്‍ക്കെതിരെ നിയമവിരുദ്ധമായി ഇരുചക്രവാഹനം മോഡിഫിക്കേഷന്‍ നടത്തിയതിനുമാണ് കേസ്. മൂന്നുപേരുമായി ബൈക്കില്‍ സഞ്ചരിച്ചതിനു 12 പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. അനധികൃത പാര്‍ക്കിങ് ഉള്‍പ്പെടെ ചെറിയ കേസുകളാണ് മറ്റുള്ളവക്കെതിരെ ചുമത്തിയിട്ടുള്ളത്. സ്കൂള്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നുണ്ടോയെന്ന് കണ്ടത്തൊന്‍ 164 ഓട്ടോകള്‍ പരിശോധിച്ചു. എന്നാല്‍, ഒരു ഓട്ടോ മാത്രമാണ് കുടുങ്ങിയത്. ഒരാഴ്ചയായി ഇത്തരം ഓട്ടോകളില്‍ പരിശോധന നടത്തിവരികയാണ്. ഇതാണ് നിയമലംഘനം കുറയാന്‍ കാരണമെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ ബസുകളില്‍ നടത്തിയ പരിശോധനയില്‍ അമിതവേഗത്തില്‍ ഓടിച്ച ഒരു ഡ്രൈവറെയും മദ്യപിച്ചു ഓടിച്ച രണ്ടു ഡ്രൈവര്‍മാരെയും പിടികൂടി. സ്ത്രീകളുടെ സീറ്റില്‍ യാത്രചെയ്ത 14 പുരുഷന്മാര്‍ക്കെതിരെയും വികലാംഗരുടെ സീറ്റില്‍ യാത്രചെയ്ത രണ്ടുപേര്‍ക്കെതിരെയും മുതിര്‍ന്ന പൗരന്മാരുടെ സീറ്റില്‍ യാത്രചെയ്ത നാലുപേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. 299 ടിപ്പര്‍ ലോറികള്‍ പരിശോധിച്ചതില്‍നിന്ന് നാലു ക്രിമിനല്‍ കേസുകളും 70 പെറ്റികേസുകളും രജിസ്റ്റര്‍ ചെയ്തു. 687 വാഹനങ്ങളുടെ ഫോട്ടോ എടുത്തതില്‍നിന്ന് 543 പെറ്റിക്കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നോര്‍ പാര്‍ക്കിങ് ഏരിയായില്‍ വാഹനങ്ങള്‍ പാര്‍ക്കുചെയ്തതുമായി ബന്ധപ്പെട്ട് 44 കേസുകളും സീബ്രാ ലൈനില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട് എഴുകേസുകളും എടുത്തിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ച മൂന്നു പേര്‍ക്കെതിരെയും വണ്‍വേ ട്രാഫിക് തെറ്റിച്ച 17പേര്‍ക്കെതിരെയും കേസുകള്‍ എടുത്തതായി പൊലീസ് അറിയിച്ചു. ജില്ലാ പൊലീസ് മേധാവി എന്‍. രാമചന്ദ്രന്‍െറ നിര്‍ദേശപ്രകാരമായിരുന്നു പ്രത്യേക പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.