ആരോരുമറിയാതെ പുഴുവരിച്ചു കിടന്ന 52കാരനെ നാട്ടുകാര്‍ ആശുപത്രിയിലാക്കി

മുണ്ടക്കയം: വീട്ടിനുള്ളില്‍ പുഴുവരിച്ചു കിടന്ന 52കാരനെ നാട്ടുകാര്‍ ആശുപത്രിയിലാക്കി. ആരും തുണയില്ലാതെ പരസഹായത്തിനായി കാത്തിരിക്കുകയാണ് നിര്‍ധനകുടുംബം. 16 വര്‍ഷമായി രോഗശയ്യയില്‍ ആയിരുന്ന ചെളിക്കുഴി പുതുപ്പറമ്പില്‍ ജോസഫിന് (തങ്കച്ചന്‍ -52) ഒടുവില്‍ നാട്ടുകാര്‍ തുണയാകുകയായിരുന്നു. ദേഹമാസകലം വ്രണങ്ങളാല്‍ പുഴുവരിച്ച നിലയില്‍ കിടന്നിരുന്ന ജോസഫിനെ ജില്ലാ പഞ്ചായത്ത് അംഗം കെ. രാജേഷിന്‍െറ നേതൃത്വത്തില്‍ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്നാണ് മുപ്പത്തിയഞ്ചാംമൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാറമടത്തൊഴിലാളിയായിരുന്ന തങ്കച്ചന്‍ 16 വര്‍ഷം മുമ്പ് പക്ഷാഘാതം വന്ന് തളര്‍ന്നു കിടപ്പാകുകയായിരുന്നു. ചികിത്സാ ചെലവും വീട്ടുചെലവും നടത്താന്‍ പെടാപ്പാട് പെടുന്നതിനിടെ പ്രമേഹത്താല്‍ ഭാര്യ അംബിക നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചു. 20 വയസ്സുള്ള മകള്‍ ജ്യോതി ഇതോടെ പിതാവിനെ പരിചരിക്കാനായി പ്ളസ് ടു പഠനം നിര്‍ത്തി. മകന്‍ ജ്യോതിഷ് ഇപ്പോള്‍ പ്ളസ് ടു വിദ്യാര്‍ഥിയാണ്. ബന്ധുക്കള്‍ ഏറെയുണ്ടെങ്കിലും നാട്ടുകാരുടെ സഹായത്താലാണ് ഈ കുടുംബം ഇതുവരെ കഴിഞ്ഞത്. തങ്കച്ചനൊപ്പം ഹൈസ്കൂള്‍ വിദ്യാഭ്യാസം നടത്തിയിരുന്ന നെന്മേനി ശാന്തിഭവനില്‍ സുരേന്ദ്രകുറുപ്പ് വര്‍ഷങ്ങള്‍ക്ക് ശേഷം അന്വേഷിച്ചത്തെിയപ്പോഴാണ് തന്‍െറ സഹപാഠിയുടെ ദുരിതജീവിതം അറിയുന്നത്. ശരീരം തളര്‍ന്നതിനൊപ്പം പ്രമേഹവും പിടിപെട്ടതോടെ തങ്കച്ചന്‍െറ ശരീരം പൊട്ടുകയും വ്രണങ്ങളാകുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സുരേന്ദ്രകുറുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് അംഗം കെ. രാജേഷിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. കടുത്ത പ്രമേഹമാണ് തങ്കച്ചന്‍െറ ശരീരമാസകലം വ്രണമുണ്ടാകാന്‍ കാരണമായത്. വ്രണത്തിലെല്ലാം പുഴുവരിച്ച നിലയിലായതോടെ ദുര്‍ഗന്ധവുമായി. 19കാരിയായ മകളും 17കാരനായ മകനും മാത്രമായിരുന്നു ശുശ്രൂഷക്കുണ്ടായിരുന്നത്. ഇരുവരും ചേര്‍ന്ന് മിക്ക ദിവസവും പിതാവിനെ കുളിപ്പിച്ച് വൃത്തിയാക്കുമായിരുന്നുവെങ്കിലും വ്രണങ്ങളിലെ പുഴുവരിക്കുന്നതിന് എന്തു ചെയ്യണമെന്നറിയില്ലാതെ വിഷമിക്കുകയായിരുന്നു. പരിസരവാസികളോട് എങ്ങനെയിനി ചികിത്സാ സഹായം തേടുമെന്ന ബുദ്ധിമുട്ടിലിരിക്കെയാണ് തങ്കച്ചന്‍െറ സുഹൃത്ത് സുരേന്ദ്രകുറുപ്പ് ദൈവദൂതനെപ്പോലെ സഹപാഠിയെ കാണാനത്തെിയത്. ക്ളാസ് തുടങ്ങി ഒരുമാസമായി ജ്യോതിഷിന് ഇതുവരെ ക്ളാസില്‍ പോകാനായിട്ടില്ല. മിക്ക ദിവസങ്ങളിലും രോഗിയായ തങ്കച്ചനും മക്കളും പട്ടിണിയിലാണ്. വിദഗ്ധ ചികിത്സയിലൂടെ തങ്കച്ചനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ആകുമെന്നാണ് പ്രതീക്ഷ. മകളുടെ മുടങ്ങിപ്പോയ പഠനം പുനരാരംഭിക്കണമെന്നും പ്ളസ് ടു പഠിക്കുന്ന മകന്‍െറ തുടര്‍വിദ്യാഭ്യസം നല്‍കണമെന്നും ഈ പിതാവിന് അതിയായ ആഗ്രഹമുണ്ടെങ്കിലും രോഗാവസ്ഥയില്‍നിന്ന് മോചിതനായാലും ജോലി ചെയ്ത് കുടുംബം പുലര്‍ത്തുക എന്നത് തങ്കച്ചന് സാധ്യമല്ലാതാകും. മുമ്പോട്ടുള്ള ജീവിതം ഈ കുടംബത്തിന് മുന്നില്‍ ചോദ്യച്ചിഹ്നമാകുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.