കോട്ടയം: സര്‍ക്കാറുമായുള്ള ധാരണപ്രകാരം കരാറുകാര്‍ക്കുള്ള കുടിശ്ശിക തുക ബാങ്കുകള്‍ നല്‍കുന്ന ബില്‍ ഡിസ്കൗണ്ട് പദ്ധതി അട്ടിമറിക്കാന്‍ നീക്കമെന്ന് ഗവ. കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍. നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാറിന്‍െറ ഗാരന്‍റിയോടെ കരാറുകാര്‍ സമര്‍പ്പിക്കുന്ന ബില്ലുകളില്‍ ബാങ്കുകള്‍ പണം അനുവദിച്ചുവരുകയായിരുന്നു. ഇത് അവസാനിപ്പിക്കാനാണ് ബാങ്കുകള്‍ ഒരുങ്ങുന്നത്. ആര്‍.ബി.ഐ നിര്‍ദേശമുണ്ടെന്ന കാരണമാണ് ബാങ്കുകള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് കണ്ണമ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബാങ്കുകളുടെ നടപടി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങാനിടയാക്കും. ബാങ്കുകള്‍ക്ക് ഏറ്റവും സുരക്ഷിതമായ വായ്പാ പദ്ധതിയാണ്് കരാറുകാരുടെ ബില്‍ ഡിസ്കൗണ്ടിങ്. ഇതിലൂടെ കരാറുകാര്‍ക്ക് ബാങ്ക് നല്‍കിയ 2,300 കോടി രൂപയില്‍ 300 കോടി രൂപ മാത്രമാണ് സര്‍ക്കാര്‍ ഇനി നല്‍കാനുള്ളത്. അതും കൃത്യമായ തീയതികളില്‍ നല്‍കാനുള്ള ഉത്തരവ് ധനവകുപ്പ് ഇറക്കിക്കഴിഞ്ഞു. ബാങ്ക് നടപടിയിലൂടെയോ അല്ലാതെയോ കുടിശ്ശിക പണം ലഭിക്കാത്ത സാഹചര്യത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥയാണുള്ളത്. 10 ശതമാനം നിരക്കില്‍ പലിശയും കൃത്യമായി മുതലും തിരികെ ലഭിക്കുന്ന പദ്ധതി തുടരാന്‍ വിസമ്മതിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ പറയുന്നു. വന്‍കിടക്കാരുടെ കിട്ടാക്കടം കുമിഞ്ഞുകൂടുന്നതിനിടയിലാണ് ലളിതമായ നടപടിക്രമങ്ങളും തിരിച്ചടവും ഉള്ള പദ്ധതിയില്‍നിന്ന് ബാങ്ക് പിന്മാറുന്നത്. ഇക്കാര്യങ്ങള്‍ രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ഭീമഹരജിയിലൂടെ അറിയിക്കുമെന്നും ഇവര്‍ പറഞ്ഞു. ജില്ലാ പ്രസിഡന്‍റ് റെജി ടി. ചാക്കോ, സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ്, ഷാജി ഇലവത്തില്‍, സലീം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.