കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ വ്യാപക ക്രമക്കേടെന്ന്

കാഞ്ഞിരപ്പള്ളി: ഇടതുമുന്നണി ഭരിക്കുന്ന കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി ആരോപണം. പഞ്ചായത്ത് പ്രസിഡന്‍റിനെ നോക്കുകുത്തിയാക്കി ചില അംഗങ്ങളും ഇടനിലക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പഞ്ചായത്തില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്. നിയമക്കുരുക്കില്‍പെട്ട് കിടക്കുന്ന പ്രശ്നങ്ങള്‍ കൈക്കൂലി നല്‍കിയാല്‍ ദല്ലാളന്മാരുടെ സംഘം നടപ്പാക്കി കൊടുക്കും. വൈകീട്ട് മൂന്ന് മുതലാണ് ക്രമക്കേടുകള്‍ നടത്തുന്നതിനായി ഉപജാപക സംഘം പഞ്ചായത്ത് ഓഫിസില്‍ ഒത്തുചേരുന്നത്. പഞ്ചായത്തിന്‍െറ പ്രവര്‍ത്തന സമയം കഴിഞ്ഞും രാത്രി ഏഴ് വരെ ഇവര്‍ പഞ്ചായത്തില്‍ തങ്ങുകയാണ് പതിവ്. വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ പട്ടിമറ്റത്തെ വീട്ടുടമ മാസങ്ങളായി കെട്ടിട നമ്പര്‍ കിട്ടുന്നതിനായി പഞ്ചായത്തില്‍ കയറി ഇറങ്ങിയിരുന്നു. എന്നാല്‍, ദൂരപരിധി പാലിക്കാതെയാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയതെന്ന് ചൂണ്ടിക്കാണിച്ച് കെട്ടിട നമ്പര്‍ നല്‍കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍, ഇടനിലക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് 20,000 രൂപ കൈക്കൂലി വാങ്ങിയ ശേഷം കെട്ടിട നമ്പര്‍ നല്‍കുകയായിരുന്നുവെന്ന് പറയുന്നു. ഇത്തരത്തില്‍ പല കെട്ടിട നിര്‍മതാക്കളില്‍നിന്ന് സമാനമായ രീതിയില്‍ കൈക്കൂലി വാങ്ങിയതായും ആരോപണമുണ്ട്. തുമ്പമടയില്‍ സ്ഥാപിച്ച ജനമൈത്രി കേന്ദ്രം പണികഴിച്ച കരാറുകാരനില്‍നിന്ന് ബില്ല് പാസാക്കാന്‍ വാര്‍ഡ് അംഗംപോലും അറിയാതെ ദല്ലാള്‍ സംഘവും ഉദ്യോഗസ്ഥരും വലിയ തുകയാണ് കൈക്കൂലി വാങ്ങിയത്. കഴിഞ്ഞ ദിവസം പഞ്ചായത്തിന്‍െറ തടി ലേലം ചെയ്ത സംഭവത്തിലും വന്‍ ക്രമക്കേടാണ് നടന്നത്. 70,000 രൂപയോളം ലഭിക്കുമായിരുന്ന തടി ലേലത്തില്‍ പോയത് 20,000ത്തില്‍ താഴെ രൂപക്ക് മാത്രമാണ്. സംഭവം വിവാദമായതോടെ പഞ്ചായത്ത് സമിതി ലേലം റദ്ദ് ചെയ്യുകയായിരുന്നു. പഞ്ചായത്തിലെ ഓരോ വാര്‍ഡിലും 10 വഴിവിളക്കുകള്‍ വീതം 23 വാര്‍ഡുകളിലേക്ക് 230 ലൈറ്റുകള്‍ വാങ്ങുന്നതിന് പഞ്ചായത്ത് സമിതി തീരുമാനിച്ചു. ഗുണനിലവാരം കുറഞ്ഞ വഴിവിളക്കുകള്‍ വാങ്ങിയതു വഴി വ്യാപക ക്രമക്കേടാണ് ഇവിടെയും നടത്തിയിരിക്കുന്നതെന്നാണ് മുഖ്യ ആരോപണം. ടൗണ്‍ പരിധിയില്‍ മാലിന്യം നീക്കം ചെയ്യുന്ന ട്രാക്ടറിന് ഡീസല്‍ വാങ്ങിയെന്ന പേരില്‍ വന്‍തുകയുടെ ബില്ല് മാറിയ സംഭവും ഉണ്ടായിട്ടുള്ളതായി പറയുന്നു. പഞ്ചായത്തില്‍ നടക്കുന്ന ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനും പരാതി നല്‍കിയതായി സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.