ഈരാറ്റുപേട്ട: നഗരത്തില്‍ പുതുതായി സ്ഥാപിച്ച ഡിവൈഡര്‍ സംവിധാനത്തില്‍ അപാകതകള്‍ ചൂണ്ടിക്കാണിച്ച് വ്യാപാരികളും മുനിസിപ്പാലിറ്റിയും രണ്ടുതട്ടില്‍, ഒടുവില്‍ ഭാഗികമായി പൊളിച്ചുമാറ്റി പ്രശ്നം പരിഹരിച്ചു. കഴിഞ്ഞമാസം നഗരത്തില്‍ റോഡിന്‍െറ നടുഭാഗത്തുകൂടി കോണ്‍ക്രീറ്റ് കട്ടകള്‍കൊണ്ട് ഡിവൈഡര്‍ നിര്‍മിക്കുകയും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്ത വിഷയത്തിലാണ് ആക്ഷേപം. വ്യാപാരികള്‍ എതിര്‍പ്പുമായി രംഗത്തുവന്നത് റോഡിന് മതിയായ വീതിയില്ലാത്തതാണ് ഒരു കാരണം, സെന്‍ട്രല്‍ ജങ്ഷന്‍ മുതല്‍ മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡുവരെയുള്ള ഭാഗത്താണ് ഡിവൈഡര്‍ സ്ഥാപിച്ചത്. ഡിവൈഡറിന് ഇരുവശത്തും ഓരോ വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള വീതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡിവൈഡര്‍ സ്ഥാപിച്ചതിനുശേഷം നഗരത്തിലെ ട്രാഫിക് ബ്ളോക്കിന് ഒരു പരിധിവരെ പരിഹാരമായെങ്കിലും നിരവധി വാഹനങ്ങള്‍ ഡിവൈഡറില്‍ തട്ടി അപകടത്തില്‍ പെട്ടു. അശാസ്ത്രീയമായ നിര്‍മാണം പി.ഡബ്ള്യു.ഡിയോ ബന്ധപ്പെട്ട അധികൃതരുടെയോ അനുമതി ഉണ്ടായിരുന്നില്ല. ഒരേ ദിശയില്‍ രണ്ട് വാഹനങ്ങള്‍ക്ക് കടന്നുപോകാനുള്ള സൗകര്യം റോഡിനുണ്ടെങ്കില്‍ മാത്രമേ ഡിവൈഡര്‍ സ്ഥാപിക്കുന്നതിന് പി.ഡബ്ള്യു.ഡി അനുമതി ലഭിക്കുകയുള്ളൂ. വാഹനങ്ങള്‍ അപകടത്തില്‍പെടുമ്പോള്‍ അടിയന്തരമായി ആംബുലന്‍സ്, മറ്റ് വാഹനങ്ങള്‍ എന്നിക്ക് കടന്നു പോകാനും റോഡിന് വീതി ഉണ്ടങ്കില്‍ മാത്രമേ ഡിവൈഡര്‍ സ്ഥാപിക്കാന്‍ നിയമം അനുവദിക്കുകയുള്ളൂ എന്ന് വ്യാപാരി നേതാക്കള്‍ പറഞ്ഞു. ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ ഡിവൈഡര്‍ നിര്‍മിക്കാന്‍ ധിറുതികാണിച്ചതിലാണ് വ്യാപാരികള്‍ക്ക് എതിര്‍പ്പു വന്നത്. മാത്രമല്ല വേണ്ടത്ര സിഗ്നല്‍ സ്ഥാപിക്കാത്തതു കാരണം രാത്രികാലങ്ങളില്‍ ഡ്രൈവര്‍മാര്‍ക്ക് ഡിവൈഡര്‍ ശ്രദ്ധയില്‍പെടാത്തതും അപകടങ്ങള്‍ക്ക് കാരണമായി. ഇരുചക്ര വാഹനങ്ങളാണ് കൂടുതലായി അപകടത്തില്‍പെടുന്നത്. ഓട്ടോകള്‍ക്ക് പ്രത്യേക സ്റ്റാന്‍ഡുകള്‍ ഇല്ല, റോഡരികിലുള്ള ഓട്ടോ പാര്‍ക്കിങ് കാല്‍നടക്കാരെയും വളരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അതേ സമയം പുതിയ സംവിധാനം താല്‍ക്കാലിക പരീക്ഷണം മാത്രമാണന്നും നഗരത്തില്‍ കറങ്ങിനടക്കുന്ന ഓട്ടോകളും റോഡില്‍ പെട്ടെന്ന് ഓട്ടോകള്‍ തിരിക്കുന്ന രീതിയും ഡിവൈഡര്‍ സ്ഥാപിച്ചതു മൂലം നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടന്നും മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. റഷീദ് പറഞ്ഞു. ജനങ്ങളുടെയും വ്യാപാരികളുടെയും അഭിപ്രായങ്ങള്‍ മാനിച്ച് വേണ്ടത്ര മാറ്റം വരുത്തും. ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല പകരം അവരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് മാത്രമാണ് ഇത്തരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇലക്ട്രിക്, ടെലിഫേണ്‍ പോസ്റ്റുകളും മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടിഎടുക്കും. കാനകള്‍ക്ക് ഉയരം കൂട്ടുന്നതിനും നടപടികള്‍ എടുത്തുവരുകയാണ്. നഗരത്തില്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം പ്രവര്‍ത്തിപ്പിക്കുന്നതിന് അനുമതി ലഭിച്ചിട്ടില്ല. ട്രാഫിക് ഉപദേശക സമിതിയുടെ പരിഷ്കാരങ്ങള്‍ നടപ്പില്‍ വരുത്തുന്നതിന് തുടക്കം കുറിക്കുകയാണ്. അതേസമയം, ഇത്തരം സംവിധാനങ്ങള്‍ വ്യാപാരികളെക്കൂടി പങ്കെടുപ്പിക്കാതെയും ജനപിന്തുയില്ലാതെ മുനിസിപ്പല്‍ ചെയര്‍മാന്‍ സ്വന്തം നിലയിലാണ് നടപ്പില്‍ വരുത്തിയതെന്നും അശാസ്ത്രീയ സംവിധാനങ്ങള്‍ എടുത്തു മാറ്റണമെന്നാവശ്യപ്പെട്ടിരുന്നു എങ്കിലും പ്രവര്‍ത്തിയുമായി മുന്നോട്ടുപോവുകയാണുണ്ടായതെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.