നാഗമ്പടം റെയില്‍വേ മേല്‍പാലം ഉടനൊന്നും നവീകരിക്കില്ല: കലക്ടറുടെ നേതൃത്വത്തില്‍ വീണ്ടും യോഗം വിളിക്കണമെന്ന് കൗണ്‍സില്‍

കോട്ടയം: നാഗമ്പടം റെയില്‍വേ മേല്‍പാലത്തിന്‍െറ നവീകരണത്തെക്കുറിച്ച് ആലോചിക്കാന്‍ വിളിച്ചുചേര്‍ത്ത കോട്ടയം നഗരസഭയുടെ അടിയന്തര കൗണ്‍സില്‍ യോഗം തീരുമാനമില്ലാതെ പിരിഞ്ഞു. നിര്‍മാണത്തിനായി റെയില്‍വേ ആവശ്യപ്പെടുന്ന തുക നഗരസഭക്ക് താങ്ങാനാകില്ളെന്ന് അഭിപ്രായപ്പെട്ട കൗണ്‍സില്‍ കലക്ടറുടെ സാന്നിധ്യത്തില്‍ വീണ്ടും യോഗമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചു. റെയില്‍വേയുടെ ഉടമസ്ഥതയിലുള്ളതാണ് നാഗമ്പടം റെയില്‍വേ മേല്‍പാലം. എന്നാല്‍, പാലംകൊണ്ട് റെയില്‍വേക്ക് കാര്യമായ പ്രയോജനമൊന്നും ഇല്ലാത്തതിനാല്‍ ഇതിന്‍െറ അറ്റകുറ്റപ്പണിക്കുള്ള തുക നഗരസഭ നല്‍കണമെന്ന് റെയില്‍വേ അറിയിക്കുകയായിരുന്നു. നിര്‍മാണച്ചെലവിനത്തില്‍ 15.35 ലക്ഷം രൂപയും മേല്‍നോട്ടച്ചെലവിനത്തില്‍ 13.33 ലക്ഷവും വേണമെന്നാണ് റെയില്‍വേ അധികൃതര്‍ നഗരസഭയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, നിര്‍മാണച്ചെലവ് നല്‍കാമെങ്കിലും മേല്‍നോട്ടച്ചെലവ് റെയില്‍വേ വഹിക്കണമെന്ന് കൗണ്‍സിലില്‍ ആവശ്യപ്പെട്ടു. നിലവില്‍ മേല്‍പാലം അടച്ചിട്ടിരിക്കുന്നത് മൂലം നൂറുകണക്കിനു യാത്രികരെ ബാധിക്കുന്നതായും എത്രയും വേഗം നിര്‍മാണം പൂര്‍ത്തിയാക്കി പാലം തുറന്നുകൊടുക്കണമെന്നും കൗണ്‍സില്‍ യോഗത്തില്‍ ആവശ്യമുയര്‍ന്നു. തുടര്‍ന്നാണ് വിഷയം ചര്‍ച്ച ചെയ്യാന്‍ കലക്ടറുടെ സാന്നിധ്യത്തില്‍ വീണ്ടും യോഗം ചേരണമെന്ന് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചത്. മേല്‍പാലം അറ്റകുറ്റപ്പണിക്ക് അടച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ എ.ഡി.എമ്മാണ് അടിയന്തര നഗരസഭാ കൗണ്‍സില്‍ യോഗം ചേരാന്‍ നിര്‍ദേശിച്ചത്. അപകടക്കെണിയായി മാറിയ മേല്‍പാലം അറ്റകുറ്റപ്പണിക്കായി ശനിയാഴ്ച ഉച്ചയോടെ റെയില്‍വേ അടച്ചിരുന്നു. തകര്‍ച്ച നേരിടുന്ന പാലത്തിലൂടെയുള്ള യാത്ര അപകടത്തിന് കാരണമാകുമെന്നും റെയില്‍വേ ചൂണ്ടിക്കാട്ടി. ഇതിനെതിരെ നഗരസഭ രംഗത്ത് വന്നതോടെ ജില്ലാ ഭരണകൂടം പ്രശ്നപരിഹാരത്തിനായി യോഗം വിളിക്കുകയായിരുന്നു. ചെറിയ അറ്റകുറ്റപ്പണികൊണ്ടു പരിഹരിക്കാവുന്നതല്ല പാലത്തിലെ പ്രശ്നമെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടെ, മുള്ളന്‍കുഴിയിലെ ഫ്ളാറ്റില്‍ താമസിപ്പിക്കുന്നവരെ എത്രയും വേഗം മാറ്റിപാര്‍പ്പിക്കണമെന്ന കലക്ടറുടെ ഉത്തരവ് നടപ്പാക്കണമെന്ന ആവശ്യപ്പെട്ട് ഇടതു അംഗങ്ങള്‍ രംഗത്ത് എത്തിയത് ബഹളത്തിനും ഇടയാക്കി. തുടര്‍ന്ന് പ്രതിപക്ഷം ചെയര്‍പേഴ്സന്‍െറ ചേംബറിനു മുന്നില്‍ കുത്തിയിരിപ്പ് സമരവും നടത്തി. മുള്ളന്‍കുഴി വിഷയം ഇടത് പ്രതിനിധികള്‍ ഉന്നയിച്ചതോടെ അജണ്ടയിലില്ലാത്ത വിഷയം ചര്‍ച്ച ചെയ്യാന്‍ അവതരണാനുമതി നല്‍കരുതെന്ന് ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ഇതോടെ ബഹളമായി. ഇതിനെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം അവസാനിച്ചതായി ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന അറിയിച്ചെങ്കിലും പ്രതിപക്ഷ അംഗങ്ങള്‍ ചെയര്‍പേഴ്സന്‍െറ ചേംബറിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. ഒന്നര മണിക്കൂറോളം കുത്തിയിരിപ്പ് നടത്തിയ ഇവര്‍ പിന്നീട് പിരിഞ്ഞുപോകുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.