പിണറായി സര്‍ക്കാറിന്‍െറ ആദ്യ ബജറ്റ് : കോട്ടയം പുറത്ത്

കോട്ടയം: മന്ത്രി പട്ടികയില്‍ അവഗണിക്കപ്പെട്ടതിന്‍െറ പിന്നാലെ പിണറായി സര്‍ക്കാറിന്‍െറ ആദ്യ ബജറ്റിലും കോട്ടയം പുറത്തുതന്നെ. യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് മുഖ്യമന്ത്രിയും ധനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചീഫ് വിപ്പുമടക്കം കോട്ടയത്തേക്ക് ബജറ്റ് വഴി എത്തിച്ചത് നിരവധി പദ്ധതികളായിരുന്നു. എന്നാല്‍, ഇക്കുറി ജില്ലയിലെ വിവിധ മണ്ഡലങ്ങളിലൊന്നും മികച്ച പദ്ധതികളൊന്നും ഇടം പിടിച്ചതുമില്ല. റബര്‍ വിലസ്ഥിരതാപദ്ധതി തുടരുന്നതിനൊപ്പം 500 കോടി രൂപ അനുവദിക്കാന്‍ തീരുമാനിച്ചതോടെ ജില്ലയിലെ റബര്‍ കര്‍ഷകരെ ഒപ്പം നിര്‍ത്താന്‍ ഇടത് സര്‍ക്കാറിന് കഴിഞ്ഞു. മധ്യ കേരളത്തില്‍ ഏറെ ഗതാതഗക്കുരുക്ക് അനുഭവിക്കുന്ന നഗരമായ കോട്ടയത്തിന്‍െറ വികസനത്തിന് കാര്യമായ പരിഗണനയുണ്ടായില്ല. നഗരത്തിന്‍െറ മുഖച്ഛായ മാറ്റാന്‍ മുന്‍ ധനമന്ത്രി പ്രഖ്യാപിച്ച കോട്ടയം മൊബിലിറ്റി ഹബിനെപറ്റി ഒരു പരാമര്‍ശവും ഉണ്ടായില്ല. പത്ത് നഗരസഭകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ഒരു പാക്കേജ് പ്രഖ്യാപിച്ചതിന് പിന്നാലെ കോട്ടയം നഗരത്തിന് അനുവദിച്ചതാകട്ടെ എക്സൈസ് ടവര്‍ മാത്രം. ജില്ലയിലേക്ക് പ്രാഖ്യാപിച്ച പദ്ധതികളില്‍ പലതും ഏറ്റുമാനൂരിലും വൈക്കവും ഇടക്ക് ചങ്ങനാശേരി മണ്ഡലങ്ങളിലുമായി ഇടം പിടിച്ചു. കാര്‍ഷിക-വ്യവസായ പദ്ധതികളിലും ജില്ല അവഗണിക്കപ്പെട്ടു. ലളിതാംബിക അന്തര്‍ജനത്തിന്‍െറ പേരില്‍ ജില്ലയില്‍ അനുവദിച്ച സാംസ്കാരിക സമുച്ചയവും ഇന്‍ഡോര്‍ സ്റ്റേഡിയവും മുഴുവന്‍ ജില്ലകള്‍ക്കും നല്‍കിയ കൂട്ടത്തില്‍ പരിഗണിക്കപ്പെടുകയായിരുന്നു. നിലവില്‍ നാഗമ്പടത്ത് പണിപൂര്‍ത്തിയായ ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനം കാത്ത് കിടക്കുമ്പോഴാണ് മറ്റൊരു ഇന്‍ഡോര്‍ മള്‍ട്ടിപര്‍പ്പസ് സ്റ്റേഡിയം പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ കായികലോകത്ത് അവ്യക്തത നിലനില്‍ക്കുകയാണ്. 400 കോടി രൂപ നീക്കിവെച്ച ജലഗതാഗത പദ്ധതി ആലപ്പുഴയില്‍നിന്ന് ആരംഭിച്ച് കോട്ടയത്ത് അവസാനിക്കുന്ന തരത്തിലായതിനാല്‍ ജില്ലയുടെ മാത്രം പദ്ധതിയെന്നും പറയാനാകില്ല. 25 കോടി രൂപ അനുവദിച്ച ഈരാറ്റുപേട്ട-വാഗമണ്‍-ഏലപ്പാറ-പീരുമേട് റോഡും രണ്ട് ജില്ലകള്‍ പങ്കിട്ടെടുക്കുന്ന പദ്ധതിയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മിക്ക പദ്ധതികളുടെ തുടര്‍ വികസനത്തിന് ഫണ്ട് അനുവദിക്കാത്തും ജില്ലക്ക് തിരിച്ചടിയാകും. തുടങ്ങിവെച്ച പല പദ്ധതികളും പാതിവഴിയില്‍ അവസാനിക്കുമോ എന്ന ആശങ്കയും ജില്ലക്കുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.