സുന്ദര എരുമേലി: അത്യാധുനിക രൂപരേഖ തയാറായി

എരുമേലി: അടുത്ത ശബരിമല സീസണില്‍ അത്യാധുനിക സൗകര്യങ്ങളോടെ വൃത്തിയുള്ള സുന്ദരനഗരമാക്കി എരുമേലിയെ മാറ്റുന്നതിന് കലക്ടര്‍ യു.വി. ജോസ് മാസ്റ്റര്‍ പ്ളാന്‍ അവതരിപ്പിച്ചു. ഒപ്പം ജലക്ഷാമത്തിനും ജല മലിനീകരണത്തിനും ഉടന്‍ പരിഹാരമായി അരലക്ഷം രൂപവീതം ചെലവിട്ട് മാലിന്യങ്ങള്‍ മാറ്റി ആവശ്യാനുസരണം തടയണ നിര്‍മിക്കാനും കലക്ടര്‍ അനുമതി നല്‍കി. വെള്ളിയാഴ്ച എരുമേലി ദേവസ്വം ഹാളില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ എടുത്തത്. വൃത്തിയുള്ള സുന്ദരനഗരമായി എരുമേലിയെ മാറ്റാന്‍ ഭക്തരുടെയും നാട്ടുകാരുടെയും സൗകര്യാര്‍ഥമാണ് രൂപരേഖ തയാറാക്കിയത്. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ എത്തുന്ന ചരിത്രപ്രസിദ്ധമായ എരുമേലിയില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഒരുക്കുന്ന രൂപരേഖ തയാറാക്കിയത് ചെന്നൈയിലെ രഘുറാം അസോസിയേറ്റ് ഏജന്‍സിയാണ്്. കഴിഞ്ഞ തീര്‍ഥാടനകാലത്ത് സമഗ്ര വികസന പദ്ധതിക്കായി മാസ്റ്റര്‍ പ്ളാന്‍ തയാറാക്കുന്നതിന് ജില്ലാ ഭരണകൂടത്തിന്‍െറ നിര്‍ദേശാനുസരണമാണ് ഏജന്‍സിയെ നിയോഗിച്ചത്. ഏജന്‍സി നടത്തിയ പഠനത്തിനുശേഷം ഗതാഗതം, ഖര-ദ്രവമാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരങ്ങളും ജലസ്രോതസ്സുകളുടെ സംരക്ഷണവും ലക്ഷ്യമിട്ട് തയാറാക്കിയ രൂപരേഖ കലക്ടര്‍ അവതരിപ്പിക്കുകയായിരുന്നു. മാസ്റ്റര്‍ പ്ളാന്‍ വിശദീകരിക്കുന്ന ദൃശ്യചിത്രീകരണവും യോഗത്തിനുശേഷം പ്രദര്‍ശിപ്പിച്ചു. ജനാഭിപ്രായം കണക്കിലെടുത്ത് അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി പദ്ധതി സര്‍ക്കാറിന് സമര്‍പ്പിക്കും. കഴിഞ്ഞ തീര്‍ഥാടനകാലത്തെ ക്രമീകരണങ്ങള്‍ വിലയിരുത്താനും വരുന്ന തീര്‍ഥാടനകാലത്ത് എന്തൊക്കെ കൂടുതല്‍ നടപ്പാക്കണമെന്നും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. പ്ളാസ്റ്റിക് കാരിബാഗുകള്‍ക്ക് പകരം കുറഞ്ഞ ചെലവില്‍ തുണിസഞ്ചികള്‍ വിതരണം ചെയ്യുന്നതിന് പദ്ധതി ആവിഷ്കരിച്ചുവരുകയാണ്. ഇതിന് ജില്ലാ ശുചിത്വമിഷന്‍ നേതൃത്വം നല്‍കുമെന്നും പ്ളാസ്റ്റിക് രഹിത എരുമേലി യാഥാര്‍ഥ്യമാക്കുമെന്നും കലക്ടര്‍ അറിയിച്ചു. മാലിന്യങ്ങള്‍ നിറഞ്ഞ കൊച്ചുതോടും വലിയതോടും ജനകീയ പങ്കാളിത്തത്തോടെ വൃത്തിയാക്കി താല്‍ക്കാലിക തടയണകള്‍ നിര്‍മിച്ച് ശുദ്ധജലം സംഭരിക്കുന്നതിന് കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതിന് അനുയോജ്യമായ സ്ഥലങ്ങള്‍ പഞ്ചായത്ത് തെരഞ്ഞെടുത്ത് ഉടന്‍ അറിയിക്കണം. മാസപൂജക്കായി നടതുറക്കുന്നതോടെ തീര്‍ഥാടകരുടെ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ ഈ കാലത്തും കാനനപാതകളില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിക്കും. ഫയര്‍ സ്റ്റേഷന്‍ സ്ഥാപിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് സ്ഥലം നല്‍കണമെന്ന് അഭ്യര്‍ഥിച്ച് കത്ത് നല്‍കും. മാലിന്യനിര്‍മാര്‍ജനത്തിന് പുതിയ പ്ളാന്‍റ് ഉടന്‍ സ്ഥാപിക്കണമെന്നും ഇതിന് ഫണ്ട് കണ്ടത്തെണമെന്നും കലക്ടര്‍ പഞ്ചായത്ത് അധികൃതരോട് നിര്‍ദേശിച്ചു. തീര്‍ഥാടനകാലത്ത് കാനനപാതയില്‍ ഓക്സിജന്‍ പാര്‍ലറുകള്‍ പ്രവര്‍ത്തിക്കും. ഒപ്പം ഡോക്ടറുടെ സേവനവുമുണ്ടാകും. കനകപ്പലം 110 കെ.വി സബ്സ്റ്റേഷന്‍ എത്രയും വേഗം പൂര്‍ത്തിയാക്കും. ഫയര്‍ സ്റ്റേഷന്‍ ആരംഭിക്കുന്നതിന് ദേവസ്വം ബോര്‍ഡ് സ്ഥലം വിട്ടുനല്‍കുന്നതിന് കത്ത് നല്‍കുമെന്നും കലക്ടര്‍ അറിയിച്ചു. എരുമേലിയുടെ വികസനം സംബന്ധിച്ച് കാര്യങ്ങള്‍ പഠിക്കാനായി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സമുദായ സംഘടനാ പ്രതിനിധികള്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയെയും നിയോഗിക്കും. യോഗത്തില്‍ ശുചിത്വമിഷന്‍ അസി. ഡെവലപ്മെന്‍റ് കമീഷണര്‍ പി.സി. ഷിന്‍േറാ, ആര്‍.ഡി.ഒ സാവിത്രി അന്തര്‍ജനം, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. കൃഷ്ണകുമാര്‍, ഡെപ്യൂട്ടി ദേവസ്വം കമീഷണര്‍ കെ.ആര്‍. മോഹന്‍ലാല്‍, വിവിധ സമുദായ-സംഘടനാ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.