മുറിഞ്ഞപുഴ വനത്തില്‍ 200 ഹെക്ടര്‍ കത്തിനശിച്ചു

പീരുമേട്: എരുമേലി റേഞ്ചില്‍ ഉള്‍പ്പെട്ട മുറിഞ്ഞപുഴ റിസര്‍വ് വനത്തില്‍ കാട്ടുതീ. 200 ഹെക്ടറോളം കത്തിനശിച്ചു. ജനവാസ കേന്ദ്രത്തില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ ഉള്‍വനത്തിലാണ് കാട്ടുതീ. പ്ളാക്കത്തടം ഗിരിവര്‍ഗ കോളനിക്ക് സമീപമുള്ള മുത്തന്‍മല, പന്നിയാര്‍ തീരം എന്നിവിടങ്ങളിലെ മല നിരകളിലാണ് തീപടരുന്നത്. തേക്ക്, ഈട്ടി തുടങ്ങിയ വന്‍മരങ്ങള്‍ നിറഞ്ഞ മലനിരകളിലാണിത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് തുടക്കം. രണ്ടുദിവസമായി ഈ മേഖലകളില്‍ ശക്തമായ കാറ്റ് വീശുന്നതിനാല്‍ ഹെക്ടര്‍ കണക്കിന് വനഭൂമിയാണ് കത്തിനശിക്കുന്നത്. വേട്ടക്കാരാണ് തീ പടര്‍ന്നതിന് പിന്നിലെന്നും പറയപ്പെടുന്നു. മലനിരകളില്‍ തീപടരുമ്പോള്‍ കാട്ടുപോത്ത്, പന്നി, മ്ളാവ്, കേഴ, കുരങ്ങ് തുടങ്ങിയവ പുഴയുടെ തീരങ്ങളില്‍ എത്തും. ഇവയെ വേഗം വേട്ടയാടാന്‍ സാധിക്കുമെന്നും പറയുന്നു. എല്ലാ വര്‍ഷങ്ങളിലും ഇവിടെ തീപിടിക്കാറുണ്ടെങ്കിലും വനം വകുപ്പ് മുന്‍കരുതല്‍ സ്വീകരിക്കാറില്ളെന്ന് ആരോപണമുണ്ട്. മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷനില്‍നിന്ന് ഏഴ് കിലോമീറ്റര്‍ അകലത്തിലാണ് തീപടരുന്നത്. ശബരിമല വനത്തോടുചേര്‍ന്ന വനത്തില്‍ തീപടരുമ്പോള്‍ ഗ്രാമ്പി, പ്ളാക്കത്തടം തുടങ്ങിയ ജനവാസ മേഖലകളിലെ കൃഷി ആന ഉള്‍പ്പെടെ നശിപ്പിക്കുന്നതും പതിവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.