തെരുവുനായ ശല്യത്തിന് പരിഹാരം തേടി ബുള്ളറ്റ് ക്ളബ് മനുഷ്യാവകാശ കമീഷന് മുന്നില്‍

കോട്ടയം: വര്‍ധിച്ചുവരുന്ന തെരുവുനായ ശല്യത്തിന് പരിഹാരം തേടി ചങ്ങനാശേരി ബുള്ളറ്റ് ക്ളബ് സംസ്ഥാന മനുഷ്യാവകാശ കമീഷന് നിവേദനം നല്‍കി. കേരളീയ സമൂഹം നേരിടുന്ന ഏറ്റവും വലിയ സാമൂഹിക വിപത്തായി തെരുവുനായ ശല്യം മാറിക്കഴിഞ്ഞു. കുട്ടികളെ സ്കൂളിലേക്ക് അയക്കാന്‍വരെ മാതാപിതാക്കള്‍ ഭയപ്പെടുന്നു. നായ്ക്കളെ ഭയന്ന് പ്രഭാതസവാരികള്‍ പലരും അവസാനിപ്പിച്ചു. സന്ധ്യ കഴിഞ്ഞാല്‍ തെരുവുനായകള്‍ വീഥികള്‍ കൈയടക്കുന്നതോടെ വീടിനുവെളിയില്‍ ഇറങ്ങാന്‍ പോലും പലര്‍ക്കും ഭയമാണെന്ന് റെസിഡന്‍റ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. ഇതിനേക്കാള്‍ ഗുരുതരമായ ഭീഷണി നേരിടുന്നത് ഇരുചക്ര വാഹന യാത്രക്കാരാണ്. അപ്രതീക്ഷിതമായി റോഡിലേക്ക് ഓടിയിറങ്ങുന്ന തെരുവ്നായകളെ തട്ടി ടൂവീലര്‍ മറിഞ്ഞുവീണ് മരിക്കുകയും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്യുന്ന യാത്രക്കാരുടെ എണ്ണം ഓരോ ദിവസവും കൂടുന്നു. ഇങ്ങനെ നിരവധി പേര്‍ക്ക് അംഗവൈകല്യങ്ങള്‍ സംഭവിക്കുന്നുണ്ട്. ബുള്ളറ്റ് ക്ളബിന്‍െറ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടൂവീലര്‍ അപകടങ്ങളെക്കുറിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ കണക്കുശേഖരണത്തില്‍ ആകെയുള്ളതില്‍ 75 ശതമാനവും തെരുവ് നായകളില്‍ തട്ടിയാണ് അപകടം സംഭവിക്കുന്നതെന്ന് അറിയാന്‍ കഴിഞ്ഞു. ഒരു ടൂവീലര്‍ വിലയ്ക്ക് വാങ്ങുമ്പോള്‍ 3000-5000 രൂപ വരെയാണ് റോഡ് ടാക്സും സെയില്‍ടാക്സും മറ്റുമായി ഗവണ്‍മെന്‍റ് ഈടാക്കുന്നത്. ടൂവീലര്‍ ഉപഭോക്താക്കളില്‍ നിന്നും കോടികള്‍ പിഴിഞ്ഞെടുക്കുന്ന സര്‍ക്കാറിന് ടൂവീലറുകള്‍ക്ക് സുരക്ഷിതമായ യാത്ര ഒരുക്കാനുള്ള ബാധ്യത കൂടിയുണ്ടെന്ന് ക്ളബ് പ്രസിഡന്‍റ് സ്കറിയ ആന്‍റണി നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്ന ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളിയാണ് തെരുവുനായകളോടുള്ള ചിലരുടെ മുതലക്കണ്ണീര്‍ പൊഴിക്കല്‍. മനുഷ്യജീവന് വിലകല്‍പിക്കാതെ തെരുവുനായകള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ മദര്‍തെരേസയെ മാതൃകയാക്കി, അവയെ തെരുവില്‍നിന്ന് അടര്‍ത്തിമാറ്റി സ്വന്തം ചെലവില്‍ സംരക്ഷിക്കുകയാണ് ഉത്തമം. അല്ലാതെ മനുഷ്യജീവന്‍ ബലികൊടുത്ത് കൊണ്ടല്ല നായകളോടുള്ള സ്നേഹം പ്രകടിപ്പിക്കേണ്ടത്. സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ഇക്കാര്യത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.