കഞ്ചാവ് കടത്ത് പാലക്കാട്, കാസര്‍കോട് ജില്ലകളിലൂടെ

തൊടുപുഴ: കേരളത്തിലേക്കുള്ള കഞ്ചാവുകടത്തിന്‍െറ ഇടനാഴിയായി അറിയപ്പെട്ടിരുന്ന ഇടുക്കിയില്‍ പരിശോധന കര്‍ശനമാക്കിയപ്പോള്‍ പാലക്കാട്, കാസര്‍കോട് ജില്ലകള്‍ കേന്ദ്രീകരിച്ച് കഞ്ചാവുകടത്ത് വ്യാപകമായി. ഈമാസം മാത്രം 13 കേസുകളില്‍നിന്ന് 34 കിലോയിലധികം കഞ്ചാവാണ് പാലക്കാട് എക്സൈസ് പിടികൂടിയത്. ഇടുക്കിയിലെ ചെക്പോസ്റ്റുകളിലും അതിര്‍ത്തി കേന്ദ്രീകരിച്ചും പരിശോധന ശക്തമാക്കിയതോടെയാണ് പാലക്കാട്, കാസര്‍കോട് തുടങ്ങിയ ജില്ലകളെ കഞ്ചാവു കടത്തിനുള്ള സുരക്ഷിത മാര്‍ഗമായി ഉപയോഗിക്കുന്നത്. തലച്ചുമടായും കാല്‍നടയായും വാഹനങ്ങളിലുമായി ദിനംപ്രതി വന്‍തോതില്‍ കഞ്ചാവ് തമിഴ്നാട്ടില്‍നിന്ന് ഇടുക്കിയില്‍ എത്തിയിരുന്നു. കഴിഞ്ഞ എട്ടു മാസത്തിനിടെ ഏകദേശം 200 കിലോ കഞ്ചാവ് എക്സൈസ് അധികൃതര്‍ ഇടുക്കിയില്‍ പിടികൂടി. പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ 150ലേറെ പേരെയും 40 വാഹനങ്ങളും പിടികൂടി. പ്രധാന ഊടുവഴിയായ കുമളി ചെക്പോസ്റ്റില്‍ മാത്രം 81 കേസുകളില്‍നിന്നായി 100 കിലോ കഞ്ചാവാണ് പിടിച്ചത്. എക്സൈസ് കനത്ത ജാഗ്രത പുലര്‍ത്തുന്നതാണ് കഞ്ചാവ് മാഫിയ കളംമാറ്റി ചവിട്ടാന്‍ കാരണം. കൂടാതെ, തേനിയില്‍ നാര്‍കോട്ടിക് ഡിവൈ.എസ്.പി നേതൃത്വത്തിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. അടുത്തിടെ കമ്പം പൊലീസും കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെ ഇടുക്കി കേന്ദ്രീകരിച്ചുള്ള കടത്ത് കഞ്ചാവ് മാഫിയക്ക് സാഹസികമായി തീര്‍ന്നെന്ന് ഇടുക്കി എക്സൈസ് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അടുത്തിടെ പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഏഴു കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടിയിരുന്നു. ഇടുക്കിയില്‍ കഞ്ചാവ് കൃഷി ഇല്ലാതായതോടെ തമിഴ്നാട്ടിലെ കമ്പം, തേനി വഴിയാണ് ലഹരിയുടെ ഒഴുക്ക്. ആന്ധ്രയില്‍നിന്നാണ് കൂടുതലും കഞ്ചാവ് എത്തുന്നത്. പരിശോധന കര്‍ക്കശമാക്കിയതോടെ പുതിയ തന്ത്രങ്ങള്‍ മാഫിയ ആവിഷ്കരിക്കുന്നുണ്ട്. ട്രെയിന്‍ വഴി പ്രത്യേകം പാക്ക് ചെയ്തും കഞ്ചാവ് ഗന്ധം പുറത്തറിയാതിരിക്കാന്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശിയുമാണ് രീതി. സംസ്ഥാനത്തുള്ള ഇതര സംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് ഒഴുകുന്നത്. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും വിനോദ സഞ്ചാരികളായി എത്തുന്നവരും ഉപഭോക്താക്കളാണ്. ഒഡിഷയിലും ആന്ധ്രയിലും 1500 രൂപക്ക് ലഭിക്കുന്ന കഞ്ചാവ് കേരളത്തിലത്തെുമ്പോള്‍ 20,000 രൂപക്ക് മുകളിലാകും. ഇതാണ് ചെറുകിട കഞ്ചാവ് വില്‍പനക്കാരെയും ഏജന്‍റുമാരെയും ആകര്‍ഷിക്കുന്നത്. പിടിക്കപ്പെട്ടവര്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയാലും കഞ്ചാവുകടത്ത് തന്നെയാകും തെരഞ്ഞെടുക്കുന്നത്. ജയിലുകളിലെ സമ്പര്‍ക്കം മൂലം തൊഴിലില്‍ കൂടുതല്‍ പ്രാഗല്ഭ്യം നേടിയാകും പിന്നീട് ഇവരുടെ കച്ചവടം. അടുത്തിടെ ആന്ധ്രയില്‍നിന്ന് വന്‍തോതില്‍ കഞ്ചാവു കടത്തിയതായി എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിലും പരിശോധന കര്‍ശനമാക്കി കഞ്ചാവ് മാഫിയയെ തുരത്താനാണ് എക്സൈസ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.