ശതാബ്ദി നിറവില്‍ പ്ളാശനാല്‍ സ്കൂള്‍

ഈരാറ്റുപേട്ട: ഇല്ലായ്മകളുടെ നടുവിലും മികവിന്‍െറ കിരീടവുമായി ജൈത്രയാത്ര തുടരുകയാണ് പ്ളാശനാല്‍ ഗവ. എല്‍.പി സ്കൂള്‍. സര്‍ക്കാര്‍ ഏറ്റെടുത്തതിന്‍െറ നൂറാം വാര്‍ഷികാഘോഷത്തിന്‍െറ തയാറെടുപ്പുകള്‍ തുടരുമ്പോഴും ഇല്ലായ്മകളുടെ നടുവില്‍പെട്ട് നട്ടംതിരികയാണ് ഈ സര്‍ക്കാര്‍ സ്ഥാപനം. 1916ലാണ് സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. തലപ്പലം പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന സ്കൂള്‍ പാലാ ഉപജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ എല്‍.പി സ്കൂളാണ്. മാത്രമല്ല സൗജന്യമായി ഇംഗ്ളീഷ് മീഡിയത്തില്‍ പഠനം നടത്താനുള്ള സൗകര്യവും സ്കൂളിന്‍െറ പ്രത്യേകതയാണ്. പഠനകാര്യങ്ങളില്‍ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും സബ് ജില്ലയില്‍ മികവ് തെളിയിച്ചവരാണ് ഇവിടുള്ള കുരുന്നുകള്‍. സബ്ജില്ല കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയന്‍റ് നേടിയ സര്‍ക്കാര്‍ എല്‍.പി സ്കൂള്‍, ശാസ്ത്രോത്സവത്തിലും പ്രവൃത്തിപരിചയമേളകളിലും സോഷ്യല്‍ സയന്‍സിലും മുമ്പന്തിയിലാണ് ഇവിടുള്ള കൊച്ചുകൂട്ടുകാര്‍. ശിശുദിനത്തോടനുബന്ധിച്ച് നടന്ന ജില്ലാതല ദേശ ഭക്തിഗാനത്തില്‍ എ ഗ്രേഡോടെ ഒന്നാംസ്ഥാനം, അഗ്രിഫെസ്റ്റില്‍ സംസ്ഥാനതലത്തില്‍ നാലാമത്. പി.സി.എം സ്കോളര്‍ഷിപ്പിന് 15പേര്‍ അര്‍ഹരായത് പഠനരംഗത്തെ മികവിന് ഉദാഹരണമാണ്. 220 കുട്ടികളാണ് ഇപ്പോള്‍ ഇവിടെ പഠിക്കുന്നത്. സ്കൂളിന് സ്വന്തമായി ഒരു ബസ് എന്ന കാലങ്ങളായുള്ള മോഹം സര്‍ക്കാര്‍ സ്കൂളുകളോട് സര്‍ക്കാര്‍തന്നെ പുലര്‍ത്തുന്ന അയിത്തം നിമിത്തം സഫലമാകാതെ നിലനില്‍ക്കുന്നു. ശതാബ്ദിയാഘോഷിക്കുന്ന വേളയില്‍ പോരായ്മകള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാനുള്ള ആലോചനയിലാണ് സ്കൂള്‍ അധികൃതര്‍. സ്കൂള്‍ ബസ്, ക്ളാസ് മുറിയുടെ അപര്യാപ്തത, ലൈബ്രറി സൗകര്യം, കമ്പ്യൂട്ടര്‍, സ്കൂള്‍ പരിസരത്ത് കളിസ്ഥലം എന്നിവ അടിയിന്തരമായി ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് തങ്ങളെന്ന് ഹെഡ്മിസ്ട്രസ് കെ.ജി. സുജാതയും പി.ടി.എ പ്രസിഡന്‍റ് കെ.പി. ഷിജോയും പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.