ളാലം തോടിന് സംരക്ഷണഭിത്തി; നടപടി വൈകുന്നു

പാലാ: ളാലം തോടിന് സംരക്ഷണ ഭിത്തി നിര്‍മിച്ച് വീടുകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടി വൈകുന്നതായി ആക്ഷേപം. ളാലം ക്ഷേത്രത്തിന് സമീപമുള്ള വീടുകള്‍ അപകടഭീഷണിയിലായതോടെയാണ് മൈനര്‍ ഇറിഗേഷന്‍ വകുപ്പും ജനപ്രതിനിധികളും തോടിന്‍െറ വശം കെട്ടി സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കിയത്. എന്നാല്‍, അഞ്ചുവര്‍ഷത്തോളമായിട്ടും ഭിത്തി നര്‍മാണം ആരംഭിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. ഇതോടെ ഈ വര്‍ഷകാലത്തും കനത്ത അപകടഭീഷണിയില്‍ കഴിയേണ്ടിവരും ഈ വീട്ടുകാര്‍ക്ക്. വര്‍ഷകാലമാകുന്നതോടെ നിറഞ്ഞൊഴുകുന്ന തോടിന് സമീപമാണ് കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്നത്. നിരന്തരം മണ്ണ് ഇടിയുന്നതുകൊണ്ട് വീടുകളുടെ ഭിത്തിയാണ് ഇപ്പോള്‍ തോടിന്‍െറ അതിരായിരിക്കുന്നത്. ളാലം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കല്ലില്‍ പൊന്നമ്മ ചന്ദ്രന്‍, കിഴക്കേതില്‍ പങ്കജാക്ഷിയമ്മ എന്നിവരുടെ ഉടമസ്ഥതയിലുള്ള വീടുകള്‍ ഉള്‍പ്പെടുന്ന സ്ഥലങ്ങളാണ് അപകട ഭീഷണിയിലായിരിക്കുന്നത്. 2010 ജൂണില്‍ സംരക്ഷണഭിത്തി തകര്‍ന്ന് ഇവിടുത്തെ വീടുകള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. വീടുകളും പുരയിടങ്ങളും ഏതുനിമിഷവും തോട്ടിലേക്ക് നിലംപൊത്തുന്ന സ്ഥിതിയിലാണ്. പാലാ ബൈപ്പാസിന്‍െറ ഭാഗമായി നിര്‍മിച്ച പുതിയ പാലം മുതല്‍ താഴേക്കുള്ള പ്രദേശത്തെ ജനവാസമേഖലയിലാണ് നിരന്തരം തീരമിടിയുന്നത്. കഴിഞ്ഞ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഉണ്ടായ മണ്ണിടിച്ചിലിന്‍െറ തുടര്‍ച്ചയായാണ് ഇപ്പോഴും തീരമടിയുന്നത്. തോട്ടില്‍ വെള്ളമുയര്‍ന്നാല്‍ തീരമിടിഞ്ഞ് വീടുകള്‍ തോട്ടില്‍ പതിക്കുന്ന നിലയിലാണ്. തീരമിടിച്ചിലില്‍ ദുരിതത്തിലായവര്‍ തഹസീല്‍ദാര്‍ക്കും മറ്റും പരാതിയും നിവേദനവും നല്‍കിയിട്ട് നാലുവര്‍ഷത്തോളമായിട്ടും നടപടിയായിരുന്നില്ല. മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നാലുതവണ പരാതി നല്‍കിയതിനെതുടര്‍ന്നാണ് മൈനര്‍ ഇറിഗേഷന്‍ വകുപ്പില്‍നിന്ന് സംരക്ഷണഭിത്തി നിര്‍മിച്ചുനല്‍കാന്‍ അനുമതിയായത്. നിര്‍മാണത്തിനുള്ള അനുമതിയും കരാറും ടെന്‍ഡര്‍ നടപടിയും പൂര്‍ത്തിയായിട്ട് നാളുകളായി. 25 ലക്ഷം രൂപയുടെ അനുമതിയാണ് ലഭിച്ചിരിക്കുന്നത്. 50 മീറ്റര്‍ നീളത്തിലും ഏഴ് മീറ്റര്‍ ഉയരത്തിലുമാണ് സംരക്ഷണഭിത്തി നിര്‍മിക്കുന്നത്. പാലാ ബൈപാസിന്‍െറ ഭാഗമായി പുതിയ പാലം നിര്‍മിക്കുമ്പോള്‍ സമീപപ്രദേശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിച്ചുനല്‍കുന്നതിന് നിഷ്കര്‍ഷിക്കാറുണ്ടെങ്കിലും ഇതും നടപ്പാക്കിയിരുന്നില്ല. പാലത്തിന് 150 മീറ്റര്‍ മാത്രം ദൂരത്തിലാണ് വീടുകള്‍. എന്നാല്‍, ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി വരുകയാണെന്നും ഒരാഴ്ചക്കകം നടപടിയിലേക്ക് കടക്കുമെന്നും തോട്ടിലെ ജലനിരപ്പ് താഴാത്തതാണ് കാലതാമസത്തിന് കാരണമെന്നും അസി. എക്സി. എന്‍ജിനീയര്‍ ബാജി ചന്ദ്രന്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.