ജില്ലാ ആശുപത്രിയിലെ പ്രധാന ശസ്ത്രക്രിയ തിയറ്ററില്‍ അണുബാധ

കോട്ടയം: ജില്ലാ ജനറല്‍ ആശുപത്രിയിലെ പ്രധാന ശസ്ത്രക്രിയ തിയറ്ററില്‍ അണുബാധയുള്ളതായി പരിശോധനയില്‍ കണ്ടത്തെി. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന എയറോബിക് ബാക്ടീരിയകളുടെ സാന്നിധ്യമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൈക്രോ ബയോളജി വിഭാഗം നടത്താറുള്ള പതിവ് പരിശോധനയില്‍ കണ്ടത്തെിയത്. പ്രസവ ശസ്ത്രക്രിയ ഉള്‍പ്പെടെ സുപ്രധാന ശസ്ത്രക്രിയകള്‍ നടക്കുന്ന തിയറ്ററിലാണ് അണുബാധ. ഈ സാഹചര്യത്തില്‍ സൂപ്രണ്ടിന്‍െറ അധ്യക്ഷതയില്‍ ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ കമ്മിറ്റി ചേര്‍ന്നു. ഓപറേഷന്‍ തിയറ്ററിലെ തറയില്‍ ഈര്‍പ്പം കൂടുതലുള്ളതിനാലാണ് ബാക്ടീരിയ സാന്നിധ്യമുണ്ടായതെന്ന് കമ്മിറ്റി വിശദീകരിച്ചു. മൊസൈക് പാകിയ തറയില്‍ വെള്ളം തങ്ങിനില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ തറയും ഭിത്തിയും ടൈല്‍ പാകി തിയറ്റര്‍ നവീകരിക്കാന്‍ യോഗം തീരുമാനമെടുത്തു. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് കത്ത് നല്‍കിയതായി സൂപ്രണ്ട് പറഞ്ഞു. റിപ്പോര്‍ട്ടുവന്ന ശേഷവും പ്രസവം ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ ഇവിടെ നടന്നു. ജനറല്‍ ആശുപത്രിക്ക് നാഷനല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റലിന്‍െറ (എന്‍.എ.ബി.എച്ച്.) അംഗീകാരത്തിന് ശിപാര്‍ശ ചെയ്യാനുളള പരിശോധന നടക്കുന്നതിനിടെയാണ് വിവാദം. അതേസമയം, മൈക്രോ ബയോളജിസ്റ്റ് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് അണുമുക്തമാക്കാന്‍ നടപടി സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.