സ്പെഷല്‍ ഡ്രൈവ് തുടരാന്‍ എക്സൈസ് തീരുമാനം

കോട്ടയം: ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വ്യാപകമായി കഞ്ചാവും മയക്കുമരുന്നും ഒഴുകുന്നതായി എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട്. ഇതിനുപിന്നില്‍ ഇതര സംസ്ഥാന തൊഴിലാളികളാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളും വിനോദസഞ്ചാര മേഖലകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന തകൃതിയാണെന്നും ഇന്‍റലിജന്‍സ് തയാറാക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേതുടര്‍ന്ന് സംസ്ഥാനവ്യാപകമായി കഞ്ചാവ്-മയക്കുമരുന്ന് വേട്ട ശക്തമാക്കാന്‍ ഏക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ ഉദ്യോഗസ്ഥരുടെ മാസാന്ത്യ യോഗത്തില്‍ നിര്‍ദേശം നല്‍കി. പുതുവര്‍ഷ ആഘോഷഭാഗമായി എന്‍ഫോഴ്സ്മെന്‍റ് വിഭാഗം നടത്തുന്ന സ്പെഷല്‍ ഡ്രൈവ് ഏതാനും ദിവസത്തേക്ക് കൂടി തുടരാനും നിര്‍ദേശമുണ്ട്. അടച്ച ബാറുകള്‍ വീണ്ടും തുറക്കേണ്ടതില്ളെന്ന സുപ്രീംകോടതി വിധിയെതുടര്‍ന്ന് കേരളത്തിലേക്ക് വന്‍തോതില്‍ അനധികൃത മദ്യം ഒഴുക്കാന്‍ വ്യാജ മദ്യലോബി ശ്രമിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മയക്കുമരുന്ന് കടത്തും വ്യാപകമാവുന്നതായി അധികൃതര്‍ തന്നെ സമ്മതിക്കുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് 38 കിലോ കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. എറണാകുളത്തുനിന്ന് മാത്രം രണ്ടുമാസം മുമ്പ് പിടിച്ചെടുത്തത് 140 കിലോ കഞ്ചാവും മയക്കുമരുന്നുകളുമാണ്. കോട്ടയം-ഇടുക്കി-വയനാട് ജില്ലകളിലൂടെയാണ് കഞ്ചാവും വിവിധയിനം മയക്കുമരുന്നുകളും കേരളത്തിലേക്ക് ഒഴുകുന്നത്. കടത്തിന് പിന്നില്‍ വിദ്യാര്‍ഥികളെയും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. 20 വയസ്സില്‍ താഴെയുള്ള പത്തോളംപേര്‍ ഇതുവരെ പിടിയിലായി. പുറമെ ഇതര സംസ്ഥാന തൊഴിലാളികളായ 30പേരും അറസ്റ്റിലായിട്ടുണ്ട്. കാമ്പസ് കേന്ദ്രീകരിച്ചുള്ള വില്‍പനക്കാണ് വിദ്യാര്‍ഥികളെ പങ്കാളികളാക്കുന്നത്. സംസ്ഥാനത്തെ പല പ്രമുഖ കോളജുകളിലും മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയെന്നും കാമ്പസുകളില്‍ പൊലീസ് സഹായത്തോടെ രഹസ്യ നിരീക്ഷണം വേണമെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി. അതിര്‍ത്തി ജില്ലകളില്‍നിന്ന് സ്വകാര്യ-കെ.എസ്.ആര്‍.ടി.സി ബസുകളിലും മറ്റുമാണ് വ്യാപകമായി കഞ്ചാവ് എത്തുന്നത്. ഇതിനകം 35ലധികം കേസുകളാണ് ഇടുക്കി ജില്ലയില്‍നിന്ന് മാത്രം പിടിക്കപ്പെട്ടത്. അതിര്‍ത്തി ചെക്പോസ്റ്റുകളിലെ പരിശോധന പലപ്പോഴും പ്രഹസനമാവുകയാണ്. കഞ്ചാവിനൊപ്പം വീര്യംകൂടിയ മയക്കുമരുന്നുകളും ഇതരസംസ്ഥാനങ്ങളില്‍നിന്ന് കേരളത്തില്‍ എത്തുന്നുണ്ട്. നിരോധിത മരുന്നുകളും മയക്കുമരുന്നിന്‍െറ രൂപത്തില്‍ എത്തുന്നതായാണ് എക്സൈസിന്‍െറ കണ്ടത്തെല്‍. മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യനിര്‍മാണവും വാറ്റും വ്യാപകമാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കോട്ടയം-ഇടുക്കി-വയനാട് ജില്ലകളിലാണ് വാറ്റ് വ്യാപകം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.