കോട്ടയം: ജില്ലാ സ്കൂള്‍ കലോത്സവം അഞ്ചു മുതല്‍ എട്ടുവരെ തീയതികളില്‍ കോട്ടയത്ത് നടത്തും. മുഖ്യവേദിയായ എം.ഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കൂടാതെ എം.ടി സെമിനാരി എച്ച്.എസ്.എസ്, ബേക്കര്‍ മെമ്മോറിയല്‍ എച്ച്.എസ്.എസ്, സെന്‍റ് ജോസഫ്സ് എച്ച്.എസ്.എസ്, മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസ്, ഗുഡ് ഷെപ്പേര്‍ഡ് എല്‍.പി.എസ്, ഹോളിഫാമിലി എച്ച്.എസ്.എസ്, വിദ്യാധിരാജ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, എം.ഡി എല്‍.പി.എസ്, സെന്‍റ് ആന്‍സ് എച്ച്.എസ്.എസ് എന്നീ സ്കൂളുകളും വേദിയാകും. തിങ്കളാഴ്ച രാവിലെ 10 മുതല്‍ എം.ഡി എച്ച്.എസ്.എസില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുഖ്യവേദിയായ എം.ഡി.എച്ച്.എസ്.എസില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എ. സന്തോഷ് പതാക ഉയര്‍ത്തും. ഉച്ചക്ക് ഒന്നേമുക്കാലിന് എം.ടി.എച്ച്.എസ്.എസില്‍നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്ര ജില്ലാ പൊലിസ് ചീഫ് എസ്. സതീഷ് ബിനോ ഫ്ളോഗ് ഓഫ് ചെയ്യും. വൈകിട്ട് മൂന്നിന് മുഖ്യവേദിയില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ. പി.ആര്‍. സോന അധ്യക്ഷത വഹിക്കും. സംസ്കൃതോത്സവം മോന്‍സ് ജോസഫ് എം.എല്‍.എയും അറബി കലോത്സവം എന്‍. ജയരാജ് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. കലോത്സവ ലോഗോ പ്രകാശനം സുരേഷ് കുറുപ്പ് എം.എല്‍.എ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, കലക്ടര്‍ യു.വി. ജോസ് എന്നിവര്‍ സംസാരിക്കും. എട്ടിന് സമാപന സമ്മേളനം ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യും. ആന്‍േറാ ആന്‍റണി എം.പി സമ്മാനദാനം നിര്‍വഹിക്കും. ജില്ലയിലെ 13 ഉപജില്ലകളില്‍നിന്നായി 6000 മത്സരാര്‍ഥികളാണ് ഉണ്ടാകുന്നത്. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 307 ഇനങ്ങളില്‍ മത്സരം 10 വേദികളിലായി നടക്കും. 17 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആക്ഷേപങ്ങള്‍ക്കിട നല്‍കാത്ത വിധത്തിലാണ് വിധികര്‍ത്താക്കളെ നിയോഗിക്കുന്നതെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.എ. സന്തോഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ച ജഡ്ജ് പാനലില്‍നിന്നാണ് തെരഞ്ഞെടുക്കുന്നത്. പതിവായി ഒരാള്‍ ഒരേ ഇനത്തില്‍ ജഡ്ജ് ആകുന്നത് ഒഴിവാക്കും. അഞ്ചുപേരടങ്ങിയ പാനല്‍ തയാറാക്കി അവസാനം മൂന്നുപേരെ നിയമിക്കുന്ന രീതിയാണ് നടപ്പാക്കുക. വിദ്യാര്‍ഥികള്‍ തുടക്കത്തില്‍ തന്നെ വൈകിയത്തെുന്നത് ഒഴിവാക്കിയാല്‍ നിശ്ചിത സമയത്ത് തന്നെ മത്സരങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും സംഘാടകര്‍ പറഞ്ഞു. മത്സരഫലം www.ddekottayam.in വൈബ്സൈറ്റില്‍ ലഭിക്കും. വിദ്യാധിരാജ സ്കൂളിന് സമീപത്തെ എന്‍.എസ്.എസ് ഹാളിലാണ് ഭക്ഷണം നല്‍കുന്നത്. ഇത്തവണയും പഴയിടം മോഹനന്‍ നമ്പൂതിരിക്കാണ് സ്വാദിഷ്ടമായ ഭക്ഷണം പാചകം ചെയ്ത് നല്‍കുന്നതിനുള്ള ചുമതല. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഡോ.പി.ആര്‍. സോന, ജില്ലാ പഞ്ചായത്ത് അംഗം അജിത് മുതിരമല, പബ്ളിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ബിജോയ് കരകാലില്‍, റിസപ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സാബുമാത്യു, മൈക്കിള്‍ എന്നിവരും കാര്യങ്ങള്‍ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.